
ഇന്ന് മലയാളക്കരയുടെ ചർച്ചാ വിഷയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്(Tovino Thomas) ചിത്രം മിന്നൽ മുരളി(Minnal Murali). ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിലൂടെ പാൻഇന്ത്യൻ സ്റ്റാറായും ടൊവിനോ തോമസ് മാറിക്കഴിഞ്ഞു. താരത്തിന്റെ അശ്രാന്ത പരിശ്രമമാണ് ഈ വിജയത്തിന് പിന്നിൽ എന്ന് നിസംശയം പറയാനാകും. ഈ അവസരത്തിൽ ടൊവിനോ പങ്കുവച്ച പഴയൊരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
2011 ജൂണിൽ ടൊവിനോ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ‘ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.’, എന്നായിരുന്നു ടൊവിനോ കുറിച്ചിരുന്നത്. രണ്ടു വർഷം മുമ്പും ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘പ്രഭുവിന്റെ മക്കള്‍’ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ തോമസ് ബിഗ് സ്ക്രീൽ എത്തുന്നത്. പിന്നീട് ഗപ്പി, ഒരു മെക്സിക്കന്‍ അപാരത, തരംഗം, ഗോദ, മായാനദി, തീവണ്ടി തുടങ്ങി നിരവധി ചിത്രങ്ങൾ താരത്തിന്റേതായി പുറത്തിറങ്ങി. ടൊവിനോയ്ക്ക് മലയാള സിനിമയിൽ തന്റേതായൊരിടം സ്വന്തമാക്കാൻ കാരണവും ഈ ചിത്രങ്ങൾ തന്നെയാണ്. ‘മാരി 2’ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും ടൊവിനോ തിളങ്ങി. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നാരദൻ’ ആണ് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ