
മലയാളത്തിലെ എക്കാലത്തെയും വിജയ ചിത്രങ്ങളില്‍ ഒന്നാണ് തുടരും. വലിയ പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെ ഏപ്രില്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ഷോകള്‍ക്കിപ്പുറം തന്നെ പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടുകയായിരുന്നു. അന്ന് മുതല്‍ റിലീസിന്‍റെ 27-ാം ദിനമായ ഇന്നലെ വരെ ചിത്രത്തിന് ബോക്സ് ഓഫീസില്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എമ്പുരാന് ശേഷം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി നേടുന്ന മോഹന്‍ലാല്‍ ചിത്രമായി മാറിയ തുടരും പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും മറികടന്നിരുന്നു. റിലീസിന്‍റെ 27-ാം ദിനമായ ഇന്നലെയും ചിത്രം ഒരു ബോക്സ് ഓഫീസ് റെക്കോര്‍ഡ് നേടിയിട്ടുണ്ട്. ഇന്നലെ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനം കൂടി ആയിരുന്നു എന്നതാണ് മറ്റൊരു കൗതുകം.
ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ചിത്രം 27-ാം ദിനമായ ഇന്നലെയും കേരള ബോക്സ് ഓഫീസില്‍ നിന്ന് 1 കോടിയില്‍ അധികം നേടിയിട്ടുണ്ട്. തുടര്‍ച്ചയായ 27 ദിനങ്ങളിലും ഒരു കോടിയോ അതില്‍ അധികമോ കേരള ബോക്സ് ഓഫീസില്‍ നിന്ന് നേടുന്ന ആദ്യ ചിത്രവുമാണ് തുടരും. 2018, ആവേശം എന്നീ ചിത്രങ്ങളെ പിന്നിലാക്കിയാണ് മോഹന്‍ലാല്‍ ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ടൊവിനോ, ഫഹദ് ചിത്രങ്ങള്‍ തുടര്‍ച്ചയായ 26 ദിനങ്ങളാണ് ഈ കളക്ഷന്‍ നേടിയത്. ആടുജീവിതം 22 ദിവസവും മഞ്ഞുമ്മല്‍ ബോയ്സ് 20 ദിനങ്ങളിലും കേരള ബോക്സ് ഓഫീസില്‍ നിന്ന് ഒരു കോടിയില്‍ അധികം നേടിയിരുന്നു. ട്രാക്കര്‍മാരായ സൗത്ത്‍വുഡിന്‍റെ കണക്ക് പ്രകാരമാണ് ഇത്.
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ട് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. കുടുംബപ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച ഘടകമാണ് അത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക