'രോമാഞ്ചിഫിക്കേഷന്‍ വരുന്ന മുഹൂര്‍ത്തങ്ങള്‍'; 'ക്രിസ്റ്റഫറി'നെക്കുറിച്ച് 'മാമാങ്കം' നിര്‍മ്മാതാവ്

By Web TeamFirst Published Jan 27, 2023, 8:50 PM IST
Highlights

ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം

ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു കഴിഞ്ഞ വര്‍ഷം മമ്മൂട്ടി നായക കഥാപാത്രത്തെ അവതരിപ്പിച്ച് പുറത്തെത്തിയ ചിത്രങ്ങള്‍. ഈ വര്‍ഷവും അത് അങ്ങനെതന്നെ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ ആണ്. മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഒന്നാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പറയുകയാണ് മമ്മൂട്ടി നായകനായ മാമാങ്കം ഉള്‍പ്പെടെ നിര്‍മ്മിച്ച വേണു കുന്നപ്പിള്ളി.

ചിത്രത്തിന്‍റെ കഥ ഒരിക്കല്‍ താന്‍ കേട്ടതാണെന്ന് പറയുന്നു അദ്ദേഹം. ആവേശത്തോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്‍റെ എഴുത്തുകാരനില്‍ നിന്ന് ഒരിക്കല്‍ ഇതിന്‍റെ കഥ കേട്ടതാണ്. രോമാഞ്ചിഫിക്കേഷൻ വരുന്ന, മമ്മൂക്കയുടെ അത്യുഗ്രൻ മുഹൂർത്തങ്ങൾ... എല്ലാം ഒത്തു വന്നാൽ, ഇതൊരു ഒന്നൊന്നര സിനിമയായിരിക്കും... ശേഷം സ്ക്രീനിൽ, ചിത്രത്തിന്‍റെ പുതിയ പോസ്റ്ററിനൊപ്പം വേണു കുന്നപ്പിള്ളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മാമാങ്കത്തിനു പുറമെ നിലവില്‍ തിയറ്ററുകളിലുള്ള ഉണ്ണി മുകുന്ദന്‍ ചിത്രം മാളികപ്പുറത്തിന്‍റെയും നിര്‍മ്മാതാവാണ് അദ്ദേഹം. ജൂഡ് ആന്‍റണി ജോസഫിന്‍റെ 2018 എവരിവണ്‍ ഈസ് എ ഹീറോ, ടിനു പാപ്പച്ചന്‍റെ ചാവേര്‍ എന്നിവയാണ് അദ്ദേഹത്തിന്‍റെ നിര്‍മ്മാണത്തില്‍ വരാനിരിക്കുന്ന ചിത്രങ്ങള്‍.

ALSO READ : 'ഒരു 57കാരന്‍റെ ഉപദേശമാണ് അത്'; പഠാന്‍ റിലീസിനു ശേഷം ഷാരൂഖ് ഖാന്‍റെ ആദ്യ പ്രതികരണം

അതേസമയം ആര്‍ഡി ഇല്യൂമിനേഷന്‍സ് ആണ് ക്രിസ്റ്റഫറിന്‍റെ നിര്‍മ്മാണം. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിന്‍റെ ടാ​ഗ് ലൈന്‍. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. 

click me!