
പ്രണവ് മോഹൻലാലിനെ(Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം(Hridayam) വിജയകരമായി പ്രദർശനം തുടരുകയാണ്. നിറഞ്ഞ കയ്യടികളോടെയാണ് സിനിമ മുന്നേറുന്നത്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഈ അവസരത്തിൽ ഹൃദയം കണ്ട ഒരു പ്രേക്ഷകന്റെ പ്രതികരണവും അതിന് വിനീത് നൽകിയ മറുപടിയും ശ്രദ്ധനേടുകയാണ്.
"ചേട്ടാ ഒരുമാതിരി പടം എടുത്തു വെച്ചു ഇങ്ങനെ ദ്രോഹം ചെയ്യല്ലട്ടോ? മനുഷ്യന്റെ പൈസ കളയാൻ വേണ്ടി മെനകെട്ടു ഇറങ്ങിയേക്കുകയാണോ? ഇന്ന് രണ്ടാം തവണ...ഹൃദയം", എന്നായിരുന്നു ആരാധകന്റെ രസകരമായ കമന്റ്. പിന്നാലെ മറുപടിയുമായി വിനീതും എത്തി. ചിരിക്കുന്ന സ്മൈലിയും കൈ തൊഴുന്ന സിംമ്പലുമാണ് വിനീത് കമന്റായി നൽകിയത്.
ജനുവരി 21നാണ് ഹൃദയം കേരളത്തിലെ തിയറ്ററുകളിൽ എത്തിയത്. കൊവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ, റിലീസ് സംബന്ധിച്ച് പ്രതിസന്ധികൾ ഉണ്ടായിരുന്നുവെങ്കിലും മുന്നോട്ട് പോകാൻ അണിയറപ്രവർത്തകർ തീരുമാനിക്കുക ആയിരുന്നു. 15 പാട്ടുകളുമായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. അതേസമയം, ഓസ്ട്രേലിയയില്‍ 34 സ്ക്രീനുകളിലും ന്യൂസിലന്‍ഡില്‍ 21 സ്ക്രീനുകളിലും ഹൃദയം പ്രദര്‍ശനമാരംഭിച്ചിരിക്കുകയാണ്. മികച്ച കളക്ഷനാണ് ഇവിടങ്ങളിൽ ചിത്രത്തിന് ലഭിക്കുന്നത്.