‘ആണത്തമെന്ന പരികല്‍പ്പനയെ പൂര്‍ണ്ണമായി തള്ളിക്കളയുന്ന ഇഷ്ക്'; പ്രശംസയുമായി വിടി ബല്‍റാം

By Web TeamFirst Published May 29, 2019, 12:59 PM IST
Highlights

സദാചാരപ്പോലീസിംഗും സ്വകാര്യതയിലേക്കുള്ള തുറിച്ചുനോട്ടവും ആണത്തധാരണകളുമൊക്കെ നമ്മുടെ സാംസ്കാരിക മുഖ്യധാരയായി തുടരുന്നിടത്തോളം ഇതുപോലുള്ള സിനിമകൾ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. 

തിരുവനന്തപുരം: അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത് ഷെയിന്‍ നിഗം നായക വേഷത്തിലെത്തിയ ഇഷ്‌ക് തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സദാചാര പൊലീസിങ്ങിന്റെ കഥ പറയുന്ന ചിത്രം വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സമകാലിക പ്രസക്തിയുള്ള ചിത്രത്തെ പ്രശംസിച്ച് വിടി ബല്‍റാം എംഎല്‍എയും രംഗത്തെത്തി. ആണത്തമെന്ന പരികല്‍പ്പനയെ പൂര്‍ണ്ണമായി തള്ളിക്കളയുന്ന ക്ലൈമാക്‌സ് ശ്രദ്ധേയമാണെന്ന് ചിത്രം കണ്ട ശേഷം ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

'ഇഷ്ക്' കണ്ടു. എംഎൽഎമാർക്കുള്ള പ്രത്യേക ഷോയ്ക്ക് സംവിധായകൻ അനുരാജ് മനോഹർ അടക്കമുള്ള അണിയറ പ്രവർത്തരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. സമകാലിക പ്രസക്തി ഏറെയുള്ളതാണ് പ്രമേയമെന്നതിൽ തർക്കമില്ല. സദാചാരപ്പോലീസിംഗും സ്വകാര്യതയിലേക്കുള്ള തുറിച്ചുനോട്ടവും ആണത്തധാരണകളുമൊക്കെ നമ്മുടെ സാംസ്കാരിക മുഖ്യധാരയായി തുടരുന്നിടത്തോളം ഇതുപോലുള്ള സിനിമകൾ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. 'സെക്സി ദുർഗ'യുമായുള്ള ആശയ സാമ്യം ഇതിനോടകം ചർച്ചയായിട്ടുണ്ട്. അവതരണം പലപ്പോഴും 'കോക്ടൈലി'നേയും ഓർമ്മിപ്പിച്ചു.

കഥയിൽ ചിലയിടത്ത് വേണ്ടത്ര യുക്തിഭദ്രത തോന്നിയില്ലെങ്കിലും പൊതുവിൽ തിരക്കഥ രതീഷ് രവി മനോഹരമാക്കി. ഒന്നാം പകുതിയിലെ അൽപം ലാഗ് മനപൂർവ്വമാണെന്ന് തോന്നുന്നു. ഇന്റർവെല്ലിനു ശേഷം അത് നല്ല നിലക്ക് പരിഹരിക്കപ്പെടുന്നുണ്ട്. കാസ്റ്റിംഗ് ഗംഭീരമായിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഷെയ്നും ഷൈനും ആൻ ശീതളും ലിയോണയും ജാഫർ ഇടുക്കിയുമൊക്കെ തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയാക്കി. ഷൈൻ ടോം ചാക്കോക്ക് ചിലപ്പോഴൊക്കെ ഫഹദ് ഫാസിലിന്റെ ഛായ. ആണത്തമെന്ന പരികൽപ്പനയെ പൂർണ്ണമായി തള്ളിക്കളയുന്ന ക്ലൈമാക്സ് ശ്രദ്ധേയമാണ്. അനുരാജിനും മുഴുവൻ ടീമിനും പ്രത്യേക അഭിനന്ദനങ്ങൾ- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

click me!