
പാന്‍ ഇന്ത്യന്‍ എന്ന വിശേഷണത്തോടെ വിവിധ ഭാഷാ പതിപ്പുകള്‍ പ്രാധാന്യത്തോടെ ഒരേ സമയം റിലീസ് ചെയ്യുന്നത് പതിവായതോടെയാണ് വിവിധ ഭാഷാ സിനിമകളിലെ താരങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതും തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ ട്രെന്‍ഡ് ആയത്. പുഷ്‍പയും വിക്രവുമൊക്കെയാണ് അതിന്‍റെ പുതിയ ഉദാഹരണങ്ങള്‍. ഇപ്പോഴിതാ വന്‍ സാമ്പത്തിക വിജയം നേടിയ, പുഷ്‍പയുടെ രണ്ടാം ഭാഗത്തിലെ (Pushpa The Rule) താരനിരയിലേക്ക് ഒരാള്‍ കൂടി എത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ തമിഴില്‍ നിന്ന് വിജയ് സേതുപതിയും (Vijay Sethupathi) എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന വിക്രത്തില്‍ കമല്‍ ഹാസനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു ഫഹദ് ഫാസിലും വിജയ് സേതുപതിയും. അതിനാല്‍ത്തന്നെ അല്ലു അര്‍ജുനൊപ്പമുള്ള ഈ കോമ്പോയുടെ ആവര്‍ത്തനം സിനിമാപ്രേമികളില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രമായിത്തന്നെ ഫഹദ് എത്തുന്ന രണ്ടാംഭാഗത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വില്ലന്‍ കഥാപാത്രത്തെയാവും വിജയ് സേതുപതി അവതരിപ്പിക്കുക. പുഷ്പ സംവിധായകന്‍ സുകുമാറിന്‍റെ അടുത്ത സുഹൃത്താണ് വിജയ് സേതുപതി. പുഷ്പ ആദ്യ ഭാഗത്തില്‍ ഒരു ഫോറസ്റ്റ് ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സുകുമാര്‍ സേതുപതിയെ സമീപിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ അത് നടക്കാതെപോയി.
അതേസമയം വിജയ് സേതുപതിയുടെ കാസ്റ്റിംഗ് സംബന്ധിച്ച് ഒഫിഷ്യല്‍ അനൌണ്‍സ്‍മെന്‍റ് ഇനിയും പുറത്തെത്തിയിട്ടില്ല. കഥാപാത്രത്തെ സേതുപതിക്ക് ഇഷ്ടമായെങ്കിലും ഡേറ്റിന്‍റെ ലഭ്യത ഒരു പ്രശ്നമായി അവശേഷിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാര്യങ്ങള്‍ നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നതുപോലെ നടന്നാല്‍ ചിത്രത്തില്‍ അല്ലു അര്‍ജുനൊപ്പം വിക്രം കോമ്പോ എത്തും. ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് സാധ്യതകളെ വിജയ് സേതുപതിയുടെ സാന്നിധ്യം വര്‍ധിപ്പിക്കും എന്നതില്‍ സംശയമില്ല.
ALSO READ : ഫഹദിന്‍റെ 'മലയൻകുഞ്ഞ്' ഓണത്തിന് ഡയറക്ട് ഒടിടി റിലീസിന്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ