
പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തിയ വിജയ് ചിത്രം വാരിസ് വിജയകരമായി പ്രദർശനം തുടരുകയാണ്. പ്രേക്ഷ പ്രശംസയ്ക്ക് ഒപ്പം തന്നെ ബോക്സ് ഓഫീസിലും ചിത്രം മികച്ച കളക്ഷൻ നേടി കഴിഞ്ഞു. വംശി പൈഡിപ്പള്ളി
ആണ് വാരിസ് സംവിധാനം ചെയ്ത്. ഇപ്പോഴിതാ കാശ് കൊടുത്ത് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സിനിമയെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്ന് പറയുകയാണ് വംശി.
വിമര്‍ശനങ്ങളില്‍ നിന്ന് വേണ്ടത് സ്വീകരിക്കും അല്ലാത്തവ തളളിക്കളയുമെന്നും വംശി പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം. 'എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയും ഉണ്ടാവില്ല. ഏറ്റവും കൂടുതൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട സിനിമ എന്ന് മാത്രമേ പറയാനാകൂ. അതുപോലെ തന്നെ ക്രീയേറ്റർക്കും പൂർണ സംതൃപ്തി നൽകുന്ന സിനിമകൾ ഉണ്ടാകില്ല. നല്ല കലാകാരന് കുറച്ചും കൂടി നന്നാക്കാമായിരുന്നു എന്നാകും ഓരോ സിനിമകൾ കഴിയുമ്പോഴും തോന്നുക. ശ്രദ്ധ നേടാനായി മാത്രം സിനിമയെ വിമര്‍ശിക്കുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ ചില മുന്‍വിധികളോടെയാണ് തിയറ്ററിൽ എത്താറുള്ളത്. അവരുടെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല. സിനിമയെ ആസ്വദിക്കാന്‍ വരുന്നവരെയാണ് ഞാന്‍ പ്രേക്ഷകരായി കാണുന്നത്', എന്നും വംശി പറഞ്ഞു.
ജനുവരി 11നാണ് വാരിസ് തിയറ്ററുകളിൽ എത്തിയത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന 'വിജയ് രാജേന്ദ്രൻ' എന്ന കഥാപാത്രത്തെയാണ് വിജയ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ശരത് കുമാർ, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയാണ് വാരിസിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
'ഷാരൂഖ് നട്ടെല്ലുള്ള മനുഷ്യൻ, നേരിട്ട ആക്രമണങ്ങൾക്ക് സ്ക്രീനിലൂടെ മറുപടി പറഞ്ഞു'; അനുരാഗ് കശ്യപ്
അതേസമയം, ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനാകുന്ന പുതിയ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'ദളപതി 67' എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്. 'മാസ്റ്റര്‍' എന്ന വൻ ഹിറ്റിനു ശേഷം ലോകേഷ് കനകരാജും വിജയ്‍യും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുക. ലോകേഷ് കനകരാജ്, രത്ന കുമാര്‍, ധീരജ് വൈദി എന്നിവര്‍ ചിത്രത്തിന്റെ തിരക്കഥ എഴുതി 7 സ്‍ക്രീൻ സ്റ്റുഡിയോ ചിത്രം നിര്‍മിക്കുന്നു.