"ജാമിയ മിലിയയിലെ സീനിയര്‍ പ്രൊഫസര്‍ ഒരു കുറിപ്പെഴുതി. ഇരട്ടത്താപ്പിന്റെ മുഖമാണ് കൃഷ്ണകുമാറിനെന്ന്. വാളയാര്‍ കഴിഞ്ഞാല്‍ കൃഷ്ണ കുമാറിനെ ആര്‍ക്കുമറിയില്ല. എഴുതി എഴുതി നോര്‍ത്ത് ഇന്ത്യയില്‍ വരെ വലിയ സംഭവമായി." G Krishnakumar

നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ കുടുംബത്തോടൊപ്പം അബുദാബിയിലെ ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ ചില സോഷ്യൽ മീഡിയ അകൗണ്ടുകൾ വഴി ചിത്രങ്ങൾ മതസപർദ്ധ വളർത്തുന്ന തരത്തിൽ പ്രചരിക്കപ്പെടുകയും കൃഷ്ണകുമാറിനെതിരെ വിമർശങ്ങളും ഉയർന്നുവന്നിരുന്നു. ഇപ്പോഴിതാ ആ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് കൃഷ്ണകുമാർ. അബായ ധരിച്ചുകൊണ്ട് മോസ്‌ക് സന്ദർശിച്ചതിനെതിരെ തനിക്കും കുടുംബത്തിനുമെതിരെ വലിയ വിമർശനമാണ് ഉണ്ടായതെന്നാണ് കൃഷ്ണകുമാർ പറയുന്നത്. ഓരോ രാജ്യത്ത് പോയാലും അവിടുത്തെ നിയമങ്ങൾ അനുസരിക്കണമെന്നും ആ വസ്ത്രം ധരിച്ചത് കൊണ്ട് മോസ്കിനുള്ളിൽ കയറി കാണാൻ കഴിഞ്ഞു എന്നാണ് കൃഷ്ണകുമാർ പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

"വലിയൊരു വിവാദമുണ്ടായി. ഞാനും മക്കളും കൂടെ അബുദാബിയില്‍ പോയി. എനിക്കും മക്കള്‍ക്കുമൊരു ആഗ്രഹം അവിടുത്ത ഗ്രാന്റ് മോസ്‌കിലൊന്ന് കയറണം. നല്ല മനോഹരമായ ബില്‍ഡിംഗ് ആണ്. അവിടെ കയറാന്‍ അബായ എന്നൊരു വസ്ത്രമുണ്ട്. അത് ധരിക്കണം. ഞങ്ങളത് വാങ്ങി ധരിച്ചാണ് കയറിയത്. ഫോട്ടോ സോഷ്യല്‍ മീഡിയയിലിടുകയും ചെയ്തു. എനിക്ക് വളരെ പ്രിയപ്പെട്ട യാത്രയായിരുന്നു. വലിയ പ്രശ്‌നമായി. ജാമിയ മിലിയയിലെ സീനിയര്‍ പ്രൊഫസര്‍ ഒരു കുറിപ്പെഴുതി. ഇരട്ടത്താപ്പിന്റെ മുഖമാണ് കൃഷ്ണകുമാറിനെന്ന്. വാളയാര്‍ കഴിഞ്ഞാല്‍ കൃഷ്ണ കുമാറിനെ ആര്‍ക്കുമറിയില്ല. എഴുതി എഴുതി നോര്‍ത്ത് ഇന്ത്യയില്‍ വരെ വലിയ സംഭവമായി." കൃഷ്ണകുമാർ പറയുന്നു.

"എന്റെ പാര്‍ട്ടിയുടെ ആള്‍ക്കാര്‍ വിളിച്ച് ഇതെന്താണ് സംഭവമെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞുകൊടുത്തു, ഞാന്‍ അമേരിക്കയില്‍ പോയാല്‍ എനിക്ക് ഇന്റര്‍നാഷണല്‍ ലൈസന്‍സ് ഉണ്ടെങ്കിലും അവിടെ ചെന്നാല്‍ ലെഫ്റ്റ് ഹാന്റ് ഡ്രൈവ് ചെയ്യാനേ പറ്റൂ, റൈറ്റ് ഹാന്റ് ഡ്രൈവ് പറ്റില്ല. അബുദാബിയില്‍ പോയാല്‍ അവിടുത്തെ നിയമം എന്താണോ അത് പാലിക്കണം. അതുപോലെ തന്നെ ഇന്ത്യയിലൊരു നിയമമുണ്ടെങ്കില്‍ അത് പാലിക്കുക. അത്രയേയുള്ളൂ. അങ്ങനൊരു നിയമം ഉണ്ടേല്‍ പാലിക്കണം. ആ ഡ്രസ് ഇട്ടതു കൊണ്ട് എന്റെ മക്കള്‍ക്കും എനിക്കും എന്ത് സംഭവിച്ചു? ഇട്ടതു കൊണ്ട് കയറി കാണാന്‍ പറ്റി. സന്തോഷം കിട്ടി. ഇടില്ലെന്ന് പറഞ്ഞാല്‍ കാണാന്‍ പറ്റില്ല, സന്തോഷിക്കാന്‍ പറ്റില്ല." കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.