മുത്തയ്യ മുരളീധരനായി അഭിനയിക്കുന്ന ചിത്രം; വിജയ് സേതുപതിക്കെതിരെ ട്വിറ്ററില്‍ ക്യാംപെയ്‍ന്‍

Published : Oct 15, 2020, 12:29 AM ISTUpdated : Oct 19, 2020, 05:41 PM IST
മുത്തയ്യ മുരളീധരനായി അഭിനയിക്കുന്ന ചിത്രം; വിജയ് സേതുപതിക്കെതിരെ ട്വിറ്ററില്‍ ക്യാംപെയ്‍ന്‍

Synopsis

തമിഴ് വംശജര്‍ക്ക് ശ്രീലങ്കയില്‍ നേരിടേണ്ടിവന്നിട്ടുള്ള സംഘര്‍ഷഭരിതമായ ചരിത്രം ഓര്‍ക്കണമെന്നും ഈ സിനിമയില്‍ അഭിനയിക്കുന്നതോടെ വിജയ് സേതുപതി തങ്ങളുടെ പ്രിയതാരങ്ങളുടെ ലിസ്റ്റില്‍ നിന്ന് മാഞ്ഞുപോകുമെന്നുമൊക്കെയാണ് പ്രതിഷേധിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍. 

വിജയ് സേതുപതിയുടേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്ടുകളില്‍ കൗതുകമുണര്‍ത്തുന്ന ഒന്നായിരുന്നു മുത്തയ്യ മുരളീധരന്‍റെ ജീവചരിത്ര സിനിമ. എം എസ് ശ്രീപതി സംവിധാനം ചെയ്യുന്ന '800' എന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള മോഷന്‍ പോസ്റ്റര്‍ വീഡിയോയില്‍ മുരളീധരന്‍റെ രൂപഭാവങ്ങളോടെയുള്ള സേതുപതിയുടെ ചിത്രവുമുണ്ടായിരുന്നു. എന്നാല്‍ വീഡിയോ പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒരു വലിയ വിഭാഗം പ്രതിഷേധമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ്.

തമിഴ് വംശജനായ ശ്രീലങ്കന്‍ എന്ന മുത്തയ്യ മുരളീധരന്‍റെ സ്വത്വമാണ് പ്രതിഷേധിക്കുന്നവര്‍ പ്രശ്‍നവത്‍കരിക്കുന്നത്. തമിഴ് വംശജര്‍ക്ക് ശ്രീലങ്കയില്‍ നേരിടേണ്ടിവന്നിട്ടുള്ള സംഘര്‍ഷഭരിതമായ ചരിത്രം ഓര്‍ക്കണമെന്നും ഈ സിനിമയില്‍ അഭിനയിക്കുന്നതോടെ വിജയ് സേതുപതി തങ്ങളുടെ പ്രിയതാരങ്ങളുടെ ലിസ്റ്റില്‍ നിന്ന് മാഞ്ഞുപോകുമെന്നുമൊക്കെയാണ് പ്രതിഷേധിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍. താന്‍ ആദ്യമായി ഒരു ശ്രീലങ്കന്‍ ആണെന്നും പിന്നീടേ തമിഴ് സ്വത്വം വരുന്നുള്ളുവെന്നും മുത്തയ്യ മുരളീധരന്‍ അഭിപ്രായപ്പെടുന്ന ഒരു പഴയ അഭിമുഖത്തിന്‍റെ ക്ലിപ്പിംഗ് അടക്കം പ്രതിഷേധക്കാര്‍ ഷെയര്‍ ചെയ്യുന്നുണ്ട്. #ShameOnVijaySethupathi എന്ന ഹാഷ് ടാഗ് മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നതിനു ശേഷമുള്ള മണിക്കൂറുകളില്‍ ട്രെന്‍ഡിംഗ് ആവുകയും ചെയ്തു. അതേസമയം വിജയ്‍ക്കൊപ്പം വിജയ് സേതുപതി എത്തുന്ന, വരാനിരിക്കുന്ന ചിത്രം 'മാസ്റ്റര്‍' ബഹിഷ്കരിക്കണമെന്നും ആഹ്വാനമുണ്ട്.

അന്തര്‍ദേശീയ ക്രിക്കറ്റിലെ എക്കാലത്തെയും മികവുറ്റ സ്പിന്നര്‍മാരില്‍ ഒരാളായ മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായും അവസാനമായും 800 വിക്കറ്റുകള്‍ നേടിയ താരം. ബയോപിക്കിന്‍റെ പേരിനുപിന്നിലെ വസ്തുത ഇതാണ്. ശ്രീലങ്ക, യുകെ, ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലാവും സിനിമയുടെ ചിത്രീകരണം. 2021 തുടക്കത്തില്‍ ചിത്രീകരണം ആരംഭിച്ച് 2022 അവസാനം റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ പദ്ധതി. തമിഴില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ മൊഴിമാറ്റ പതിപ്പുകള്‍ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, സിന്‍ഹളീസ് ഭാഷകളിലുമെത്തും. ഒപ്പം ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ ഒരു അന്തര്‍ദേശീയ പതിപ്പും. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തലസ്ഥാന ന​ഗരിയിൽ ഇനി മേളക്കാലം; 30-ാമത് ഐഎഫ്എഫ്കെയ്ക്ക് ഇന്ന് തിരശ്ശീല ഉയരും, സ്ക്രീനിങ്ങിന് 206 സിനിമകൾ
നീ നടന്താൽ നടയഴക്..; 75ന്റെ നിറവിൽ രജനികാന്ത്, വെള്ളിത്തിയിൽ സ്റ്റെല്‍ മന്നന്‍റെ 50 വർഷം