
മലയാളികൾക്ക് സുപരിചിതനായ ട്രാവൽ വ്ലോഗറാണ് ഹിച്ച്ഹൈക്കിങ് നൊമാഡ് എന്ന മാഹീൻ. ഏതാനും ദിവസം മുൻപ് ആമസോൺ നദിയിൽ മാഹീൻ സാഹസിക യാത്ര നടത്തിയിരുന്നു. ഒരു ചങ്ങാടത്തിലായിരുന്നു മാഹീനും സുഹൃത്തുക്കളും പോയത്. പിന്നീട് രണ്ട് മൂന്ന് ദിവസത്തേക്ക് മാഹീന്റെ വീഡിയോകളൊന്നും തന്നെ വന്നില്ല. ഇതോടെ ഇയാൾക്ക് എന്തെങ്കിലും അപകടം പറ്റിയോ എന്ന ആശങ്കയിലായിരുന്നു ഫോളോവേഴ്സ്. ഇപ്പോഴിതാ ഇതിനെല്ലാം ഉത്തരവുമായി മാഹീൻ തന്നെ എത്തിയിരിക്കുകയാണ്. വലിയൊരു അപകടത്തിൽ നിന്നുമാണ് താൻ രക്ഷപ്പെട്ടതെന്ന് മാഹീൻ പറയുന്നു.
ഒരിക്കലും വിവരിക്കാന്‍ പറ്റാനാകാത്ത അപകടമാണ് നടന്നത്. എന്‍റെ ജീവിതത്തില്‍ നടന്ന ഏറ്റവും വലിയൊരു അപകടമാണിത്. ഇതൊക്കെ ഞാന്‍ എങ്ങനെ അതിജീവിച്ചു എന്നത് എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഭാവിയില്‍ എന്‍റെ കൊച്ചുമക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ ഒരു കഥ കൂടിയായി. ആമസോണ്‍ റിവറിലെ അപകടത്തെ അതിജീവിച്ച കഥ.
കഴിഞ്ഞ ദിവസമാണ് യാത്ര ആരംഭിച്ചത്. യാത്ര തുടങ്ങി കുറേ ദൂരം കഴിഞ്ഞപ്പോള്‍ വലിയ മഴ വന്നു. അതുകാരണം പുഴയുടെ ഒഴുക്കും കൂടി. വലിയ മരങ്ങള്‍ പുഴയുടെ നടുക്കൊക്കെ സ്റ്റക്കായി കിടക്കുന്നുണ്ടായിരുന്നു. അതെല്ലാം താണ്ടി നമ്മള്‍ പോയി. ഒരു സ്ഥലത്ത് എത്തിയപ്പോള്‍ ഒഴുക്ക് കാരണം ക്രോസ് ചെയ്യാന്‍ പറ്റിയില്ല. ചങ്ങാടം ഇടിച്ചു. മറിഞ്ഞു. അടിയിലൂടെ ഒഴുകാന്‍ തുടങ്ങി. അതാണ് എന്റെ ഓർമ. ഒരു തടിയില്‍ പിടിച്ചെങ്കിലും അത് പൊട്ടി വീണു. വേറൊരു തടിയില്‍ വീണ്ടും പിടിച്ച് നിന്നു. ഇതിനിടയില്‍ സാധനങ്ങളും ചങ്ങാടവും സുഹൃത്തുക്കളും പുഴ എടുത്തോണ്ട് പോയി. ഞാന്‍ ഒറ്റക്കായി. പുഴയില്‍ നിന്നും കാട്ടിലേക്ക് കയറണം എന്നതായി എന്‍റെ ചിന്ത. കാട്ടിലെത്തിയാല്‍ ഞാന്‍ സര്‍വൈവ് ചെയ്യുമെന്ന് ഉറപ്പുണ്ടായിരുന്നു. ഒടുവില്‍ പുഴയിലേക്ക് ചാടി 30 സെക്കന്‍റോളം മരണ വെപ്രാളത്തില്‍ നീന്തി. വലിയൊരു തടിയില്‍ കയറി പിടിച്ചു. അവിടെന്ന് വീണ്ടും നീന്തി എങ്ങനെയൊക്കെയോ കരയില്‍ എത്തി. കയ്യിലും കാലിലും മുറിവുകളായി. എനിക്ക് ഒപ്പമുള്ളവരെ പുഴയുടെ സമീപത്തുള്ള ഗ്രാമവാസികളാണ് രക്ഷിച്ചത്. അവര്‍ തന്നെയാണ് കാട്ടില്‍ പെട്ട എന്നെ രക്ഷിച്ചതും.
ഇമോഷണല്‍ കണക്ഷനുള്ള ചങ്ങാടം ആയിരുന്നു അത്. എന്‍റെ വീട് പോലെ ആയിരുന്നു. ഈ വീഡിയോ എടുക്കാന്‍ ഞാന്‍ ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ല. രക്ഷപ്പെടുമെന്നും കരുതിയില്ല. നിങ്ങളുടെ പ്രാര്‍ത്ഥനകളാണ്. ല്ലെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ഫോണും ക്യാമറയും നഷ്ടപ്പെട്ടു. ക്യാമറ പൊട്ടിയാണ് വെള്ളത്തില്‍ പോയത്. ദേഹം മുഴുവന്‍ വേദനയായിരുന്നു. മരത്തിനിടയിലൂടെ പോയതിന്‍റെ വേദനയുണ്ട്. വാരിയെല്ലിനൊക്കെ. ഞാൻ വീണ്ടും ആമസോൺ നദിയിലൂടെ സഞ്ചരിക്കും. അത് ചിലപ്പോൾ ഒറ്റക്കായിരിക്കും. അതിനുള്ള കോൺഫിഡൻസ് ഉണ്ട്.
വീഡിയോ വന്നതിന് പിന്നാലെ വിമർശനങ്ങളും മാഹീന് എതിരെ വരികയാണ്. ഈ പറഞ്ഞത് ശരിയാണെങ്കിൽ വരുത്തി വച്ച അപകടമാണെന്നാണ് ഇവർ പറയുന്നത്. "ഒരു പൊട്ട ചെങ്ങാടവും ഉണ്ടാക്കി മുന്നോട്ട് പോയപ്പോൾ ഓർക്കേണ്ടതായിരുന്നു, അതൊരു അപകടം ഒന്നുമില്ല. നാലു തടി കൂട്ടി കെട്ടി പൊട്ട ചങ്ങാടം ഉണ്ടാക്കി മനപ്പൂർവ്വം പോയതാണ്. നിങ്ങൾക്കറിയാമായിരുന്നു അത് അപകടത്തിൽ ചെന്ന് ചാടും എന്ന്. വേണമെങ്കിൽ ബോട്ടുകൾ വാടകയ്ക്ക് കിട്ടും. അവിടെയാണ് നിങ്ങൾ നാലു തടി കൂട്ടി കെട്ടി കുത്തൊഴുക്കുള്ള നദിയിൽ കൂടി യാത്ര ചെയ്തത്, യാത്ര സാഹസികമല്ല മറിച്ച് അവിവേകം ആണ്", എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ