Kozhikode Sarada passes away| നടി കോഴിക്കോട് ശാരദ അന്തരിച്ചു

By Web TeamFirst Published Nov 9, 2021, 11:06 AM IST
Highlights

മുതിര്‍ന്ന നടി കോഴിക്കോട് ശാരദ (75) അന്തരിച്ചു.

മുതിര്‍ന്ന നടി കോഴിക്കോട് ശാരദ(Kozhikode Sarada) അന്തരിച്ചു. 75 വയസ്സ് ആയിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വെച്ചായിരുന്നു കോഴിക്കോട് ശാരദയുടെ മരണം സംഭവിച്ചത്.

അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. കൂടാതെ ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് എന്നിവയുൾപ്പെടെ എൺപതോളം ചിത്രങ്ങളിൽ ശാരദ അഭിനയിച്ചിട്ടുണ്ട്. നാടക മേഖലയില്‍ നിന്നാണ് സിനിമയിലെത്തിയത്. ശാരീരിക ബുദ്ധിമുട്ടുകള്‍മൂലം അവസാന കാലത്ത് സജീവമല്ലായിരുന്നു.

അങ്കക്കുറി എന്ന ചിത്രത്തിലൂടെ 1979ലാണ് കോഴിക്കോട് ശാരദ ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. ഒട്ടേറെ സീരിയലുകളിലും കോഴിക്കോട് ശാരദ അഭിനയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് റിട്ടയര്‍ഡ് നഴ്‍സിംഗ് അസിസ്റ്റാണ് കോഴിക്കോട് ശാരദ. ചെറുതെങ്കിലും പ്രേക്ഷകര്‍ ഏറ്റെടുത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ കോഴിക്കോട് ശാരദ ചെയ്‍തിട്ടുണ്ട്.

തമാശക്കാരിയായും കുശുമ്പിയായിട്ടുമൊക്കെയുള്ള കഥാപാത്രങ്ങളില്‍ മികവ് കാട്ടിയ കോഴിക്കോട് ശാരദ സത്യൻ, നസീര്‍ അടക്കമുള്ളവര്‍ക്കൊപ്പവും വെള്ളിത്തിരയില്‍ വേഷമിട്ടിട്ടുണ്ട്. സല്ലാപത്തിലെ വേഷമാണ് കോഴിക്കോട് ശാരദയുടെ ഏറ്റവും മികച്ച കഥാപാത്രമായി കണക്കാക്കപ്പെടുന്നത്. നാടകരംഗത്ത് നിന്ന് എത്തിയ കോഴിക്കോട് ശാരദയ്‍ക്ക് പക്ഷേ സിനിമയില്‍ അത്രകണ്ട് ഒട്ടേറെ മികച്ച വേഷങ്ങള്‍ ലഭിച്ചിരുന്നില്ല എന്നതും വാസ്‍തവം. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലെ ചെറുവേഷങ്ങളിലൂടെ സ്വന്തം സാന്നിദ്ധ്യം അടയാളപ്പെടുത്തിയ നടിയാണ് ഇപോള്‍ വിടപറഞ്ഞിരിക്കുന്നത്. 
 

click me!