മമ്മൂട്ടി ചിത്രം 'ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' ഒടിടിയിലേക്ക്. ജനുവരിയിൽ ആയിരുന്നു പടത്തിന്‍റെ തീയറ്റര്‍ റിലീസ്. ഗൗതം വാസുദേവ് മോനോന്‍ ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രം കൂടിയാണിത്.
കരിയറിൽ ഒട്ടനവധി വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരെയും പിന്തുടർച്ചക്കാരായ അഭിനേതാക്കളേയും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ് മമ്മൂട്ടി. അക്കൂട്ടത്തിലെ ഒടുവിലെ ഉദാഹരണമാണ് കളങ്കാവൽ. വിനായകൻ നായകനായി എത്തിയപ്പോൾ, സ്റ്റാൻലി എന്ന പ്രതിനായകനായി മമ്മൂട്ടി ചിത്രത്തിൽ നിറഞ്ഞാടി. 'മമ്മൂക്കയെ കൊണ്ടല്ലാതെ മറ്റാരെ കൊണ്ട്', എന്ന പ്രകടനം കാഴ്ചവച്ച് മമ്മൂട്ടി വില്ലനായി കസറി. ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി മുന്നേറുന്നതിനിടെ മമ്മൂട്ടിയുടെ ഒരു സിനിമ ഒടിടിയിലേക്ക് എത്തുകയാണ്.
ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്ത്, ഒടിടിക്കായി മാസങ്ങളോളം കാത്തിരിപ്പുയർത്തിയൊരു പടമാണ് ഒടിടിയിൽ എത്തുന്നത്. ഡൊമനിക് ആന്റ് ദി ലേഡീസ് പേഴ്സ് ആണ് ആ ചിത്രം. 2025 ജനുവരി 23ന് ആയിരുന്നു ഡൊമനിക്കിന്റെ റിലീസ്. പിങ്ക് പാന്തർ ടച്ചിലിറങ്ങിയ ഡിറ്റക്ടീവ് ചിത്രമാണ് ഡൊമനിക് ആന്റ് ദി ലേഡീസ് പേഴ്സ്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിന് ഒടുവിൽ ചിത്രം ഒടിടിയിൽ എത്തുന്നുവെന്ന് മമ്മൂട്ടി കമ്പനിയാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഡിസംബർ 19ന് ഒടിടി പ്രീമിയർ നടക്കും. സീ 5 മലയാളത്തിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്.
ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രമായിരുന്നു ഡൊമനിക് ആന്റ് ദി ലേഡീസ് പേഴ്സ്. അതുകൊണ്ട് തന്നെ പ്രഖ്യാപനം മുതൽ സിനിമയോട് ഏറെ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ. എന്നാൽ തിയറ്ററിൽ വേണ്ടത്ര ഓളം സൃഷ്ടിക്കാൻ പടത്തിനായില്ല. മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം 19.2 കോടിയാണ് പടത്തിന്റെ നിർമാണ ചെലവ്. 19.6 കോടി ആഗോളതലത്തിൽ ചിത്രം നേടിയെന്ന് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.



