
മുംബൈ: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് മാനേജർ സിദ്ധാർത്ഥ ശർമ്മയും ഫെസ്റ്റിവൽ ഓർഗനൈസർ ശ്യാംകാനു മഹന്തയും അറസ്റ്റിൽ. സിംഗപ്പൂരിൽ നിന്നും തിരിച്ചെത്തിയ മഹന്തയെ ദില്ലി വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് പിടികൂടിയത്. സിദ്ധാർത്ഥ ശർമയെ ഗുരുഗ്രാമിൽ നിന്നുമാണ് പിടികൂടിയത്. ഇരുവരെയും ഗുവാഹത്തിയിൽ എത്തിച്ചു.
സിങ്കപ്പൂരിൽ നടക്കാനിരുന്ന നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിന്റെ സംഘാടകൻ ശ്യാംകാനു മഹന്തയുടെ വീടുകളിലും അന്വേഷണസംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. സെപ്തംബർ 19 നാണ് സിംഗപ്പൂരിൽ നീന്തുന്നതിനിടെയുണ്ടായ അപകടത്തിൽ സുബീൻ ഗാർഗ് മരണപ്പെട്ടത്. 'ഗ്യാങ്സ്റ്റർ' എന്ന ഹിന്ദി സിനിമയിലെ 'യാ അലി' എന്ന ഗാനത്തിലൂടെയാണ് സുബീൻ ഗാർഗ് ദേശീയ ശ്രദ്ധ നേടിയത്. മൃതദേഹം നാട്ടിലെത്തിച്ച ശേഷം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് അസമിൽ സംസ്കരിച്ചു.
സുബീൻ ഗാർഗിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘം കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മാനേജർ സിദ്ധാർത്ഥ ശർമ്മയുടെയും ശ്യാംകാനു മഹന്തയുടെയും വസതികളിൽ റെയ്ഡ് നടത്തിയിരുന്നു. പരിശോധന നടക്കുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നില്ല. സുബീൻ ഗാർഗിന്റെ മരണം മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. സിംഗപ്പൂരിൽ ആദ്യ പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം അസമിൽ എത്തിച്ച് രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം കൂടി നടത്തിയിരുന്നു. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാൽ സുബീൻ ഗാർഗിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെസ്റ്റിവൽ സംഘാടകർ ഉൾപ്പെടെ ഗാർഗിനൊപ്പം സിംഗപ്പൂരിൽ പോയ എല്ലാവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ