
ബംഗളുരു: ബംഗളൂരുവിലെ ഡിആർഡിഒ ക്യാമ്പസിൽ നിന്നും തെരുവുനായ്ക്കളെ അതിക്രൂരമായി പിടികൂടിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കഗ്ഗദാസപുരയിലെ ക്യാമ്പസിൽ നിന്ന് നായ്ക്കളെ അനധികൃതമായും മനുഷ്യത്വരഹിതമായും മാറ്റിയതിനെതിരെ മൃഗസ്നേഹികളും പ്രാദേശിക നിവാസികളും ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ പ്രശസ്ത നടിയും രാഷ്ട്രീയ പ്രവർത്തകയുമായ രമ്യ (ദിവ്യ സ്പന്ദന) പങ്കെടുത്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ കണ്ട് വികാരാധീനയായ താരം, നായ്ക്കളെ ഇത്തരത്തിൽ ഉപദ്രവിക്കുന്നത് കണ്ടുനിൽക്കാൻ കഴിയില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
കഴിഞ്ഞ മാർച്ച് അഞ്ചിന് ഡിആർഡിഒ ക്യാമ്പസിനുള്ളിൽ നായ്ക്കളുടെ കാലുകളും വായയും കെട്ടി പ്ലാസ്റ്റിക് ചാക്കുകളിൽ ക്രൂരമായി കുത്തിനിറച്ച നിലയിൽ കണ്ടെത്തിയിരുന്നു. നാട്ടുകാർ ഇടപെട്ട് മൂന്ന് നായ്ക്കളെ രക്ഷപ്പെടുത്തിയെങ്കിലും, ക്യാമ്പസിലുണ്ടായിരുന്ന മറ്റ് ഇരുപതോളം നായ്ക്കളെ കാണാതായതായി മൃഗസംരക്ഷണ പ്രവർത്തകർ ആരോപിക്കുന്നു. സംഭവത്തിൽ മഹാദേവപുര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയം നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അടുത്ത വാദം ഏപ്രിൽ 16-ന് നടക്കുമെന്നും അധികൃതർ അറിയിച്ചു.
നിയമപരമായ രീതിയിൽ വന്ധ്യംകരണവും വാക്സിനേഷനും നടത്തുന്നതിന് പകരം, നായ്ക്കളെ അപ്രത്യക്ഷമാക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. കാണാതായ നായ്ക്കൾ എവിടെയാണെന്ന് അധികൃതർ വെളിപ്പെടുത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിഷേധം നയിച്ച സി.വി. രാമൻ നഗർ അനിമൽ സ്ക്വാഡ് ആവശ്യപ്പെട്ടു. തെരുവുനായ്ക്കളെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിർദ്ദേശങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് ഇത്തരം ക്രൂരതകൾ ആവർത്തിക്കുന്നതിനെതിരെ ശക്തമായ ജനവികാരം ഉയരുകയാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ