നടിയെ ആക്രമിച്ച കേസിൽ, തെളിവുകളുടെ അഭാവത്തിൽ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പൾസർ സുനി ഉൾപ്പെടെവര്‍ കുറ്റക്കാരാണെന്നും കണ്ടെത്തി. ദിലീപിനെ ഫെഫ്കയില്‍ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഭാഗ്യലക്ഷ്മി രാജി വച്ചിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു മലയാള സിനിമയെ പിടിച്ചുകുലുക്കിയ നടിയെ ആക്രമിച്ച കേസിൽ വിധി വന്നത്. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവർ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയിരുന്നു. ദിലീപിനെതിരെ തെളിവുകളില്ലെന്നതായിരുന്നു കോടതിയുടെ കണ്ടെത്തൽ. പിന്നാലെ നിരവധി പേരാണ് വിധിക്ക് എതിരെ രംഗത്ത് എത്തിയത്. ഇതിന്റെ ഭാഗമായി ഫെഫ്കയിൽ നിന്നും ഭാഗ്യലക്ഷ്മി രാജിവയ്ക്കുകയും ചെയ്തിരുന്നു. ഇത് വലിയ ചർച്ചകൾക്കും വഴിവച്ചു.
ഇപ്പോഴിതാ ദിലീപിനെ അനുകൂലിക്കുന്നവർക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ഭാഗ്യ ലക്ഷ്മി. സോഷ്യൽ മീഡിയയിലൂടെ ആണ് ഇവരുടെ പ്രതികരണം. "പീഡകന് വേണ്ടി ജയ് വിളിക്കുന്ന കുറേ എണ്ണങ്ങളെ കാണുമ്പോ പുച്ഛവും അതിനപ്പുറം പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പും മാത്രെ ഉള്ളൂ.. കൂട്ടത്തില്‍ ലാസ്റ്റ് കോമഡി.. എന്നാലും അതി ജീവിതയ്ക്കൊപ്പം എന്ന ഡയലോഗ്", എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്.
രണ്ട് ദിവസം മുൻപാണ് ഫെഫ്കയിൽ നിന്നും രാജി വയ്ക്കുന്നതായി ഭാഗ്യലക്ഷ്മി അറിയിച്ചത്. ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു തീരുമാനം. ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും അവർ പ്രതികരിച്ചിരുന്നു. അതിജീവിതയോട് സംസാരിക്കുക പോലും ചെയ്തില്ലെന്നും ഫെഫ്കയെ ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു. ഇപ്പോൾ വന്നത് അന്തിമ വിധി അല്ല. ഇനിയിയും കോടതികളുണ്ട്. ദിലീപ് ഇപ്പോഴും കുറ്റാരോപിതനാണ്. എതിരാളി ശക്തനും സമ്പന്നനും സ്വാധീനമുള്ളവനുമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.
അതേസമയം, ആറു പ്രതികളുടെയും ശിക്ഷയിൽ ഡിസംബര്‍ 12ന് വിധി പറയും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല.



