121 റിലീസ് കേന്ദ്രങ്ങളില്‍ മൂന്നാം വാരത്തിലേക്ക്; വിജയചിത്രങ്ങളുടെ നിരയിലേക്ക് 'ഉണ്ട'

By Web TeamFirst Published Jun 29, 2019, 6:28 PM IST
Highlights

കേരളത്തില്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇപ്പോഴും ചിത്രത്തിന് നല്ല പ്രേക്ഷകപ്രതികരണമുണ്ട്. കഴിഞ്ഞ വാരാന്ത്യത്തില്‍ പ്രധാന നഗരങ്ങളിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ ഒട്ടേറെ ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങളുമുണ്ടായിരുന്നു ചിത്രത്തിന്. തിരുവനന്തപുരം നഗരത്തില്‍ മാത്രം നാളെ 21 പ്രദര്‍ശനങ്ങളാണ് 'ഉണ്ട'യ്ക്ക്.

മമ്മൂട്ടിക്ക് വിജയത്തുടര്‍ച്ച നല്‍കി ഖാലിദ് റഹ്മാന്‍ ചിത്രം 'ഉണ്ട'. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തിലെ 121 റീലിസ് കേന്ദ്രങ്ങളില്‍ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നുണ്ട്. കേരളത്തില്‍ മാത്രം 161 തീയേറ്ററുകളിലായിരുന്നു ഈ മാസം 14ന് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. 19ന് യുഎഇയിലും ജിസിസിയിലും ചിത്രമെത്തി. യുഎഇയില്‍ 55 സ്‌ക്രീനുകളിലും ജിസിസിയില്‍ 37 സ്‌ക്രീനുകളിലുമായിരുന്നു റിലീസ്.

കേരളത്തില്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇപ്പോഴും ചിത്രത്തിന് നല്ല പ്രേക്ഷകപ്രതികരണമുണ്ട്. കഴിഞ്ഞ വാരാന്ത്യത്തില്‍ പ്രധാന നഗരങ്ങളിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ ഒട്ടേറെ ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങളുമുണ്ടായിരുന്നു ചിത്രത്തിന്. തിരുവനന്തപുരം നഗരത്തില്‍ മാത്രം നാളെ 21 പ്രദര്‍ശനങ്ങളാണ് 'ഉണ്ട'യ്ക്ക്.

ഛത്തിസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട' പറയുന്നത്. ഛത്തിസ്ഗഡിലും കേരളത്തിലും കര്‍ണാടകത്തിലുമായിട്ടായിരുന്നു ചിത്രീകരണം. 131 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. എട്ട് കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ബോക്‌സ്ഓഫീസില്‍ വിജയം നേടിയ 'അനുരാഗ കരിക്കിന്‍ വെള്ളം' ഒരുക്കിയ ഖാലിദ് റഹ്മാന്‍ ആണ് സംവിധാനം. ഹര്‍ഷാദിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളാവുന്നു.

click me!