
അതൊക്കെ ഒരു പെണ്ണിന് ചെയ്യാന്‍ കഴിയുമോ എന്ന് മുന്‍പ് ചോദ്യമുയര്‍ന്നിരുന്ന നിരവധി തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ ഇന്ന് പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. തങ്ങളില്‍പ്പെട്ടവര്‍ കടന്നുചെല്ലാന്‍ മടിച്ചിരുന്ന ചില രംഗങ്ങളിലേക്ക് ധൈര്യപൂര്‍വ്വം കടന്നുചെന്ന് നിരവധി പേര്‍ക്ക് പ്രചോദനമായ നിരവധി സ്ത്രീകളുണ്ട്. അതിലൊരാളായ സുജയുടെ ജീവിതം പറയുന്ന ഡോക്യുമെന്‍ററിയാണ് ടോപ്പ് ഗിയര്‍. തിരുവനന്തപുരം സ്വദേശിയായ സുജ കോട്ടണ്‍ഹില്‍ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബസ് ഡ്രൈവര്‍ ആയ സുജയുടെ അധ്വാനം അവിടംകൊണ്ട് നില്‍ക്കുന്നില്ല. ഇടയ്ക്ക് മുറിഞ്ഞുപോയ പഠനം തുടരുന്നതിന്‍റേതായ ശ്രമങ്ങള്‍ക്കൊപ്പം ഭര്‍ത്താവിന്‍റെ ബിസിനസില്‍ സഹായിക്കുന്നുമുണ്ട്. തിരുവനന്തപുരത്ത് നടന്നുവരുന്ന അന്താരാഷ്ട്ര ഡോക്യുമെന്‍ററി, ഹ്രസ്വചിത്രോത്സവത്തില്‍ ടോപ്പ് ഗിയര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 8-ാം തീയതി രാവിലെ 11.15 ന് ശ്രീ തിയറ്ററിലാണ് ഡോക്യുമെന്‍ററിയുടെ ഒരേയൊരു പ്രദര്‍ശനം.
ഡ്രൈവിംഗിനോട് ചെറുപ്പത്തിലേ താല്‍പര്യമുണ്ടായിരുന്ന സുജയ്ക്ക് 21 വയസ് ആവുമ്പോള്‍ വലിയ വാഹനങ്ങള്‍ ഓടിക്കാനുള്ള ഹെവി ലൈസന്‍സ് സ്വന്തമാക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥി ആയിരുന്ന സമയത്ത്, 19-ാം വയസില്‍ വിവാഹം നടന്നു. വിവാഹം കഴിക്കാന്‍ പോകുന്നയാളോട് ഒരു ഡിമാന്‍ഡേ സുജ പറഞ്ഞുള്ളൂ. ഹെവി ലൈസന്‍സ് എടുക്കാന്‍ സമ്മതിക്കുകയാണെങ്കില്‍ താന്‍ കല്യാണത്തിനും സമ്മതിക്കാം. നിന്‍റെ ആഗ്രഹത്തിന് എതിര് നില്‍ക്കില്ലെന്ന് അല്‍ഫോന്‍സ് പറഞ്ഞതോടെ ആ വിവാഹം നടന്നു. പക്ഷേ പഠനം അവിടെ മുടങ്ങിപ്പോയി. 21-ാം വയസില്‍ എടുക്കണമെന്ന് ആഗ്രഹിച്ച ഹെവി ലൈസന്‍സ് 28-ാം വയസിലാണ് സുജയ്ക്ക് സ്വന്തമാക്കാനായത്.
ഇന്ന് കോട്ടണ്‍ഹില്ലിലെ എട്ടാം നമ്പര്‍ ബസ് വിദ്യാര്‍ഥികളുടെ പ്രിയ ബസ് ആണ്. ഡ്രൈവിംഗ് സീറ്റിലെ ആളാണ് അതിന് കാരണം. കുട്ടികളെ സ്വന്തം മക്കളെപ്പോലെ കരുതുന്ന സുജയുടെ ബസില്‍ യാത്രയാക്കുമ്പോള്‍ രക്ഷിതാക്കള്‍ക്കും സമാധാനം. മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിംഗ് അക്കാദമിയിലെ വിദ്യാര്‍ഥിയായ സുജ ഓണ്‍ലൈന്‍ ആയി ഹ്യൂമന്‍ സൈക്കോളജിയില്‍ ഡിപ്ലോമയും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പഠനം പുനരാരംഭിച്ചതിന്‍റെ ആവേശത്തിലാണ് അവര്‍. കാര്യവട്ടത്ത് ഡിസ്റ്റന്‍സ് ആയി ബിരുദം പൂര്‍ത്തിയാക്കുകയാണ് അടുത്ത ലക്ഷ്യം. സുജയുടെ വേറിട്ട പോരാട്ടങ്ങളുടെ കഥ പറയുന്ന ടോപ്പ് ഗിയര്‍ നിര്‍മ്മിച്ചിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ആണ്. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവായ ഷഫീഖാന്‍ എസ് സംവിധാനവും എഡിറ്റിംഗും സൌണ്ട് ഡിസൈനും നിര്‍വ്വഹിച്ചിരിക്കുന്ന ഡോക്യുമെന്‍ററിയുടെ ഛായാഗ്രഹണം രാജീവ് സോമശേഖരന്‍ ആണ്. ഗ്രാഫിക്സ് പ്രമോദ് കെ ടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക