
അനൂപ് മേനോന്‍റെ തിരക്കഥയില്‍ താന്‍ സംവിധാനം ചെയ്‍ത ട്രിവാന്‍ഡ്രം ലോഡ്‍ജ് എന്ന സിനിമയെക്കുറിച്ച് അല്‍ഫോന്‍സ് പുത്രന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി വി കെ പ്രകാശ്. അടുത്തിടെ 'പാട്ട്' എന്ന തന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചതിനു പിന്നാലെ അദ്ദേഹത്തിന്‍റെ ചില പഴയ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അത്തരത്തിലൊരു അഭിമുഖത്തില്‍ മലയാളത്തിലെ ന്യൂജനറേഷന്‍ സിനിമ 'അശ്ലീലം' നിറഞ്ഞതാണെന്ന വിമര്‍ശനത്തോട് പ്രതികരിക്കവെയാണ് അല്‍ഫോന്‍സ് പുത്രന്‍ ട്രിവാന്‍ഡ്രം ലോഡ്‍ജിനെക്കുറിച്ചും അനൂപ് മേനോന്‍റെ തിരക്കഥകളെക്കുറിച്ചും പരാമര്‍ശിച്ചത്.
അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞത്
"മൂന്നോ നാലോ സിനിമകളില്‍ മാത്രമാണ് ഈ അശ്ലീലം എന്നു പറയുന്നു സംഭവമുള്ളത്. ട്രിവാന്‍ഡ്രം ലോഡ്‍ജ് എന്ന സിനിമ യു സര്‍ട്ടിഫിക്കറ്റ് ഇട്ടു വിട്ടതാണ് ഒരു പ്രശ്നം. അതിലായിരുന്നു ഇച്ചിരി എ ഡയലോഗ്‍സ് ഉണ്ടായിരുന്നത്. നോര്‍മല്‍ ഓഡിയന്‍സിനൊപ്പം ഇരുന്ന് കാണുന്ന ഒരു പ്രശ്‍നം. അതിന് യു സര്‍ട്ടിഫിക്കറ്റ് കൊടുത്തത് സെന്‍സറുകാരോട് ചോദിക്കേണ്ട കേസാണ്. പിന്നെ ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രം. ഈ അനൂപ് മേനോന്‍റെ സിനിമകള്‍ക്കാണല്ലോ ഈ ലേബല്‍ ഉള്ളത് ശരിക്കും. ആഷിക് അബുവിന്‍റെ സിനിമകള്‍ക്കില്ല അത്. ആഷിക് അബുവിന്‍റെ ഏത് സിനിമകളിലാണ് അശ്ലീലം ഉള്ളത്? ഞാന്‍ കണ്ടിട്ടില്ല. സമീര്‍ താഹിറിന്‍റെ സിനിമയിലും വൃത്തികേട് ഇല്ല. വിനീത് ശ്രീനിവാസന്‍റെ പടത്തില്‍ ഇല്ല. ന്യൂജനറേഷന്‍ എന്നുപറയുന്നത് അനൂപ് മേനോന്‍റെ സിനിമകളെ മാത്രമല്ലല്ലോ. അങ്ങനെയുള്ള സിനിമകള്‍ ഇഷ്ടപ്പെടുന്ന ആള്‍ക്കാരുണ്ട്. അവരത് കണ്ടോട്ടെ. ഈ യു സര്‍ട്ടിഫിക്കറ്റിന്‍റെ പ്രശ്നത്തില്‍ മാത്രമാണ് അശ്ലീല ചര്‍ച്ചകളിലേക്ക് പോയത്. നല്ല സിനിമകള്‍ക്കുവേണ്ടിയാണ് മലയാള സിനിമ മാറിയിരിക്കുന്നത്. മൂന്ന്, നാല് സിനിമകള്‍ വച്ചിട്ട് മലയാളസിനിമ തരംതാണുപോയി എന്ന് പറയുന്നവരോട് എനിക്കും വലിയ താല്‍പര്യമൊന്നുമില്ല."
വി കെ പ്രകാശിന്‍റെ പ്രതികരണം
എന്നാല്‍ അല്‍ഫോന്‍സ് പുത്രനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ അഭിപ്രായപ്രകടനം സ്വന്തം കര്‍മ്മ മേഖലയോടുള്ള പൂര്‍ണ്ണമായ അനാദരവാണെന്നും വി കെ പ്രകാശ് ഫേസ്ബുക്കില്‍ കുറിച്ചു. "ഈ മഹാനായ മനുഷ്യന്‍റെ അഭിമുഖം ഇപ്പോഴാണ് കണ്ടത്. ഇത് എപ്പോള്‍ വന്നതാണെന്ന് അറിയില്ല. സാധാരണ കാര്യമില്ലാത്ത സംഭാഷണം ഞാന്‍ നടത്താറില്ല. പക്ഷേ ഇതു കണ്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നി. സമൂഹമാധ്യമങ്ങളില്‍ പോപ്പുലര്‍ അല്ലാത്ത മറ്റു സംവിധായകര്‍ക്കുവേണ്ടിയാണ് ഈ പ്രതികരണം. ട്രിവാന്‍ഡ്രം ലോഡ്‍ജ് ഒരു യു സര്‍ട്ടിഫിക്കറ്റ് ചിത്രമല്ലെന്ന് പറഞ്ഞുകൊള്ളട്ടെ. അതിന് യുഎ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു. ചിത്രത്തിന് എന്തുകൊണ്ട് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുവെന്ന് ആ സമയത്ത് സെന്‍സര്‍ ഓഫീസര്‍ വിശദീകരിച്ചിരുന്നതുമാണ്. മറ്റു സംവിധായകരുടെ സിനിമകളെക്കുറിച്ച് അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനത്തെക്കുറിച്ചും എനിക്ക് വിയോജിപ്പുണ്ട്. കാരണം എനിക്ക് ചൂണ്ടിക്കാണിക്കാനാവും. പിന്നെ ചില സിനിമകള്‍ സംവിധായകരുടേതെന്നും മറ്റു ചില സിനിമകള്‍ എഴുത്തുകാരുടേതെന്നും നോക്കിക്കാണുന്നത് എങ്ങനെയാണ്? ഇത് സ്വന്തം കര്‍മ്മ മേഖലയോടുള്ള അദ്ദേഹത്തിന്‍റെ പൂര്‍ണ്ണമായ അനാദരവാണ്. താങ്കളെയോര്‍ത്ത് ലജ്ജിക്കുന്നു അല്‍ഫോന്‍സ് പുത്രന്‍. ഇത് എപ്പോള്‍ വന്ന അഭിമുഖമാണെന്ന് എനിക്കറിയില്ല. എപ്പോള്‍ വന്നതാണെങ്കിലും ഇത് മോശമാണ്."
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ