
വിജയ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'ബീസ്റ്റ്'. 'ബീസ്റ്റ്' എന്ന ചിത്രത്തിന്റെ റിലീസിന് മുന്നേ ചര്‍ച്ചയായതായിരുന്നു 'ഹലമിത്തി ഹബീബോ' പാട്ട്. ഇത് ട്രെൻഡായി മാറിയിരുന്നു. ഇപ്പോഴിതാ ആ ഹിറ്റ് ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് (Beast Song).
നെറ്റ്ഫ്ലിക്സിലും, സണ്‍ നെക്സ്റ്റ് ഒടിടി പ്ലാറ്റ്ഫോമുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. മെയ് 11ന് ആണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുക. റോ ഉദ്യോഗസ്ഥാനായിട്ട് ആണ് ചിത്രത്തില്‍ വിജയ് അഭിനയിച്ചത്. 'വീര രാഘവൻ' എന്നായിരുന്നു വിജയ്‍യുടെ കഥാപാത്രത്തിന്റെ പേര്.
കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ തീവ്രവാദികള്‍ ബന്ദികളാക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമായിരുന്നു 'ബീസ്റ്റ്' പറഞ്ഞത്. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട്. റിലീസ് ദിവസം മികച്ച പ്രതികരണം ലഭിച്ചെങ്കിലും മോശം അഭിപ്രായത്തെ തുടര്‍ന്ന് ചിത്രം പിന്നോട്ടുപോയിരുന്നു. എന്തായാലും 'ബീസ്റ്റ്' എന്ന ചിത്രം ഒടിടിയിലും പ്രദര്‍ശനത്തിനെത്തുമ്പോള്‍ കൂടുതല്‍ പേരിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
'മോശം തിരക്കഥയും അവതരണവും'; ബീസ്റ്റിനെക്കുറിച്ച് വിജയ്‍യുടെ പിതാവ്
കോളിവുഡ് സമീപകാലത്ത് ഏറ്റവും പ്രതീക്ഷയര്‍പ്പിച്ച ചിത്രമായിരുന്നു വിജയ് (Vijay) നായകനായ ബീസ്റ്റ് (Beast). 'മാസ്റ്ററി'ന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനാവുന്ന ചിത്രം എന്നതിനൊപ്പം 'ഡോക്ടറി'നു ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ഈ ചിത്രത്തെക്കുറിച്ചുള്ള പ്രീ- റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകങ്ങളാണ്. എന്നാല്‍ ആദ്യദിനം തന്നെ ശരാശരി മാത്രമെന്നും മോശമെന്നുമുള്ള അഭിപ്രായങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. ചിത്രം എത്തിയതിന്‍റെ തൊട്ടുപിറ്റേന്ന് കന്നഡത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം 'കെജിഎഫ് 2' കൂടി എത്തിയതോടെ ബോക്സ് ഓഫീസിലും ബീസ്റ്റ് കടുത്ത പ്രതിസന്ധിയെ നേരിട്ടു. ചിത്രത്തെക്കുറിച്ച് വിമര്‍ശന സ്വരത്തില്‍ വിജയ്‍യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ (SA Chandrasekhar) പറഞ്ഞ അഭിപ്രായവും ചര്‍ച്ചയായിരുന്നു
ചിത്രത്തിന്‍റെ തിരക്കഥയും അവതരണവും നന്നായില്ലെന്നും ഒരു സൂപ്പര്‍താരം കേന്ദ്ര കഥാപാത്രമായി വരുന്ന സമയത്ത് പുതുതലമുറ സംവിധായകര്‍ നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്നും ചന്ദ്രശേഖര്‍ പ്രതികരിച്ചു. തന്തി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം 'ബീസ്റ്റി'നെ വിമര്‍ശിച്ചത്. 'അറബിക് കുത്ത്' പാട്ട് എത്തുന്നതു വരെ ചിത്രം താന്‍ ആസ്വദിച്ചെന്നും അതിനു ശേഷം കണ്ടിരിക്കാന്‍ പ്രേമിപ്പിക്കുന്നതായിരുന്നില്ല ചിത്രമെന്നും ചന്ദ്രശേഖര്‍ പറയുന്നു- "വിജയ് എന്ന താരത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന ചിത്രമായിപ്പോയി ഇത്. എഴുത്തിനും അവതരണത്തിനും നിലവാരമില്ല. നവാഗത സംവിധായകര്‍ക്ക് സ്ഥിരമായി സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് ഇത്. ഒന്നോ രണ്ടോ നല്ല ചിത്രങ്ങള്‍ കരിയറിന്‍റെ തുടക്കത്തില്‍ അവര്‍ ചെയ്യും. പക്ഷേ ഒരു സൂപ്പര്‍ താരത്തെ സംവിധാനം ചെയ്യാന്‍ അവസരം ലഭിക്കുമ്പോള്‍ അവര്‍ ഉദാസീനത കാട്ടും. നായകന്‍റെ താരപദവി കൊണ്ടുമാത്രം ചിത്രം രക്ഷപെടുമെന്നാണ് അവര്‍ കരുതുക", ചന്ദ്രശേഖര്‍ വിമര്‍ശിച്ചു.
താരം എത്തി എന്നതുകൊണ്ട് സംവിധായകര്‍ തങ്ങളുടെ ശൈലിയെ മാറ്റേണ്ടതില്ലെന്നും എന്നാല്‍ ഒഴിവാക്കാനാവാത്ത ഘടകങ്ങള്‍ സുഗമമായിത്തന്നെ ഉള്‍പ്പെടുത്താവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ബോക്സ് ഓഫീസില്‍ വിജയം നേടുമെങ്കിലും ചിത്രം ഒട്ടും തൃപ്‍തികരമല്ല. ഒരു സിനിമയുടെ മാജിക് അതിന്‍റെ തിരക്കഥയിലാണ്. 'ബീസ്റ്റി'ന് ഒരു നല്ല തിരക്കഥയില്ല', എസ് എ ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.
Read More: പ്രേക്ഷകരെ പോക്കറ്റിലാക്കുന്ന ഒടിടി കാഴ്‍ചകളും തുറന്നിടുന്ന സാധ്യതകളും
പൂജ ഹെഗ്‍ഡെയാണ് നായിക. സെല്‍വരാഘവന്‍, യോഗി ബാബു, റെഡിന്‍ കിംഗ്സ്‍ലി, ജോണ്‍ സുറാവു, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ഷൈന്‍ ടോം ചാക്കോ, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂര്‍ അജിത്ത് വികല്‍ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, കലാസംവിധാനം ഡി ആര്‍ കെ കിരണ്‍, വസ്ത്രാലങ്കാരം വി സായ്, പല്ലവി സിംഗ്, മേക്കപ്പ് പി നടരാജന്‍, വിഎഫ്എക്സ് ബിജോയ് അര്‍പ്പുതരാജ്, ഫാന്‍റം എഫ്എക്സ്, സ്റ്റണ്ട് അന്‍പറിവ്, നൃത്തസംവിധാനം ജാനി, ഗോപി പ്രസന്ന.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ