സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ അപമര്യാദയായി പെരുമാറി; അലന്‍സിയറിനെതിരെ വേണുവിന്‍റെ പരാതി

By Web TeamFirst Published Oct 17, 2021, 10:14 AM IST
Highlights

പൃഥ്വിരാജിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'കാപ്പ'യില്‍ ഒരു പ്രധാന റോളിലേക്ക് അലന്‍സിയര്‍ ലേ ലോപ്പസിനെയും പരിഗണിച്ചിരുന്നു

നടന്‍ അലന്‍സിയറിനെതിരെ പരാതിയുമായി സംവിധായകനും ഛായാഗ്രാഹകനുമായ വേണു. താന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ കഥ അവതരിപ്പിക്കുന്നതിനിടെ അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍കയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. 

പൃഥ്വിരാജിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'കാപ്പ'യില്‍ ഒരു പ്രധാന റോളിലേക്ക് അലന്‍സിയര്‍ ലേ ലോപ്പസിനെയും പരിഗണിച്ചിരുന്നു. ചിത്രത്തിന്‍റെ കഥ കേള്‍ക്കുന്നതിനിടെ അലന്‍സിയര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് പരാതിയുടെ ഉള്ളടക്കം. ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മ്മാണ പങ്കാളിയാവുന്ന ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭം എന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്ക്ക്. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്‍റെ ഭാഗമായി ഡോള്‍വിന്‍ കുര്യാക്കോസിന്‍റെ തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. അഭിനേതാവിനെതിരെയുള്ള പരാതിയായതിനാല്‍ ഫെഫ്‍ക ഇത് 'അമ്മ'യ്ക്കു കൈമാറും. താരസംഘടനയാവും വേണ്ട നടപടി സ്വീകരിക്കുക.

 

ജി ആര്‍ ഇന്ദുഗോപന്‍റെ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കിയ സിനിമ ഓഗസ്റ്റ് 18നാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇന്ദുഗോപന്‍റേതു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ. പൃഥ്വിരാജിനൊപ്പം മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവരും 'കാപ്പ'യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മറ്റ് അറുപതോളം അഭിനേതാക്കളും വിവിധ കഥാപാത്രങ്ങളായി എത്തും. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. മഞ്ജു വാര്യരും പൃഥ്വിരാജും ആദ്യമായാണ് മുഴുനീള കഥാപാത്രങ്ങളായി ഒരു ചിത്രത്തില്‍ ഒരുമിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്. എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.

click me!