
ദില്ലി: തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. മണിരത്നം തന്‍റെ സ്വപ്‍ന പ്രോജക്റ്റ് എന്നു വിശേഷിപ്പിച്ചിരുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം 2022 സെപ്റ്റംബര്‍ 30 നാണ് തിയറ്ററുകളില്‍ എത്തിയത്. അന്നു മുതല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ആരംഭിച്ചതാണ് രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്. ഏപ്രില്‍ 28 നാണ് പൊന്നിയിന്‍ സെല്‍വന്‍ 2 ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക. പ്രീ-റിലീസ് ഹൈപ്പ് കൂട്ടിക്കൊണ്ട് രാജ്യം മൊത്തം പ്രമോഷന്‍ പരിപാടിയിലാണ് അണിയറക്കാര്‍.
ദില്ലിയില്‍ ഇത്തരത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതാണ് ചിത്രത്തിലെ താരങ്ങളായ ജയം രവിയും, തൃഷയും. തങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ടിലെ വെരിഫിക്കേഷന്‍ ബ്ലൂടിക്ക് നഷ്ടമായ സംഭവമാണ് വിശദീകരിച്ചത്. സിനിമയുടെ പ്രമോഷന് വേണ്ടി തങ്ങളുടെ പൊന്നിയിന്‍ സെല്‍വന്‍ 2വിലെ കഥാപാത്രങ്ങളുടെ പേരില്‍ ട്വിറ്റര്‍ അക്കൌണ്ട് പേര് മാറ്റിയതോടെയാണ് താരങ്ങളുടെ ബ്ലൂടിക്ക് പോയത്.
"സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഞങ്ങൾ എല്ലാവരും ഞങ്ങളുടെ ട്വിറ്ററിലെ പേരുകൾ മാറ്റേണ്ടതായിരുന്നു. രവിയും ഞാനും ആദ്യം തന്നെ പേര് മാറ്റി. അതോടെ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടു. ഇതിന് പിന്നിലെ കാരണം ഞങ്ങൾക്ക് അറിയില്ല, പക്ഷേ ടീം അത് വീണ്ടും നേരയാക്കാനുള്ള ശ്രമത്തിലാണ്” - തൃഷ ദില്ലിയിലെ ചടങ്ങില്‍ പറഞ്ഞു. "ഞങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ ക്യാരക്ടര്‍ വെരിഫിക്കേഷനിലാണ്, പിന്നീട് ഞങ്ങള്‍ പേരുകളുടെ വെരിഫിക്കേഷനിലേക്ക് വരും" - ഇതിനോട് രസകരമായി ജയം രവി പ്രതികരിച്ചു.
“ഞങ്ങൾ പേരുകൾ മാറ്റി വീണ്ടും ബ്ലൂടിക്ക് വാങ്ങാന്‍ നോക്കിയിരുന്നു. ഇന്ന് രാവിലെയും ഞങ്ങൾ അത് ചെയ്യാൻ ശ്രമിച്ചു. ഞങ്ങൾ പേരുകൾ മാറ്റിയതിനാൽ സംശയാസ്പദമായ പ്രവർത്തനമാണെന്നാണ് ട്വിറ്റര്‍ പറയുന്നത്" - തൃഷ കൂട്ടിച്ചേര്‍ത്തു.
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. വൻതാരനിര അണിനിരന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. രണ്ടാം ഭാഗവും ഇത്രയും ഭാഷകളിൽ തന്നെ റിലീസ് ചെയ്യും. രണ്ടാം ഭാഗത്തിലാണ് ചിത്രത്തിന്‍റെ യഥാർത്ഥ കഥ പറയാനിരിക്കുന്നതെന്നാണ് വിവരം. പിഎസ്-1 കേരളത്തിൽ പ്രദർശനത്തിന് എത്തിച്ച ഗോകുലം മൂവീസ് തന്നെയാണ് പിഎസ്-2 ൻ്റെയും കേരളത്തിലെ വിതരണക്കാർ.
എആര്‍ റഹ്മാന്‍ പാടി അഭിനയിച്ച 'പിഎസ് 2' ആന്തം സോംഗ് പുറത്തിറങ്ങി
'വീര രാജ വീര', 'പൊന്നിയിൻ സെല്‍വൻ' ഗാനത്തിന്റെ ഗ്ലിംപ്‍സ് പുറത്ത്