വാരിയന്‍കുന്നത്ത് പടനായകനെന്ന് മുഖ്യമന്ത്രി; 'കേരളം എക്കാലവും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്'

By Web TeamFirst Published Jun 23, 2020, 7:30 PM IST
Highlights

'വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നമ്മുടെ നാട്ടില്‍ ധീരമായ രീതിയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ ഒരു പടനായകനാണ്..'

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ചരിത്ര പുരുഷനെ അധികരിച്ചുള്ള സിനിമകളുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ഉടലെടുത്ത ചര്‍ച്ചകളും വിവാദങ്ങളും തന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വിശദീകരണാര്‍ഥമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പട പൊരുതിയ നായകനാണെന്നും അദ്ദേഹം പറഞ്ഞു.

"വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നമ്മുടെ നാട്ടില്‍ ധീരമായ രീതിയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ ഒരു പടനായകനാണ്. ഈ വിവാദം എന്‍റെ ശ്രദ്ധയില്‍ ഇല്ല. പക്ഷേ അതൊരു പടനായകനാണ് എന്നത് നമ്മള്‍ ഓര്‍ക്കണം. അദ്ദേഹത്തെ ആദരിച്ചുകൊണ്ടുതന്നെയാണ് കേരളം എല്ലാക്കാലത്തും പോയിട്ടുള്ളത്. അതിനകത്ത് വേറെ വര്‍ഗീയചിന്തയുടെ ഭാഗമായി എന്തെങ്കിലും വരുന്നുണ്ടോ എന്ന് എനിക്കറിയില്ല", മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍, പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്‍, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നന്‍, അലി അക്ബറിന്‍റെ പേരിടാത്ത ചിത്രം എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട സിനിമകള്‍. ഇതില്‍ സോഷ്യല്‍ മീഡിയയിലൂടെ ആദ്യം പ്രഖ്യാപിക്കപ്പെട്ടത് ആഷിക്-പൃഥ്വിരാജ് ചിത്രമായിരുന്നു. ഇതിനുപിന്നാലെ ഇവര്‍ക്കെതിരെ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. പൃഥ്വിരാജിന് മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരുന്നു. അതേസമയം ചലച്ചിത്രമേഖലയില്‍ നിന്നുള്ള ഭൂരിഭാഗം പേരും പ്രോജക്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് ചെയ്‍തത്. 

click me!