'പത്തൊമ്പതാം നൂറ്റാണ്ടി'ലെ 'നീലി'യെ അവതരിപ്പിച്ച് വിനയന്‍; ബിഗ് ബജറ്റ് ചിത്രത്തിലെ എട്ടാമത്തെ കഥാപാത്രം

Published : Sep 30, 2021, 08:13 PM IST
'പത്തൊമ്പതാം നൂറ്റാണ്ടി'ലെ 'നീലി'യെ അവതരിപ്പിച്ച് വിനയന്‍; ബിഗ് ബജറ്റ് ചിത്രത്തിലെ എട്ടാമത്തെ കഥാപാത്രം

Synopsis

'ചാലക്കുടിക്കാരൻ ചങ്ങാതി'യിലെ ഒരു നായികയായി വന്ന രേണു ആണ് നീലിയെ അവതരിപ്പിക്കുന്നത്

വിനയന്‍റെ (Vinayan) സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് പിരീഡ് ഡ്രാമയാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' (Pathonpathaam Noottandu). ചിത്രത്തിലെ ക്യാരക്റ്റര്‍ പോസ്റ്ററുകളുടെ തുടര്‍ച്ചയായി രേണു സൗന്ദര്‍ (Renu Soundar) അവതരിപ്പിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് വിനയന്‍. 'നീലി' (Neeli) എന്ന കഥാപാത്രത്തെയാണ് രേണു അവതരിപ്പിക്കുന്നത്.

കഥാപാത്രത്തെക്കുറിച്ച് വിനയന്‍ പറയുന്നു

"പത്തൊമ്പതാം നൂറ്റാണ്ടി'ലെ എട്ടാമത് ക്യാരക്റ്റര്‍ പോസ്റ്റര്‍ ഇന്നിറങ്ങുന്നു. അധസ്ഥിതയാണെങ്കിലും പെണ്ണിന്‍റെ മാനത്തിനു വേണ്ടി പോരാടാനുള്ള അസാമാന്യ മന:ശക്തിയും സഹനശേഷിയും പ്രകടിപ്പിച്ച നീലി എന്ന കഥാപാത്രത്തെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 'ചാലക്കുടിക്കാരൻ ചങ്ങാതി'യിലെ ഒരു നായികയായി വന്ന രേണു ആണ് നീലിയെ അവതരിപ്പിക്കുന്നത്. 
     
ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ പോലും കഴിയാത്ത  സാമൂഹ്യ സാഹചര്യം നിലനിന്നിരുന്ന കാലമായിരുന്നു 19-ാം നുറ്റാണ്ടിലേത്. അനീതിയെ എതിർക്കാൻ ഒരു സംഘടനകളും ഇല്ലാതിരുന്ന കാലം. ബിജെപിയോ കോൺഗ്രസോ കമ്മ്യൂണിസ്റ്റ് പാർട്ടിയോ പോലുള്ള രാഷ്ട്രീയ സംഘടനകളേപ്പറ്റിയോ കൂട്ടായ്‍മകളെപ്പറ്റിയോ ചിന്തിക്കാൻ തുടങ്ങുക പോലും ചെയ്യാത്ത കാലം. അധികാര വർഗ്ഗത്തിനെതിരെ ആഞ്ഞൊന്നു നോക്കിയാൽ പോലും തല കാണില്ല എന്ന അവസ്ഥയുള്ള അക്കാലത്ത് പ്രത്യേകിച്ചും അധ:സ്ഥിതരായ സ്ത്രീകളുടെ കാര്യം പറയേണ്ടതുണ്ടോ? വരേണ്യവർഗ്ഗത്തിനു മുന്നിൽ വെറും 'ദുശ്ശകുന'ങ്ങളായി മാറിയ ആ അശരണക്കൂട്ടങ്ങളുടെ ഇടയിൽ നിന്നും അവർക്കു വേണ്ടി ഉയർന്ന ശബ്ദമായിരുന്നു നീലിയുടെത്. നൂറു കണക്കിനു പട്ടാളവും പൊലീസും നീലിക്കും കൂട്ടർക്കും മുന്നിൽ നിരന്നു നിന്നപ്പോഴും ഉശിരോടെ അവൾ ശബ്ദിച്ചു. "മാനമില്ലാതെ ജീവിക്കുന്നതിലും നല്ലത് മരണമാണ്"

ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പോരാളിയുടെ പിൻബലത്തിൽ തന്‍റെ സഹജീവികൾക്കു വേണ്ടി എന്തു ത്യാഗത്തിനും തയ്യാറായ നീലിയുടെ കഥ പ്രേക്ഷക മനസ്സിനെ പിടിച്ചുലയ്ക്കും. രേണു സൗന്ദർ എന്ന പുതിയ തലമുറക്കാരി ഇരുത്തം വന്ന ഒരു അഭിനേത്രിയായി മാറിയിരിക്കുന്നു, ഈ കഥാപാത്രത്തിലുടെ. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ വലിയ ചരിത്ര സിനിമ ഇതുപോലെയുള്ള നിരവധി കഥാപാത്രങ്ങളാൽ അർത്ഥവത്താകുന്നു. ഇനി വേണ്ടത് പ്രിയ സുഹൃത്തുക്കളുടെ അനുഗ്രഹമാണ്."

പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരെയാണ് സിജു വിത്സണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കയാദു ലോഹര്‍ ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നങ്ങേലിയായാണ് കയാദു സ്ക്രീനില്‍ എത്തുക. വന്‍ താരനിര അണിനിരക്കുന്ന ചിത്രവുമാണിത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുമെന്ന് വിനയന്‍ നേരത്തെ അറിയിച്ചിരുന്നു. 

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്