കൊറോണയെന്ന പേരില്‍ അപമാനം നേരിട്ട കുട്ടിയുടെ കത്തിന് മറുപടിക്കൊപ്പം സമ്മാനവും നല്‍കി ടോം ഹാങ്ക്സ്

By Web TeamFirst Published Apr 24, 2020, 2:21 PM IST
Highlights

'' എനിക്ക് എന്‍റെ പേര് ഇഷ്ടമാണ്. പക്ഷേ സ്കൂളില്‍ എല്ലാവരും എന്നെ കൊറോണ വൈറസ് എന്ന് വിളിക്കുന്നു. ഇത് കേള്‍ക്കുമ്പോള്‍ എനിക്ക് സങ്കടവും ദേഷ്യവും വരും. ''

സി‍ഡ്‍നി: ഓസ്ട്രേലിയയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു നടന്‍ ടോം ഹാങ്ക്സ്. ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ രോഗം ഭേദമായി ഇരുവരും ആശുപത്രി വിട്ടു. കഴിഞ്ഞ‌ ദിവസം കൊവിഡ് രോഗം ഭേദമായ ഹാങ്ക്സിനോട് ക്ഷേമാന്വേഷണം നടത്തിക്കൊണ്ടുള്ള ഒരു കുട്ടിയുടെ മെയില്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു.

എട്ട് വയസ്സുള്ള കൊറോണ ഡി വ്രൈസിന്‍റേതായിരുന്നു ആ ഇ-മെയില്‍. ''താങ്കള്‍ക്കും ഭാര്യക്കും കൊവിഡ് 19 ബാധിച്ചതായുള്ള വാര്‍ത്ത ഞാന്‍ കേട്ടു. നിങ്ങള്‍ ഇപ്പോള്‍ സുഖം പ്രാപിച്ചില്ലേ...? '' കുട്ടി ചോദിച്ചു. '' എനിക്ക് എന്‍റെ പേര് ഇഷ്ടമാണ്. പക്ഷേ സ്കൂളില്‍ എല്ലാവരും എന്നെ കൊറോണ വൈറസ് എന്ന് വിളിക്കുന്നു. ഇത് കേള്‍ക്കുമ്പോള്‍ എനിക്ക് സങ്കടവും ദേഷ്യവും വരും. '' അവന്‍ മെയിലില്‍ കൂട്ടിച്ചേര്‍ത്തു. 

ഈ മെയിലിന് വളരെ ഹൃദ്യമായ മറുപടിയാണ് ടോം ഹാങ്ക്സ് നല്‍കിയത്. കുട്ടിയെ അനുമോദിച്ചുകൊണ്ടാണ് അദ്ദേഹം മറുപടി നല്‍കിയത്. നിന്‍റെ കത്ത് എന്നെയും ഭാര്യയെയും വളരെ അധികം അത്ഭുതപ്പെടുത്തി'' അദ്ദേഹം കുറിച്ചു. മാത്രമല്ല, ഓസ്ട്രേലിയയില്‍ നിന്ന് അദ്ദേഹം വാങ്ങിയ കൊറോണ - ബ്രാന്‍റഡ് ടൈപ്പ് റൈറ്ററും അദ്ദേഹം ആ കുഞ്ഞിന് നല്‍കി. ''ഈ ടൈപ്പ് റൈറ്റര്‍ നിനക്ക് യോചിക്കുമെന്ന് തോനുന്നു. മുതിര്‍ന്ന ഒരാളോട് ചോദിക്കൂ ഇതെങ്ങനെയുണ്ടെന്ന്.  എനിക്ക് മറുപടി എഴുതാന്‍ ഇത് ഉപയോഗിക്കൂ.'' ടോം ഹാങ്ക്സ് അവനായി എഴുതി.

click me!