
അകാലത്തിൽ പൊലിഞ്ഞ എഡിറ്റർ നിഷാദ് യൂസഫിനെ ഓർത്ത് സംവിധായകൻ തരുൺ മൂർത്തി. തുടരും സിനിമ എഡിറ്റ് ചെയ്തത് നിഷാദ് ആയിരുന്നു. തങ്ങളുടെ സിനിമ നല്ല രീതിയിൽ പ്രദർശനം തുടരുകയാണെന്നും നിഷാദിന്റെ വർക്കിനെ കുറിച്ച് എല്ലാവരും സംസാരിക്കുന്നുണ്ടെന്നും തരുൺ കുറിക്കുന്നു. ഒപ്പം തുടരുവിൽ നിഷാദ് അഭിനയിച്ച ലൊക്കേഷൻ ഫോട്ടോകളും തരുൺ പങ്കിട്ടിട്ടുണ്ട്.
'സഹോദരാ.. നമ്മുടെ സിനിമ നന്നായി ഓടുന്നുണ്ട്. ആളുകൾ നിന്റെ ജോലിയെക്കുറിച്ച് ധാരാളം സംസാരിക്കുന്നുണ്ട്', എന്നായിരുന്നു തരുൺ മൂർത്തി സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്ത് എത്തിയത്. 'നല്ലൊരു കഴിവുള്ള ശില്പി. വലിയ നഷ്ടം', എന്നാണ് ചിലർ കുറിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നിഷാദ് യൂസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ളാറ്റിൽ വച്ച് മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. ഹരിപ്പാട് സ്വദേശിയായിരുന്ന നിഷാദിന്റെ തല്ലുമാല, ഉണ്ട, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, കങ്കുവ, ബസൂക്ക എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. തല്ലുമാലയിലെ വർക്കിച്ച് 2022ൽ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.
അതേസമയം, മികച്ച പ്രകടനം കാഴ്ചവച്ച് തുടരും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഏപ്രില്‍ 25ന് ആയിരുന്നു മോഹന്‍ലാല്‍ ചിത്രം റിലീസ് ചെയ്തത്. ആദ്യ ഷോ മുതല്‍ മികച്ച പ്രതികരണം നേടിയ ചിത്രം മൗത്ത് പബ്ലിസിറ്റി അടക്കം നേടി 100 കോടി ക്ലബ്ബിലും ഇടംനേടിയിരുന്നു. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട പ്രകാരം 150 കോടി ഇതിനകം തുടരും നേടിയെന്നാണ് വിവരം. ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. ശോഭന നായികയായി എത്തിയ ചിത്രത്തില്‍ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, നന്ദു, ഇർഷാദ്, ആർഷ ചാന്ദിനി ബൈജു, തോമസ് മാത്യു, കൃഷ്ണ പ്രഭ, പ്രകാശ് വർമ്മ, അരവിന്ദ് തുടങ്ങി വലിയ താരനിര അണിനിരന്നിരുന്നു.
2018നെ ചാടിക്കടക്കാൻ ഷൺമുഖൻ; 'ലാലേട്ടനെ വച്ച് ഞാനതും തൂക്കും' എന്ന് ജൂഡ് ആന്റണി
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..