
എല്ലാത്തവണത്തെയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ അതേക്കുറിച്ചാണ് ചര്‍ച്ചകള്‍. തങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ചിത്രങ്ങള്‍ക്ക് അവാര്‍ഡ് ലഭിക്കാതിരുന്നതിനെക്കുറിച്ച് പ്രേക്ഷകരില്‍ ഒരു വിഭാഗം പറയുന്നുണ്ട്. റോഷാക്കും മാളികപ്പുറവും തല്ലുമാലയുമൊക്കെപ്പോലെ അത്തരത്തില്‍ ചര്‍ച്ചകളില്‍ വരുന്ന ഒരു ചിത്രമാണ് വിനയന്‍റെ സംവിധാനത്തിലെത്തിയ പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രത്തിന് മൂന്ന് പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ഷോബി തിലകന്‍), സംഗീത സംവിധായകന്‍ (എം ജയചന്ദ്രന്‍), ഗായിക (മൃദുല വാരിയര്‍) എന്നിവര്‍ക്കായിരുന്നു പുരസ്കാരങ്ങള്‍. കലാസംവിധാനമുള്‍പ്പെടെ ചിത്രം മറ്റ് പല പുരസ്കാരങ്ങള്‍ക്കും പരിഗണിക്കപ്പെടേണ്ടതായിരുന്നുവെന്ന ഒരു നിരീക്ഷണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. പുസ്തക നിരൂപകന്‍ എന്‍ ഇ സുധീറിന്‍റെ ഫേസ്ബുക്ക് കുറിപ്പിനാണ് വിനയന്‍ മറുപടി നല്‍കിയത്.
എന്‍ ഇ സുധീറിന്‍റെ കുറിപ്പ് ഇപ്രകാരമായിരുന്നു
'പത്തൊമ്പതാം നൂറ്റാണ്ട് ' എന്ന സിനിമ നമ്മുടെ ചലച്ചിത്ര പുരസ്കാര ജൂറി കണ്ടില്ലെന്നുണ്ടോ? സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൻ്റെ വിശദവിവരങ്ങൾ രാവിലെ പത്രത്തിൽ വായിക്കുമ്പോൾ മനസ്സിൽ വന്ന പ്രധാന സംശയമായിരുന്നു ഇത്. വിനയൻ സംവിധാനം ചെയ്ത 'പത്തൊമ്പതാം നൂറ്റാണ്ട് ' എന്ന സിനിമ പ്രധാനപ്പെട്ട ഒരു വിഭാഗത്തിലും പരിഗണിക്കപ്പെട്ടതായി തോന്നിയില്ല. മിക്കവാറും വിഭാഗങ്ങളിൽ അവഗണിക്കപ്പെട്ടിരിക്കുന്നു എന്നു തന്നെ തോന്നി. സാങ്കേതികമായി വലിയൊരളവിൽ മികവ് കാട്ടി വിസ്മയിപ്പിച്ച ഒന്നായിരുന്നു 'പത്തൊമ്പതാം നൂറ്റാണ്ട് '. മറ്റെന്ത് കണ്ടില്ലെന്ന് നടിച്ചാലും ആ ചിത്രത്തിലാകെ മികവോടെ നിറഞ്ഞു നിന്ന കലാസംവിധാനം എങ്ങനെ അവഗണിക്കപ്പെട്ടു? സാമൂഹ്യപ്രാധാന്യമുള്ള സിനിമ എന്ന നിലയിൽ എന്തുകൊണ്ട് വിലയിരുത്തപ്പെട്ടില്ല? ഇങ്ങനെ ചോദ്യങ്ങൾ പലതുണ്ട്. മൊത്തത്തിൽ എന്തോ ഒരു പന്തികേട്. സംവിധായകൻ വിനയന് ഇതിലൊന്നും പുതുമയുണ്ടാവില്ല. അതൊക്കെ ശീലിച്ചു മുന്നേറാൻ വിധിക്കപ്പെട്ട ഒരു കലാകാരനാണല്ലോ അദ്ദേഹം. അപ്പോഴും സിനിമാസ്വാദകരിൽ അത് വേദനയുണ്ടാക്കുക തന്നെ ചെയ്യും. കേരളത്തിന്റെ ചരിത്രത്തിൽ അർഹിക്കുന്ന സ്ഥാനം കിട്ടാതെ പോയ വേലായുധപ്പണിക്കരെന്ന മനുഷ്യന്റെ കഥ ഒരുവിധം ഭംഗിയായി പറഞ്ഞ ഒരു സിനിമയ്ക്കും അദ്ദേഹത്തിൻ്റെ ദുർഗതി തന്നെ വന്നുപെട്ടു എന്ന് സാരം.
ഇതിന് വിനയന്‍റെ പ്രതികരണം ഇങ്ങനെ- എൻെറ സിനിമയെക്കുറിച്ച് ശ്രീ. എൻ ഇ സുധീർ എഴുതിയ നല്ല വാക്കുകൾക്ക് നന്ദി... പക്ഷേ ഒരു ജൂറിയുടെ മുന്നിൽ അവാർഡിനായി കൊടുത്തു കഴിഞ്ഞാൽ പിന്നെ പരാതിക്കൊന്നും പ്രസക്തിയില്ല.. ഞാൻ ഇത്രയും പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണു സത്യം.. മൂന്ന് അവാർഡ് തന്നില്ലേ..? അക്കാഡമി ചെയർമാൻ രഞ്ജിത്തിനോടാണ് എൻെറ കടപ്പാട്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ