മേനോൻ എണ്ണയും കുഴമ്പും തേച്ച് തറവാടിന്റെ ഉമ്മറത്ത് ചാരുകസേരയില്‍ കിടക്കുകയാണോ ഇപ്പോഴും? തിരിച്ചുവരവിന്റെ ക്രെഡിറ്റ് മഞ്ജു വാര്യര്‍ക്ക് മാത്രമെന്നും വിധു വിൻസെന്റ്

By Web TeamFirst Published Oct 23, 2019, 10:40 AM IST
Highlights

മഞ്ജു വാര്യരുടെ തൊഴിൽ നൈപുണ്യമാണ് അവരെ സിനിമയിലേക്ക് തിരികെ കൊണ്ടുവന്നതും ഇവിടം വരെ എത്തിച്ചതുമെന്നും വിധു വിൻസെന്റ്.


സംവിധായകൻ വി എ ശ്രീകുമാര്‍ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടക്കുമെന്നാണ് പൊലീസ് അറിയിക്കുന്നതും. മഞ്ജു വാര്യര്‍ പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി വി എ ശ്രീകുമാര്‍ മേനോനും രംഗത്ത് എത്തിയിരുന്നു. മഞ്ജു വാര്യര്‍ക്ക് മികച്ച തിരിച്ചുവരവ് സമ്മാനിച്ചത് താൻ ആണെന്ന തരത്തിലായിരുന്നു പ്രതികരണം. അതിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായിക വിധു വിൻസെന്റ്. തൊഴിൽ തരുന്നയാൾ തൊഴിൽ ദാതാവാണ്, അതിനർത്ഥം അയാൾ തൊഴിലാളിയുടെ ഉടമയാണെന്നല്ല എന്ന് വിധു വിൻസെന്റ് സാമൂഹ്യമാധ്യമത്തിലൂടെ പറയുന്നു.

വിധു വിൻസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തൊഴിൽ തരുന്നയാൾ തൊഴിൽ ദാതാവാണ്, അതിനർത്ഥം അയാൾ തൊഴിലാളിയുടെ ഉടമയാണെന്നല്ല. മഞ്ജു വാര്യർക്കെതിരെയുള്ള ശ്രീകുമാരമേനോന്റെ ഫേസ്ബുക് പോസ്റ്റ് വായിച്ചപ്പോൾ ആദ്യം തോന്നിയത് ഇതാണ്. സിനിമയിൽ നിന്നും അല്പ കാലം മാറി നിന്നിട്ട് മഞ്ജു മടങ്ങി വരുമ്പോൾ അത് താനുണ്ടാക്കി കൊടുത്ത ഇടമായിരുന്നു എന്ന് ഒരാൾ കരുതുന്നുണ്ടെങ്കിൽ അയാളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഫ്യൂഡൽ ദാർഷ്ട്യം എത്രത്തോളം വലുതാണെന്ന് നമുക്കൂഹിക്കാം. തൊഴിലെടുക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. മറ്റാരെപ്പോലെയും ആവശ്യമെന്ന് തോന്നുന്ന പക്ഷം ജോലി നിർത്തി പോകാനും മടങ്ങി വരാനും എന്തു ജോലി, ആരോടൊപ്പം എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കാനും മഞ്ജുവിന് അവകാശമുണ്ട്. മഞ്ജു മലയാളത്തിലെ എണ്ണം പറഞ്ഞ അഭിനേത്രികളിൽ ഒരാളാണ്. അവരുടെ തൊഴിൽ നൈപുണ്യമാണ് അവരെ സിനിമയിലേക്ക് തിരികെ കൊണ്ടുവന്നതും ഇവിടം വരെ എത്തിച്ചതും. അതിന്റെ മുഴുവൻ ക്രെഡിറ്റും ഓണർഷിപ്പും മഞ്ജുവിന് മാത്രം അവകാശപ്പെട്ടതാണ്. ശ്രീമാൻ ശ്രീകുമാർ, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കൾ അറിഞ്ഞില്ലേ?

അതോ മേനോൻ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണോ?

click me!