നടന്‍ പൂജപ്പുര രവി അന്തരിച്ചു

Published : Jun 18, 2023, 12:40 PM ISTUpdated : Jun 18, 2023, 03:27 PM IST
നടന്‍ പൂജപ്പുര രവി അന്തരിച്ചു

Synopsis

ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തിക്കുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്.

മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ പൂജപ്പുര രവി (എം രവീന്ദ്രന്‍ നായര്‍) അന്തരിച്ചു. മറയൂരിൽ മകളുടെ വീട്ടിൽ വച്ചാണ് മരണം. 86 വയസ് ആയിരുന്നു. ചെങ്കള്ളൂർ പൂജപ്പുര സ്വദേശിയാണ്. മകൻ വിദേശത്തേയ്ക്ക് പോയതിനെ തുടർന്ന് 2022 ഡിസംബറിലാണ് അദ്ദേഹം മറയൂരിലേയ്ക്ക് താമസം മാറ്റിയത്. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തിക്കുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് മരണം.

നാടകങ്ങളിലൂടെയാണ് പൂജപ്പുര രവി അഭിനയജീവിതം ആരംഭിച്ചത്. നാടകവേദികളില്‍ രവി എന്ന പേരില്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നതിനാല്‍ സ്ഥലപ്പേര് പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. എസ് എൽ പുരം സദാനന്ദന്‍റെ 'ഒരാൾ കൂടി കള്ളനായി' എന്ന നാടകത്തിൽ ബീരാൻകുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടാണ് വേദിയിലേക്കുള്ള കടന്നുവരവ്. കലാനിലയം ഡ്രാമാവിഷൻ എന്നപ്രശസ്ത നാടക ട്രൂപ്പിന്‍റെ ഭാഗമായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1970 കളുടെ പകുതിയോടെയാണ് രവി സിനിമയിലേക്ക് എത്തുന്നത്. ഹരിഹരന്‍റെ സംവിധാനത്തില്‍ എത്തിയ അമ്മിണി അമ്മാവനിലൂടെയാണ് അദ്ദേഹത്തിന്‍റെ സിനിമയിലെ തുടക്കം. തുടക്കക്കാലത്ത് അദ്ദേഹം വളരെ ചെറിയ റോളുകളാണ് ചെയ്തിരുന്നത്. പക്ഷേ ഏത് റോളും ചെയ്യാൻ കഴിയുന്ന ഫ്ലെക്സിബിൾ ക്യാരക്ടർ ആര്‍ട്ടിസ്റ്റ് എന്ന പേര് വൈകാതെ കിട്ടി. 

മികച്ച ടൈമിംഗ് കൊണ്ട് കോമഡി റോളുകളില്‍ നന്നായി തിളങ്ങിയിരുന്നു പൂജപ്പുര രവി. മുത്താരംകുന്ന് പിഒ, ഓടരുതമ്മാവാ ആളറിയാം, പൂരം തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്‍റെ വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 600ൽ അധികം സിനിമകളിൽ പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. 1990 കളോടുകൂടി അദ്ദേഹം സീരിയലുകളിലും അഭിനയിക്കാൻ തുടങ്ങി. 2016 ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് അഭിനയിച്ച അവസാന ചിത്രം. മൃതശരീരം തിരുവനന്തപുരം പൂജപ്പുരയിലെ വസതിയിൽ രാത്രിയോടെ എത്തിക്കും. സംസ്കാര ചടങ്ങുകൾ നാളെ തിരുവനന്തപുരത്തു വച്ച് നടത്തുമെന്നാണ് കുടുംബാഗംങ്ങൾ അറിയിച്ചിരിക്കുന്നത്.

ALSO READ : 'ഫൈനല്‍ 5' ല്‍ ആരൊക്കെ എത്തും? വിഷ്‍ണുവിന്‍റെ പ്രവചനം ഇങ്ങനെ

WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

PREV
click me!

Recommended Stories

'അവൻ കൈകാലുകൾ അനക്കാൻ, തൊണ്ടയിലൂടെ ആഹാരമിറക്കാൻ പഠിക്കുകയാണ്, ബാല്യത്തിലെന്നപോലെ'; രാജേഷ് കേശവിനെ കുറിച്ച് സുഹൃത്ത്
'ഒമ്പത് മണിക്ക് വന്നിട്ട് അഞ്ച് മണിക്ക് പോകാൻ ഇത് ഫാക്ടറി ഒന്നുമല്ലല്ലോ..'; പ്രതികരണവുമായി റാണ ദഗുബാട്ടി