സിനിമയില്‍ അഭിനയിക്കാന്‍ വേണ്ട മാനദണ്ഡം എന്താണെന്ന് ചോദ്യം; വിനയന്‍റെ മറുപടിക്ക് കൈയടി

By Web TeamFirst Published Jan 8, 2022, 10:44 PM IST
Highlights

പത്തൊമ്പതാം നൂറ്റാണ്ട് ആണ് വിനയന്‍റെ പുതിയ ചിത്രം

ഒട്ടേറെ പുതുമുഖങ്ങളെ തന്‍റെ സിനിമകളിലൂടെ അവതരിപ്പിച്ചിട്ടുള്ള സംവിധായകനാണ് വിനയന്‍ (Vinayan). സിനിമാ മേഖലയിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് ഒരു പ്രേക്ഷകന്‍റെ വിമര്‍ശനാത്മകമായ ചോദ്യത്തിന് വിനയന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തന്‍റെ പുതിയ ചിത്രമായ 'പത്തൊമ്പതാം നൂറ്റാണ്ടി'ന്‍റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് വിനയന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് ഒരു പ്രേക്ഷകന്‍ ചോദ്യവുമായി എത്തിയത്. ചോദ്യം ഇങ്ങനെയായിരുന്നു..

"സിനിമയിൽ അഭിനയിക്കുന്ന ആളുകൾ മുഴുവനും പഴയ നടിയുടെ അനിയത്തി അലെങ്കിൽ പഴയ നടന്‍റെ അനിയൻ.. സിനിമാ കുടുംബത്തിലെ അംഗങ്ങൾ ആയിരിക്കും. അങ്ങനെയാ കണ്ടുവരുന്നത്. അല്ലാത്തെ കഴിവുള്ള ഒരുപാട് പേര് ഒരു ചാൻസ് ചോദിച്ചാല്‍ കിട്ടില്ല. എന്താ ഇതിനു പിന്നിലെ രഹസ്യം? അതോ പൈസയാണോ പ്രശ്‍നക്കാരന്‍ അതോ സൗന്ദര്യമോ? സൗന്ദര്യം നോക്കിയാണ് അഭിനേതാവിനെ തിരഞ്ഞെടുക്കുന്നതെങ്കിൽ സത്യൻ എന്ന അതുല്യ പ്രതിഭ ഉണ്ടാവില്ല. വിനയൻ എന്ന സംവിധായകനോട് ബഹുമാനത്തോടെ ചോദിച്ചോട്ടെ, സിനിമയിൽ അഭിനയിക്കാൻ വേണ്ട മാനദണ്ഡം എന്താണ്? കഴിവ്, പൈസ, സൗന്ദര്യം, വിദ്യാഭ്യാസം..?", എന്നായിരുന്നു പ്രേക്ഷകന്‍റെ ചോദ്യം. 

ഇതിന് വിനയന്‍ നല്‍കിയ മറുപടി ഇങ്ങനെ- "നിങ്ങൾ പറയുന്നതാണ് മാനദണ്ഡം എങ്കിൽ കലാഭവൻ മണിയെയും ജയസൂര്യയെയും മണിക്കുട്ടനെയും സെന്തിലിനെയും ഒന്നും ഞാൻ നായകൻമാരാക്കില്ലായിരുന്നല്ലോ?". നാനൂറിലേറെ ലൈക്കുകളാണ് വിനയന്‍റെ ഈ പ്രതികരണത്തിന് ഇതിനകം ലഭിച്ചിരിക്കുന്നത്. അതേസമയം പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കുന്നതാണ് വിനയന്‍റെ പുതിയ ചിത്രം. സിജു വില്‍സണ്‍ ആണ് ചിത്രത്തിലെ നായകന്‍. നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ വേഷത്തിലാണ് സിജു സ്ക്രീനില്‍ എത്തുന്നത്. 

click me!