ബോളിവുഡ് താരം സെയ്ഫ് അലി ഖാന് പിടികിട്ടാപ്പുളളി സീഷാൻ അക്തറിന്‍റെ പേരിൽ വധഭീഷണി സന്ദേശം
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് വധഭീഷണി. പിടികിട്ടാപ്പുളളി സീഷാൻ അക്തറിന്റെ പേരിലാണ് ഭീഷണി സന്ദേശം എത്തിയത്. മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖി വധക്കേസിലെ ഒളിവിൽ കഴിയുന്ന പ്രതിയാണ് സീഷാൻ അക്തർ. ബോളിവുഡ് നടിയും സെയ്ഫ് അലി ഖാന്‍റെ ഭാര്യയുമായ കരീന കപൂർ ദീപാവലി പാർട്ടിയിൽ ധരിച്ച ആഭരണവുമായി ബന്ധപ്പെട്ടാണ് ഭീഷണി. നടന്‍റെ ഫോണിലേക്ക് വോയ്സ് ക്ലിപ്പിന്‍റെ രൂപത്തിലാണ് ഭീഷണി സന്ദേശം എത്തിയത്. ബാബ സിദ്ദിഖിയുടെ അതേ വിധി നേരിടും എന്നായിരുന്നു ഭീഷണി. അതേസമയം വോയ്‌സ് ക്ലിപ്പിന്റെ ആധികാരികത പരിശോധിക്കുകയാണെന്ന് മുംബൈ പോലീസ് അറിയിച്ചു.
പുതിയ സാഹചര്യത്തില്‍ പ്രത്യേക സുരക്ഷ തേടി ബോളിവുഡ് താരങ്ങൾ പൊലീസിനെ സമീപിച്ചിട്ടുണ്ട്. സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ രണ്ട് ബോളിവുഡ് നടൻമാരാണ് മുംബൈ പോലീസിനെ സമീപിച്ചത്. ഈ അപേക്ഷകൾ പരിശോധിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. താരങ്ങൾക്ക് എക്സ് കാറ്റഗറി സുരക്ഷ നൽകുന്ന കാര്യം പരിഗണിക്കുന്നതായും പൊലീസ് പറയുന്നു. രണ്ട് സൂപ്പർ താരങ്ങളുടെ സുരക്ഷ വൈ പ്ലസ് കാറ്റഗറിയിലേക്ക് നേരത്തെ ഉയർത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ തുഷാര്‍ കപൂറും ആയുഷ്മാന്‍ ഖുറാനയും സമാന ഭീഷണികള്‍ മുന്‍പ് നേരിട്ടിട്ടുണ്ട്.
സമാനമായ ഒരു കേസില്‍ മുംബൈ പൊലീസ് ബെംഗളൂരുവില്‍ നിന്ന് ഒരു മുപ്പതുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐഐടി ബിരുദധാരിയായ വൈഭവ് മിശ്ര എന്നയാളാണ് പിടിയിലായത്. ക്രിമിനല്‍ സംഘങ്ങളുമായൊന്നും ബന്ധമില്ലാത്ത ഇയാള്‍ എഐ ഉപയോഗിച്ച് വധഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നു.
മഹാരാഷ്ട്ര മുന്‍ മന്ത്രിയായ ബാബ സിദ്ദിഖി 2024 ഒക്ടോബര്‍ 12 നാണ് കൊല്ലപ്പെട്ടത്. മകന്‍ സീഷാന്‍ സിദ്ദിഖിയുടെ ഓഫീസിന് പുറത്ത് മൂന്ന് പേര്‍ അദ്ദേഹത്തെ വെടിവെക്കുകയായിരുന്നു.













