മിഷൻ മംഗള്‍ പ്രദര്‍ശനത്തിന്; എപ്പോഴും സമവാക്യങ്ങളും സിദ്ധാന്തങ്ങളും സംസാരിക്കുന്നവരല്ല ശാസ്‍ത്രജ്ഞരെന്ന് വിദ്യാ ബാലൻ

By Web TeamFirst Published Aug 15, 2019, 11:56 AM IST
Highlights

ചൊവ്വാ  ദൗത്യത്തെ കുറിച്ചുള്ള കാര്യങ്ങളും എന്നെ ആകര്‍ഷിച്ചു. അവര്‍ നേരിട്ട തടസ്സങ്ങളെ കുറിച്ചും മനസ്സിലായി. വളരെയധികം ബുദ്ധിമുട്ടുകൾക്ക് ശേഷവും അവർ അത് കൈവിട്ടില്ല, അവർ പ്രശ്‌നങ്ങള്‍ മറികടന്നു, ഇത് എന്നെ അത്ഭുതപ്പെടുത്തി- വിദ്യാ ബാലൻ പറയുന്നു.

ഇന്ത്യയുടെ ചൌവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങിയ മിഷൻ മംഗള്‍ ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ ഐഎസ്‍ആര്‍ഒയിലെ വനിതാ ശാസ്‍ത്രജ്ഞയായിട്ടാണ് വിദ്യാ ബാലൻ അഭിനയിക്കുന്നത്. ശാസ്‍ത്രജ്ഞയായി അഭിനയിക്കാൻ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് പറയുകയാണ് വിദ്യാ ബാലൻ. ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യാ ബാലൻ ഇക്കാര്യം പറയുന്നത്.

വളരെ അസാധാരണമായ ആള്‍ക്കാരല്ല ശാസ്‍ത്രജ്ഞര്‍.  സമൂഹമായി അധികം ഇടപെടാത്തവരാണ് ശാസ്ത്രഞ്ജര്‍ എന്ന് ആള്‍ക്കാര്‍ക്ക് തോന്നാറുണ്ട്. അവര്‍ ഒരിക്കലും ചിരിക്കില്ല, എപ്പോഴും ശാസ്‍ത്ര പദങ്ങള്‍ സംസാരിക്കേണ്ടവരാണ് എന്നൊക്കെ പറയാറുണ്ട്. അത് അങ്ങനെയല്ല. അവരും സാധാരണ ആള്‍ക്കാര്‍ തന്നെയാണ്. ശാസ്‍ത്രം അവരുടെ പ്രൊഫഷനാണെന്നു മാത്രം. ഒരു ശാസ്‍ത്രജ്ഞൻ എന്താണ് ചെയ്‍തുകൊണ്ടിരിക്കുന്നത് ശരിക്കും എനിക്ക് അറിയില്ലായിരുന്നു. അവര്‍ എപ്പോഴും വലിയ ഗൌരവത്തിലായിരിക്കില്ല എന്ന് മനസ്സിലായിരുന്നു. എപ്പോഴും സമവാക്യങ്ങളെ കുറിച്ചും സിദ്ധാന്തങ്ങളെ കുറിച്ചും മാത്രമല്ല സംസാരിക്കുക എന്നറിയാമായിരുന്നു- വിദ്യാ ബാലൻ പറയുന്നു.  മാത്രവുമല്ല  ദൗത്യത്തെ കുറിച്ചുള്ള കാര്യങ്ങളും എന്നെ ആകര്‍ഷിച്ചു. അവര്‍ നേരിട്ട തടസ്സങ്ങളെ കുറിച്ചും മനസ്സിലായി. വളരെയധികം ബുദ്ധിമുട്ടുകൾക്ക് ശേഷവും അവർ അത് കൈവിട്ടില്ല, അവർ പ്രശ്‌നങ്ങള്‍ മറികടന്നു, ഇത് എന്നെ അത്ഭുതപ്പെടുത്തി- വിദ്യാ ബാലൻ പറയുന്നു.

ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അഭിനയിക്കുന്നത് അക്ഷയ് കുമാറാണ്. വിദ്യാ ബാലനു പുറമേ സോനാക്ഷി സിൻഹ, തപ്‍സി, കിര്‍തി, നിത്യാ മേനോൻ എന്നിവരും വനിതാ ശാസ്‍ത്രജ്ഞരായി അഭിനയിക്കുന്നു. വനിതാ ശാസ്‍ത്രജ്ഞര്‍ക്കുള്ള ആദരവ് കൂടിയാണ് ചിത്രമെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ കഥ പ്രചോദനം നല്‍കുന്നതാണെന്ന് അക്ഷയ് കുമാര്‍ പറയുന്നു. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ മികച്ച തിരക്കഥയാണ് ഇത്. ചൊവ്വയിലേക്ക് നാസ ഉപഗ്രഹം അയച്ചപ്പോള്‍ ചെലവായത് 6000  കോടി രൂപയോളമാണ്. ഐഎസ്ആര്‍ഒയ്‍ക്ക് ചെലവായത് 450 കോടി രൂപമാണ്.  വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമേ ഇത് അറിയൂ. എത്ര പണമാണ് നമ്മള്‍ ലാഭിച്ചത്. ഇങ്ങനത്തെ ഒരു കഥ ഇതുവരെ വന്നില്ല എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാൻ സിനിമ ഏറ്റെടുത്തത്- അക്ഷയ് കുമാര്‍ പറയുന്നു. പ്രൊജക്റ്റില്‍ ഭാഗഭാക്കായ വനിതാ ശാസ്‍ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമുള്ള ആദരവു കൂടിയാണ് ചിത്രമെന്നും അക്ഷയ് കുമാര്‍ പറയുന്നു.

ഐഎസ്ആര്‍ഒയിലെ പതിനേഴോളം ശാസ്‍ത്രജ്ഞരും എഞ്ചിനീയര്‍മാരുമാണ് പ്രൊജക്റ്റ് കൈകാര്യം ചെയ്‍തത്. വനിതാ ശാസ്‍ത്രജ്ഞരുടെ യഥാര്‍ഥ ജീവിത കഥ കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടും. അവരെ കുറിച്ചുകൂടിയാണ് സിനിമയില്‍ പറയാൻ ശ്രമിക്കുന്നത്. വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, തപ്‍സി, കിര്‍തി, നിത്യാ മേനോൻ എന്നിവരുമായാണ് സിനിമ ചേര്‍ന്നുനില്‍ക്കുന്നത്. ഇത് അവരുടെ സിനിമയാണ്- അക്ഷയ് കുമാര്‍ പറയുന്നു.

സിനിമയുടെ കഥാപരിസരം യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയിട്ടുള്ളതാണ്. അതേസമയം സിനിമാരൂപത്തിലേക്ക് വരുമ്പോള്‍ അതിനനുസരിച്ചുള്ള കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിനും വ്യക്തമായ ഇടം തിരക്കഥയിലുണ്ടെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. ജഗൻ ശക്തിയാണ് ചിത്രത്തിന്‍റെ സംവിധായകൻ.

click me!