അന്താരാഷ്ട്ര പുരസ്ക്കാരങ്ങളുടെ തിളക്കവുമായി ശിവരഞ്ജിനിയുടെ 'വിക്ടോറിയ' തിയേറ്ററുകളിലേക്ക്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Published : Nov 04, 2025, 06:54 PM IST
Victoria Directed by Sivaranjini

Synopsis

ശിവരഞ്ജിനി രചനയും സംവിധാനവും നിർവഹിച്ച് കെഎസ്എഫ്ഡിസി നിർമ്മിച്ച 'വിക്ടോറിയ' ഉടൻ തീയേറ്ററുകളിലെത്തും. നിരവധി ദേശീയ-അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ചിത്രം, ഐഫ്ഫ്കെ 2024-ലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടിയിരുന്നു.

വിദേശത്തും ഇന്ത്യക്കകത്തും നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ച മലയാള ചിത്രം 'വിക്ടോറിയ' തീയ്യേറ്ററുകളിലേക്ക്. ഐ.എഫ്.എഫ്.കെ 2024ലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടിയ, ശിവരഞ്ജിനി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കെഎസ്എഫ്ഡിസിയാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറക്കി.

ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സിനിമയായ വിക്ടോറിയ നിരവധി ദേശീയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ജയന് ഗോൾഡൻ ഗ്ലോബറ്റ് ഏഷ്യൻ ടാലന്റ് മത്സര വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരവും നേടിക്കൊടുത്തു.

സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളുടെ നേർച്ചിത്രം

മുഴുവനായും സ്ത്രീ കഥാപാത്രങ്ങളുള്ള ഈ ചിത്രം ഒരു ബ്യൂട്ടീപാർലർ ജീവനക്കാരിയായ വിക്ടോറിയയുടെ ജീവിതത്തിലൂടെ സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചനക്കൊപ്പം എഡിറ്റിം​ഗും നിർവഹിച്ചിരിക്കുന്നത് സംവിധായിക ശിവരഞ്ജിനി തന്നെയാണ്. മീനാക്ഷിയെക്കൂടാതെ ശ്രീഷ്മ ചന്ദ്രൻ, ജോളി ചിറയത്ത്, ദർശന വികാസ്, സ്റ്റീജ മേരി ചിറക്കൽ, ജീന രാജീവ്, രമാ ദേവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

 

ഫിപ്രസി പുരസ്ക്കാരത്തിന് പുറമേ മുംബൈ വാട്ടർഫ്രന്റ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം,സംവിധായിക, ഛായാ​ഗ്രഹണം ഉൾപ്പടെ മൂന്ന് പുരസ്ക്കാരങ്ങൾ, സിയോളിൽ നടന്ന വനിതാ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിലെ എക്സലൻസി അവാർഡ്, മികച്ച സംവിധാനത്തിനുള്ള പതിനാലാമത് മോഹൻ രാഘവൻ അനുസ്മരണ സിനിമാ പുരസ്കാരം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം എന്നിവ വിക്ടോറിയ കരസ്ഥമാക്കി. മലേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും തായ്പോ ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിലും സൗത്ത് ആസ്ട്രേലിയയിലെ അഡ്ലെയ്ഡ് ഫെസ്റ്റിവലിലും കൽക്കത്ത, ധരംശാല ഫെസ്റ്റിവലുകളിലും ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.

ആനന്ദ് രവി ഛായാ​ഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സം​ഗീതം നിർവഹിച്ചിരിക്കുന്നത് അഭയദേവ് പ്രഫുൽ ആണ്. ​ഗാനരചന ബിലു സി നാരായണൻ. വസ്ത്രാലങ്കാരം- സതീഷ് കുളമട, മേക്കപ്പ്- സന്തോഷ് വെൺപകൽ, പ്രൊഡക്ഷൻ ഡിസൈനർ- അബ്ദുൾ ഖാദർ എ.കെ, സിങ്ക് സൗണ്ട്- കലേഷ് ലക്ഷ്മണൻ, ശബ്ദരൂപകൽപ്പന- രാധാകൃഷ്ണൻ എസ്, സ്മിജിത്ത് കുമാർ പി ബി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- തീർത്ഥാ മൈത്രി, ശബ്ദമിശ്രണം- അനൂപ് തിലക്, വിഎഫ്എക്സ്- ദീപക് ശിവൻ, ലൈൻ പ്രൊഡ്യൂസർ- എസ്.മുരുകൻ, കാസ്റ്റിം​ഗ്- അബു വളയംകുളം, സ്ക്രിപ്റ്റ് കൺസൾട്ടന്റ്- അനു കെഎ, സബ്ടൈറ്റിൽസ്- ആസിഫ് കലാം, പിആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി, സ്റ്റിൽ ഫോട്ടോ​ഗ്രാഫർ- മൈത്രി ബാബു, ടൈറ്റിൽ- ഹരിയോഡി, ഡിസൈൻ- യെല്ലോ ടൂത്ത്. കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി വനിതാ സംവിധായകർക്കായൊരുക്കിയ സംരംഭത്തിൽ പുറത്തിറങ്ങുന്ന ഈ ചിത്രം ഉടനെ തീയ്യേറ്ററുകളിലെത്തും.

 

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്