
മുംബൈ: ബോളിവുഡിൽ അവസരം നഷ്ടമാകുന്നതിനെക്കുറിച്ച് ഓസ്കാർ ജേതാവായ സംഗീതസംവിധായകൻ എ.ആർ. റഹ്മാന്റെ പ്രസ്താവനയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) രംഗത്ത്. ബോളിവുഡിൽ വീണ്ടും അവസരങ്ങൾ ലഭിക്കണമെങ്കിൽ ഘർവാപസി ചെയ്യണമെന്ന് സംഘടനയുടെ ദേശീയ വക്താവ് വിനോദ് ബൻസാൽ ആവശ്യപ്പെട്ടു. അദ്ദേഹം ഒരിക്കൽ ഹിന്ദുവായിരുന്നു. എന്തിനാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്. 'ഘർവാപസി' (ഹിന്ദു മതത്തിലേക്ക് തിരിച്ചുവരൽ) ചെയ്യൂ. ഒരുപക്ഷേ നിങ്ങൾക്ക് വീണ്ടും അവസരം കിട്ടിയേക്കാമെന്നും വിഎച്ച്പി നേതാവ് പറഞ്ഞു.
കഴിഞ്ഞ എട്ട് വർഷമായി ഹിന്ദി സിനിമാ മേഖലയിൽ നിന്ന് തനിക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നത് വർഗീയ കാരണത്താലാണെന്ന് റഹ്മാൻ പറഞ്ഞിരുന്നു. എആർ റഹ്മാൻ ഒരു പ്രത്യേക വിഭാഗവുമായി സഖ്യത്തിലായതിന്റെ ഉദാഹരണമാണ് പ്രസ്താവനയെന്ന് വിഎച്ച്പി നേതാവ് ആരോപിച്ചു. ഒരിക്കൽ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി നേതാവായിരുന്ന വിഭാഗത്തിന്റെ നേതാവായി എ.ആർ. റഹ്മാനും മാറിയെന്ന് തോന്നുന്നുവെന്ന് ബൻസാൽ പറഞ്ഞു.
ഹാമിദ് അൻസാരി പത്ത് വർഷത്തേക്ക് ആനുകൂല്യങ്ങൾ നേടിയിരുന്നുവെന്നും ഭരണഘടനാ പദവികൾ വഹിച്ചിരുന്നു. എന്നാൽ വിരമിച്ച ശേഷം അദ്ദേഹം ഇന്ത്യയെ ഇകഴ്ത്തിയെന്നും ബൻസൽ ആരോപിച്ചു. ഒരുകാലത്ത് എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളും റഹ്മാനെ ആരാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് അവസരം ലഭിക്കാത്തതിന്റെ കാരണത്തെക്കുറിച്ച് ആത്മപരിശോധന നടത്തുന്നതിനുപകരം വ്യവസ്ഥയെക്കുറിച്ച് മോശമായി സംസാരിക്കുകയും മുഴുവൻ വ്യവസായത്തെയും അപകീർത്തിപ്പെടുത്തുകയും ചെയ്യുകയാണെന്നും വിഎച്ച്പി നേതാവ് പറഞ്ഞു. ഇത്തരം പരാമർശങ്ങൾ രാഷ്ട്രീയക്കാർക്ക് യോജിച്ചതായിരിക്കാമെന്നും പക്ഷേ ഒരു കലാകാരന് യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് കഴിഞ്ഞ എട്ട് വർഷമായി ബോളിവുഡിൽ ഒരു പുറംനാട്ടുകാരനെപ്പോലെ തോന്നുന്നതായും പ്രോജക്ടുകൾ നഷ്ടമാകുന്നതായും റഹ്മാൻ പറഞ്ഞത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ