ടൊവിനോയുടെ 'ഡിയര്‍ ഫ്രണ്ടി'ന് നേട്ടം; ധാക്ക ചലച്ചിത്രോത്സവത്തിലെ ഒഫിഷ്യല്‍ സെലക്ഷന്‍

Published : Oct 27, 2022, 08:29 AM IST
ടൊവിനോയുടെ 'ഡിയര്‍ ഫ്രണ്ടി'ന് നേട്ടം; ധാക്ക ചലച്ചിത്രോത്സവത്തിലെ ഒഫിഷ്യല്‍ സെലക്ഷന്‍

Synopsis

ഈ വര്‍ഷം ടൊവിനോയുടെ രണ്ടാമത്തെ തിയറ്റര്‍ റിലീസ്

തിയറ്റര്‍ റിലീസ് സമയത്ത് പരാജയപ്പെട്ട പല ചിത്രങ്ങളും പില്‍ക്കാലത്ത് മറ്റു പ്ലാറ്റ്ഫോമുകളിലൂടെ എത്തുമ്പോള്‍ വലിയ പ്രേക്ഷകപ്രീതി നേടാറുണ്ട്. പണ്ടുകാലത്ത് ടെലിവിഷന്‍, ഡിവിഡി റിലീസ് സമയത്താണ് ഇത്തരത്തില്‍ പല ചിത്രങ്ങളും തിരിച്ചറിയപ്പെട്ടതെങ്കില്‍ ഇപ്പോള്‍ ഒടിടി റിലീസിലൂടെയാണ് അത് സംഭവിക്കാറ്. സമീപകാല മലയാള സിനിമയില്‍ അതിന്‍റെ ഉദാഹരണമായിരുന്നു ടൊവിനോ തോമസിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്‍ത ഡിയര്‍ ഫ്രണ്ട് എന്ന ചിത്രം. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച മറ്റൊരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് വിനീത് കുമാര്‍. ചിത്രം 21-ാമത് ധാക്ക അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നതാണ് അത്. 

ഈ വര്‍ഷം ടൊവിനോയുടെ രണ്ടാമത്തെ തിയറ്റര്‍ റിലീസ് ആയിരുന്നു ജൂണ്‍ 10 ന് തിയറ്ററുകളില്‍ എത്തിയ ഡിയര്‍ ഫ്രണ്ട്. ദര്‍ശന രാജേന്ദ്രൻ, അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അർജുന്‍ രാധാകൃഷ്ണൻ, സഞ്ജന നടരാജൻ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അയാള്‍ ഞാനല്ല എന്ന ചിത്രത്തിനു ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എന്നാല്‍ തിയറ്ററുകളില്‍ മോശം പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ ദിനങ്ങളില്‍ത്തന്നെ പല തിയറ്ററുകളിലും പ്രദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടിവന്നു. എന്നാല്‍ ജൂലൈ 10 ന് നെറ്റ്ഫ്ലിക്സിലൂടെ എത്തിയതോടെ സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ ചിത്രം നിറഞ്ഞുനിന്നു.

ALSO READ : യുകെയില്‍ മൂന്നാം വാരം തിയറ്ററുകള്‍ വര്‍ധിപ്പിച്ച് 'റോഷാക്ക്'; മലയാള സിനിമയില്‍ ഇത് അപൂര്‍വ്വത

അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് എന്നി ബാനറുകളിൽ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് ദീപു ജോസഫ്. സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്.

PREV
Read more Articles on
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ