
മലയാള സിനിമാസ്വാദകർ ഏറെ പ്രിയപ്പെടുന്ന ജോസഫ്, ശിക്കാർ, വർഗ്ഗം, വാസ്തവം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം, അൻഷാദ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എം. പത്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'ഉയിർ'. ജൂൺ 26 ന് തിയേറ്ററുകളിലെത്തിയ ചിത്രം കഴിഞ്ഞ ദിവസം ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. റോഷൻ മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഴോണറിൽ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതിയകരണമാണ് ഒടിടിയിലും ലഭിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
കണ്ണൂർ ജില്ലയിലെ ധർമടം പൊലീസ് സ്റ്റേഷനിൽ പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ അജീബ് എന്ന കഥാപാത്രത്തെയാണ് റോഷൻ മാത്യു അവതരിപ്പിക്കുന്നത്. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത് ടെലിവിഷൻ രംഗത്ത് മലയാളികൾക്ക് ഏറെ പ്രിയങ്കരനും ഗായകനുമായ നിഖിൽ കെ. മേനോനും, ‘ഇലവീഴാപൂഞ്ചിറ’യുടെ സഹ എഴുത്തുകാരനും പോലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും ചേർന്നാണ്.
റോഷനൊപ്പം ബൈജു സന്തോഷ് ഒരു മുഴുനീള കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. വിനീത് തട്ടിൽ, ദിവ്യ എം നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ദിവ്യ എം നായർ, ലവിന ഇസ്രാനി, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ബോളിവുഡിലെ പ്രമുഖ അഭിനേതാക്കളായ സയാമി ഖേർ, മഹേഷ് ഷെട്ടി എന്നിവരും ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൂർഗ്ഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നിങ്ങനെ 5 വ്യത്യസ്ത ലൊക്കേഷനുകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
'പൊറിഞ്ചു മറിയം ജോസ്', 'ഗരുഡൻ' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മണികണ്ഠൻ അയ്യപ്പ സംഗീതവും പശ്ചാത്തല സംഗീതവും, രഞ്ജൻ എബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ എന്നിവർക്ക് പുറമെ, മഹാകവി സുബ്രഹ്മണ്യ ഭാരതിയാരുടെ വംശപരമ്പരയിലെ നാലാം തലമുറക്കാരൻ കൂടിയായ നിരഞ്ജൻ ഭാരതിയും ഉമേഷ് പിലിക്കുഡേലുവും യഥാക്രമം ഇവരോടൊപ്പം ചിത്രത്തിന്റെ തമിഴ്-കന്നഡ ഗാനരചയിതാക്കളായി എത്തുന്നു എന്ന പ്രത്യേകതയും ‘ഉയിരി’നുണ്ട്.
മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര, ‘ഉയിരി’നായി മൂന്ന് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പ്രൊഡക്ഷൻ ഡിസൈൻ: സാബുറാം, പ്രൊമോ സോങ്ങ്: ചാൾസ് നസ്രേത്ത്, മേയ്ക്കപ്പ്: പി.വി. ശങ്കർ, കോസ്റ്റ്യൂം ഡിസൈൻ: ആയിഷ ഷഫീർ സെയ്ത്, സ്റ്റണ്ട്സ്: തവസി രാജ്, ക്രിയേറ്റീവ് ഹെഡ്: നിഖിൽ കെ. മേനോൻ സൗണ്ട് ഡിസൈൻ: അരുൺ വർമ്മ, വി.എഫ്.എക്സ്: ശരത് വിനു, വിഷ്വൽ പ്രൊമോഷൻസ്: സ്‌നേക്ക്പ്ലാൻ്റ് എൽ.എൽ.പി, പി.ആർ.ഒ: അപർണ ഗിരീഷ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ