
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് (Actress Attack Case) നിർണായക ഘട്ടത്തിൽ നിൽക്കെ ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ മാറ്റിയതിൽ ആശങ്കയുണ്ടെന്ന് വിമണ്‍ ഇൻ സിനിമാ കളക്ടീവ്. സിനിമകളിലെ സ്ഥിരം ആന്‍റിക്ലൈമാക്സ് രംഗം പോലെയാണ് ഈ നീക്കം. ശ്രീജിത്തിനെതിരെ പ്രതിഭാഗം അഭിഭാഷകർ സർക്കാരിനെ സമീപിച്ചപ്പോഴാണ് ഈ മാറ്റമെന്നും ഡബ്യൂസിസി (WCC) വിമർശിക്കുന്നു.
നടിയെ ആക്രമിച്ച കേസ് തുടരന്വേഷണത്തിൽ 39 കൂടി ശേഷിക്കെയാണ് പൊലീസ് തലപ്പത്തെ മാറ്റങ്ങൾ ക്രൈംബ്രാഞ്ചിലും ഇളക്കമുണ്ടാക്കിയത്. എസ് ശ്രീജിത്തിനെ ഈ ഘട്ടത്തിൽ ക്രൈംബ്രാഞ്ച് തലപ്പത്ത് നിന്ന് മാറ്റുമ്പോൾ ആശങ്കയുണ്ടെന്നാണ് നടിക്കൊപ്പം നിൽക്കുന്ന വിമണ്‍ ഇൻ സിനിമാ കളക്ടീവിന്‍റെ പ്രതികരണം. എല്ലാ പ്രതീക്ഷകളെയും അട്ടിമറിക്കുന്നതാണ് അഴിച്ചുപണി. പ്രതിഭാഗം വക്കീലന്മാരുടെ ആവശ്യം അനുസരിച്ചാണ് അന്വേഷണ തലവനെ മാറ്റിയെന്നും ഡബ്യൂസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലെ വിമർശനം ഇങ്ങനെ
കേസ് വഴിതെറ്റിയെന്ന് തോന്നിച്ചിടത്താണ് പുതിയ തെളിവുകൾ പുറത്തുവന്നത്. സഹപ്രവർത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകൾ. കേസ് അന്വേഷിക്കാൻ പ്രതിഭാഗം അഭിഭാഷകർ ശ്രമിക്കുന്നുവെന്ന് സഹപ്രവർത്തകയുടെ പരാതിയുണ്ട്. ശ്രീജിത്തിനെതിരെ ദിലീപിന്‍റെ അഭിഭാഷകർ സർക്കാരിനെ സമീപിക്കുമ്പോൾ തന്നെ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതിൽ ആശങ്കയുണ്ട്. ഇപ്പോൾ ശ്രീജിത്തിനെ മാറ്റിയത് സിനിമകളിലെ സ്ഥിരം ആന്‍റിക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണെന്നും ഡബ്യൂസിസി വിമർശിക്കുന്നു.
ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ ആരോപണങ്ങളും പുറത്തുവിട്ട ശബ്ദരേഖകളുമാണ് മന്ദഗതിയിൽ പോയ അന്വേഷണത്തിൽ ഒടുവിൽ വഴിത്തിരിവായത്. ഇതിൽ പ്രതിഭാഗത്തെ കൂടുതൽ വെട്ടിലാക്കുന്ന തെളിവുകൾ കൂടി പുറത്തുവന്നതോടെ ക്രൈംബ്രാഞ്ചും സായുധരായി. ഗൂഢാലോചനയിൽ ഉൾപ്പെട്ട മാഡം ആരാണ് എന്നതിലും കേസ് നിർണ്ണായകഘട്ടത്തിലാണ്.
Read More: പൊലീസ് തലപ്പത്ത് അഴിച്ചുപണി, ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും മാറ്റി
ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
ഞങ്ങൾക്ക് ആശങ്കയുണ്ട്
ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ , എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോൾ പൊലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി. കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നൽകപ്പെട്ട അവസ്ഥയിൽ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പൊലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ്.
വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകൾ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാൻ പ്രതിഭാഗം വക്കിൽമാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവർത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകൾ. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാർ പരാതിയുമായി സർക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.