'അമ്മ'യുടെ മള്‍ട്ടിസ്റ്റാര്‍ ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ്?

By Web TeamFirst Published Mar 31, 2021, 4:02 PM IST
Highlights

ഈ വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെയുള്ള വൈശാഖിന്‍റെ സോഷ്യല്‍ മീഡിയ അപ്‍ഡേറ്റിനു താഴെ സ്ഥിരീകരണം ലഭിച്ചതുപോലെയാണ് സിനിമാപ്രേമികളുടെ പ്രതികരണം.

താരസംഘടനയായ 'അമ്മ'യ്ക്കുവേണ്ടി ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 6നാണ് നടന്നത്. സംഘടന കൊച്ചിയില്‍ പണികഴിപ്പിച്ച പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടന ദിവസം തന്നെയായിരുന്നു ഈ ചിത്രത്തിന്‍റെ പ്രഖ്യാപനം. ട്വന്‍റി 20 മാതൃകയില്‍ ഒരുക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആയിരിക്കുമെന്നും ടി കെ രാജീവ് കുമാറിന്‍റെ തിരക്കഥയില്‍ അദ്ദേഹവും പ്രിയദര്‍ശനും ചേര്‍ന്ന് സംവിധാനം ചെയ്യും എന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഈ പ്രോജക്റ്റിനെക്കുറിച്ച് അനൗണ്‍സ് ചെയ്യപ്പെട്ടതില്‍നിന്ന് വ്യത്യസ്തമായാണ് നിലവില്‍ ആലോചനകള്‍ പുരോഗമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

പ്രിയദര്‍ശന്‍-ടി കെ രാജീവ്‍കുമാര്‍ ചിത്രം ഉപേക്ഷിച്ചുവെന്നും പകരം ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാവും വരികയെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ വാര്‍ത്തയെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് പ്രതികരണം ആരാഞ്ഞപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് ടി കെ രാജീവ്‍കുമാര്‍ പറഞ്ഞത്. ഇതു സംബന്ധിച്ച പ്രതികരണത്തിന് 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും തയ്യാറായില്ല. അതേസമയം ഈ വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെയുള്ള വൈശാഖിന്‍റെ സോഷ്യല്‍ മീഡിയ അപ്‍ഡേറ്റിനു താഴെ സ്ഥിരീകരണം ലഭിച്ചതുപോലെയാണ് സിനിമാപ്രേമികളുടെ പ്രതികരണം.

 

തന്‍റെ കുടുംബത്തിനൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും ഇരിക്കുന്ന വ്യത്യസ്‍ത ഫോട്ടോകള്‍ ചേര്‍ത്തുള്ള ഒരു കൊളാഷ് വൈശാഖ് തന്‍റെ ഫേസ്ബുക്ക് കവര്‍ ഫോട്ടോ ആക്കിയിരുന്നു. ഇത് 'അമ്മ'യുടെ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്‍റെ സൂചന തന്നെയാണെന്ന തരത്തിലാണ് ആരാധകരുടെ പ്രതികരണം. രണ്ടുപേര്‍ക്കും ഒരേപോലെയുള്ള പ്രാധാന്യം കൊടുക്കണമെന്നും ട്വന്‍റി 20യേക്കാള്‍ നന്നാവണമെന്നുമൊക്കെ ഈ പോസ്റ്റിനുതാഴെ കമന്‍റുകള്‍ ഉണ്ട്. അതേസമയം ഈ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് കരുതപ്പെടുന്നു.

'അമ്മ'യ്ക്ക് മുന്നോട്ടുപോകാനുള്ള സാമ്പത്തിക അടിത്തറയ്ക്കുവേണ്ടിയാണ് ട്വന്‍റി 20 മാതൃകയില്‍ സിനിമാ നിര്‍മ്മാണം ആലോചിച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ഒരു ഷോ നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടിനാല്‍ അണിയറക്കാര്‍ സിനിമ എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു. ടി കെ രാജീവ്‍കുമാറിന്‍റെ തിരക്കഥയില്‍ ഒരുങ്ങാനിരുന്ന സിനിമയില്‍ 140 ആര്‍ട്ടിസ്റ്റുകള്‍ക്ക് വര്‍ക്ക് ചെയ്യാമെന്നാണ് പ്രഖ്യാപനവേളയില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. 

click me!