'തല്ലുമാല'യ്ക്കു ശേഷം വീണ്ടും ആക്ഷന്‍ ചിത്രവുമായി ടൊവിനോ; 'ഐഡന്‍റിറ്റി' പ്രഖ്യാപിച്ചു

Published : Aug 13, 2022, 05:12 PM IST
'തല്ലുമാല'യ്ക്കു ശേഷം വീണ്ടും ആക്ഷന്‍ ചിത്രവുമായി ടൊവിനോ; 'ഐഡന്‍റിറ്റി' പ്രഖ്യാപിച്ചു

Synopsis

തല്ലുമാല ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണെങ്കില്‍ പുതിയ ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്

തല്ലുമാല തിയറ്ററുകളില്‍ വന്‍ പ്രേക്ഷക പ്രതികരണവുമായി മുന്നോട്ടുപോകുമ്പോള്‍ ആക്ഷന് പ്രധാന്യമുള്ള അടുത്ത ചിത്രം പ്രഖ്യാപിച്ച് ടൊവിനോ തോമസ്. തല്ലുമാല ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണെങ്കില്‍ പുതിയ ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഐഡന്‍റിറ്റി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം ടൊവിനോ തന്നെ നായകനായ ഫോറന്‍സിക്കിന്‍റെ ഇരട്ട സംവിധായകര്‍ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ്. 

സംവിധായകരുടേത് തന്നെയാണ് രചനയും. മഡോണ സെബാസ്റ്റ്യന്‍ ആണ് നായിക. രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്ലിയത്ത് ആണ് നിര്‍മ്മാണം. സെഞ്ചുറി കൊച്ചുമോന്‍ നിര്‍മ്മാണ പങ്കാളിയാണ്. ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലര്‍ എന്ന് ടൊവിനോ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രം 2023ല്‍ ചിത്രീകരണം ആരംഭിക്കും.

സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ഫോറന്‍സിക്, ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമാക്കി മലയാളത്തില്‍ എത്തിയ ആദ്യ ചിത്രവും ആയിരുന്നു. സയന്‍സ് ഓഫ് ക്രൈം എന്നായിരുന്നു ചിത്രത്തിന്‍റെ ടാഗ്‍ലൈന്‍. 2020 ഫെബ്രുവരി 28ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആയിരുന്നു നായിക. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റേബ മോണിക്ക ജോണ്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

അതേസമയം മികച്ച വാരാന്ത്യ കളക്ഷന്‍ പ്രതീക്ഷയില്‍ ഹൌസ്ഫുള്‍ പ്രദര്‍ശനങ്ങളുമായി മുന്നേറുകയാണ് തല്ലുമാല. ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത ചിത്രത്തിന് സമീപകാലത്ത് ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച പ്രീ റിലീസ് ബുക്കിംഗ് ആണ് ലഭിച്ചത്. വന്‍ സ്ക്രീന്‍ കൌണ്ടും ആയിരുന്നു ചിത്രത്തിന്. കേരളത്തില്‍ മാത്രം 231 സെന്‍ററുകളിലാണ് ചിത്രം എത്തിയത്. കൂടാതെ യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസുമാണ് ചിത്രം. ഇന്ത്യ മുഴുവനും ഇന്നലെ തന്നെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് തമിഴ്നാട്ടിലും കര്‍ണാടകത്തിലും മികച്ച തിയറ്റര്‍ കൌണ്ട് ഉണ്ട്.

ALSO READ : മതവികാരം വ്രണപ്പെടുത്തി; ആമിർ ഖാനെതിരെ പൊലീസിൽ പരാതി

PREV
Read more Articles on
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം