
മിനിസ്ക്രീൻ പ്രേക്ഷകർ നെഞ്ചേറ്റിയ പരമ്പരയാണ് ഉപ്പും മുളകും. ഉപ്പും മുളകിലെ പ്രധാന കഥാപാത്രമായ ബാലുവിന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ അവതരിപ്പിക്കുന്നത് പരമ്പരയുടെ തിരക്കഥാകൃത്തു കൂടിയായ സുരേഷ് ബാബുവാണ്. സുരേഷ് ബാബു എന്ന പേരിനേക്കാൾ പ്രേക്ഷകർക്ക് പരിചയം ഭാസി അണ്ണൻ എന്ന പേരായിരിക്കാം. ഇടക്കിടക്ക് ചില തമാശകളും മണ്ടത്തരങ്ങളുമൊക്കെയായി സീരിയലിൽ പ്രത്യക്ഷപ്പെടുന്നയാളാണ് ഭാസി. ഇപ്പോളിതാ ഉപ്പും മുളകിലെ ഇതുവരെയുള്ള യാത്രയെക്കുറിച്ചും പരമ്പരയുമായി ബന്ധപ്പെട്ടു നടന്ന വിവാദങ്ങളെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് സുരേഷ് ബാബു.
ചെറിയ കുട്ടികളായിരിക്കുമ്പോഴാണ് കേശുവും ശിവാനിയുമൊക്കെ പരമ്പരയുടെ ഭാഗമായത്. ഇന്നും അതേ സ്‌നേഹമുണ്ടെന്നും സുരേഷ് ബാബു പറയുന്നു. സീരിയലിൽ മുടിയനായി അഭിനയിച്ച റിഷി പരമ്പരയില്‍ നിന്നും മാറി നിന്നതിനെ പറ്റിയും സുരേഷ് ബാബു സംസാരിച്ചു. ''മുടിയനുമായി അടുത്ത ബന്ധമുണ്ട്. ഇപ്പോഴും വല്ലപ്പോഴുമൊക്കെ അവന്‍ വിളിക്കാറുണ്ട്. ബിഗ് ബോസിലേക്ക് പോകുന്നതിന് വേണ്ടി ഏഷ്യാനെറ്റുമായിട്ടുള്ള കോണ്‍ട്രാക്ടും മുടിയന് പ്രശ്‌നമായിരുന്നു. അത് കഴിയാതെ മറ്റ് ഷോ കളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലായിരുന്നു. മുടിയൻ തിരിച്ചു വരണം എന്നാണ് എല്ലാ പ്രേക്ഷകരെയും പോലെ ഞാനും ആഗ്രഹിക്കുന്നത്.
അവനെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചു എന്നതൊക്കെയാണ് മുടിയന്‍ പറഞ്ഞതെന്ന് ഞാനും കേട്ടു. അന്ന് കഥ എഴുതിയത് ഞാനായിരുന്നില്ല. സിനിമയുടെ തിരക്കുമായി മാറിനിന്ന് സമയത്ത് തിരക്കഥ മറ്റൊരാളാണ് എഴുതിയത്. പിന്നെ കുറച്ചൊക്കെ അഭിപ്രായഭിന്നതകളും സ്വരചേര്‍ച്ചയില്ലായ്മയൊക്കെ ഉണ്ടാവും. ഇതെല്ലാം നമ്മള്‍ ഗൗരവത്തോടെ എടുക്കേണ്ടതില്ല'', വൺ ടു ടോക്സ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സുരേഷ് ബാബു പറഞ്ഞു.
നടന്‍ ബിജു സോപാനത്തിനും എസ്. പി ശ്രീകുമാറിനുമെതിരെ പരമ്പരയിലെ നടി ലൈംഗികാതിക്രമത്തിന് പരാതി നൽകിയിരുന്നു. ഇതേക്കുറിച്ചും സുരേഷ് ബാബു സംസാരിച്ചു. ''അവര്‍ സെറ്റിലേക്ക് വരാത്തതും വരുന്നതുമൊക്കെ തീരുമാനിക്കേണ്ടത് അവരും ചാനലും ചേർന്നാണ്. വളരെ നാളത്തെ സൗഹൃദം അവരുമായി ഉണ്ട്. ആ വിഷയം കേസായി നില്‍ക്കുന്ന സമയത്ത് ചോദിച്ച് ഇതേക്കുറിച്ച് കൂടുതൽ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്'', സുരേഷ് ബാബു കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക