
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ബീസ്റ്റ്(Beast movie) തിയറ്ററുകളിൽ എത്തി കഴിഞ്ഞു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എങ്കിൽ തന്നെയും മാസ് എന്റർടെയ്നർ ആയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ ബീസ്റ്റിന്റെ വ്യാജ പതിപ്പും പുറത്തിറങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് വിജയ് ചിത്രം റിലീസിനെത്തിയത്. മണിക്കൂറുകൾക്കുള്ളിൽ വ്യാജനും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. തമിഴ് റോക്കേഴ്‌സ്, മൂവിറൂൾസ് തുടങ്ങിയ ഓൺലൈൻ ഗ്രൂപ്പുകളാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. മുമ്പും പ്രധാന താരങ്ങളുടെ ചിത്രം ഇത്തരത്തിൽ ചോർത്തിയിട്ടുണ്ട്.
അതേസമയം, ഇത്തരം വ്യാജ പതിപ്പുകൾ ഡൗൺലോഡ് ചെയ്ത് കാണരുതെന്ന അഭ്യർഥനയുമായി വിജയ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ 800 തിയേറ്ററുകളിലും ആഗോളതലത്തിൽ ആറായിരത്തോളം സ്‌ക്രീനുകളിലുമായിരുന്നു റിലീസ്.
പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൺ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് 'ബീസ്റ്റ്'. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. ശിവകാർത്തികേയന്റെ സൂപ്പർഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകൻ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആണ് വിജയിയുടെ കഥാപാത്രം. ആദ്യം ഏപ്രിൽ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, യാഷിന്റെ കെജിഎഫും അന്നേദിവസം റിലീസ് ചെയ്യുന്നതിനാൽ ബീസ്റ്റ് ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാൻ സംവിധായകൻ നെൽസൺ ദിലീപ് കുമാറും സംഘവും തീരുമാനിക്കുക ആയിരുന്നു.
വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ