
കൊച്ചി: മലയാളത്തില്‍ നൂറുകോടി കളക്ഷന്‍ പുതുമയല്ലാത്ത വര്‍ഷമാണ് ഇപ്പോള്‍. നാല് മാസത്തിനുള്ളില്‍ നാല് നൂറുകോടി ഹിറ്റുകളാണ് മലയാളത്തില്‍. ഇതിന് പുറമേ അണിയറയില്‍ ഒരുങ്ങുന്നതും വന്‍ ചിത്രങ്ങളാണ്. അതില്‍ പ്രധാനപ്പെട്ട ചിത്രമാണ് ടര്‍ബോ. മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രത്തിന്റെ റിലീസ് ഡേറ്റ് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മെയ് 23നാണ് ചിത്രം റിലീസ് ചെയ്യനിരിക്കുന്നത്. നേരത്തെ ചിത്രത്തിന്‍റെ റിലീസ് ദിനമായി പ്രഖ്യാപിച്ചിരുന്നത് ജൂൺ 13 ആയിരുന്നു. എന്നാല്‍ ഇത് പിന്നീട് ഇരുപത് ദിവസം മുന്നിലേക്ക് എത്തിയിരിക്കുകയാണ്.
ഈ ഡേറ്റ് തിരഞ്ഞെടുത്തതിന് ടര്‍ബോ അണിയറക്കാര്‍ക്ക് വ്യക്തമായ കാരണമുണ്ടെന്നാണ് സിനിമ ട്രാക്കര്‍മാര്‍ അടക്കം പറയുന്നത്. മെയ് അവസാനം ചിത്രത്തിന് ഫ്രീ റണ്‍ ലഭിക്കും. കാരണം വലിയ റിലീസുകള്‍ ഒന്നും ഈ അവസരത്തില്‍ ഇല്ല എന്നത് ടര്‍ബോയ്ക്ക് അനുകൂല ഘടകമാണ്.
നേരത്തെ പ്രഖ്യാപിച്ച ഡേറ്റ് ആണെങ്കില്‍ തമിഴില്‍ അടക്കം പാന്‍ ഇന്ത്യന്‍ ചിത്രങ്ങളാണ് എത്തുന്നത്. ഇന്ത്യന്‍ 2, പ്രഭാസിന്‍റെ കല്‍കി തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് ജൂണ്‍ മാസത്തിലാണ്. അതിനാല്‍ അത്തരം ക്ലാഷുകള്‍ ഇല്ലാതെ ഫ്രീ റണ്‍ ലഭിക്കുക എന്നതാണ് ടര്‍ബോ ഉദ്ദേശിക്കുന്നത്.
പടം നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ കൂട്ടത്തോടെ തീയറ്ററില്‍ എത്തുന്ന സവിശേഷമായ ഒരു അവസ്ഥയിലാണ് ഇപ്പോള്‍ മലയാള സിനിമ ലോകം എന്നതാണ് സമീപകാല അനുഭവം. ഒപ്പം തന്നെ തമിഴ്നാട്ടിലും മറ്റ് ഇന്ത്യന്‍ ടൗണുകളിലും. വിദേശത്തും മലയാള സിനിമയ്ക്ക് ആരാധകരുണ്ട്. വന്‍ പടങ്ങളുമായി ക്ലാഷ് റിലീസ് ചെയ്താന്‍ ഇത്തരം വിപണികളില്‍ റിലീസ് സെന്‍ററുകള്‍ ലഭിക്കാതിരിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ടര്‍ബോ റിലീസ് നേരത്തെയാക്കിയത് എന്നും സൂചനയുണ്ട്.
ഇതിനൊപ്പം തന്നെ മലയാളത്തില്‍ വന്‍ വിജയമായ ആടുജീവിതം ആദ്യം റിലീസ് പ്രഖ്യാപിച്ചത് ഏപ്രില്‍ ആണെങ്കിലും പിന്നീട് റിലീസ് മാര്‍ച്ചിലേക്ക് മാറ്റിയിരുന്നു. ഇത് ചിത്രത്തിന് നേട്ടവുമായി. അതേ രീതിയില്‍ ഒരു പ്രതീക്ഷ ടര്‍ബോയ്ക്കും ഉണ്ടെന്ന് കരുതാം.
അതേസമയം, ടർബോയുടെ ഡബ്ബിംഗ് വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. ഏപ്രിൽ 24ന് മമ്മൂട്ടി ഡബ്ബിങ്ങിന് എത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ആക്ഷന്‍- കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് ഒപ്പം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. അച്ചായൻ ലുക്കിലുള്ള മമ്മൂട്ടിയുടെ പോസ്റ്ററുകൾ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു. ക്രിസ്റ്റോ സേവ്യറും സംഘവുമാണ് ടർബോയ്ക്ക് സംഗീതം ഒരുക്കുന്നത്. എന്തായാലും ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി ആക്ഷന്‍ മോഡിൽ എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ.
ബിഗ് ബോസ് വീട്ടില്‍ അതീന്ദ്രിയ ശക്തിയോ? ഋഷി പേടിച്ചത് ഇങ്ങനെ
'നിങ്ങളുടെ ജോഡി പൊരുത്തം സൂപ്പർ', തേജസിനും മാളവികക്കും കൈയടിച്ച് ആരാധകർ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ