വിനീത് ശ്രീനിവാസന്‍ ആദ്യമായി സംഗീത സംവിധായകനാവുന്നു; പാടുന്നത് ഭാര്യ ദിവ്യ

By Web TeamFirst Published Sep 15, 2020, 11:57 PM IST
Highlights

'ഉയര്‍ന്നു പറന്ന്' എന്നാണ് ഗാനത്തിന് പേര് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് അഞ്ചിന് ഗാനം പുറത്തെത്തുമെന്നും വിനീത് പറയുന്നു

നടനായും സംവിധായകനായുമൊക്കെ എത്തും മുന്‍പ് ഗായകനായാണ് വിനീത് ശ്രീനിവാസനെ മലയാളികള്‍ക്ക് പരിചയം. കിളിച്ചുണ്ടന്‍ മാമ്പഴം മുതല്‍ പുറത്തിറങ്ങാനിരിക്കുന്ന സാജന്‍ ബേക്കറി വരെ അനേകം സിനിമകളിലെ മനോഹര ഗാനങ്ങള്‍ വിനീതിന്‍റെ ശബ്ദത്തില്‍ നാം കേട്ടുകഴിഞ്ഞു. ഒപ്പം നിരവധി ആല്‍ബങ്ങളും. എന്നാല്‍ വിനീത് ഇതുവരെ സംഗീതസംവിധാനം നിര്‍വ്വഹിച്ച ഒരു ഗാനം നാം കേട്ടിട്ടില്ല. എന്നാല്‍ അത്തരത്തിലൊന്ന് ഇതാ ആസ്വാദകര്‍ക്ക് മുന്നിലേക്ക് എത്തുന്നു.

വിനീത് ശ്രീനിവാസന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മറ്റൊരു സര്‍പ്രൈസ് വിനീത് ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീതിന്‍റെ ഭാര്യ ദിവ്യ ആണെന്നുള്ളതാണ്. ദിവ്യയുടെ ആദ്യ ഗാനവുമാണ് ഇത്. "ദിവ്യയ്ക്കൊപ്പം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതിന്‍റെ തിരക്കിലായിരുന്നു. ഇത് ഒരു സിംഗിള്‍ ആണ്. ഒരു ഗായിക എന്ന നിലയില്‍ അവള്‍ ആദ്യമായാണ്, ഒരു സംഗീത സംവിധായകന്‍ എന്ന നിലയില്‍ ഞാനും", വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.

'ഉയര്‍ന്നു പറന്ന്' എന്നാണ് ഗാനത്തിന് പേര് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് അഞ്ചിന് ഗാനം പുറത്തെത്തുമെന്നും വിനീത് പറയുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് ഒരു തമിഴ് ഗാനം ഭാര്യ ആലപിക്കുന്നതിന്‍റെ വീഡിയോ വിനീത് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ആദ്യമായാണ് പാടുന്നത് റെക്കോര്‍ഡ് ചെയ്യാന്‍ ഭാര്യ സമ്മതിക്കുന്നതെന്നും വിനീത് പോസ്റ്റില്‍ കുറിച്ചിരുന്നു. 

click me!