'ഞങ്ങൾക്ക് പിഴച്ചു, ക്ഷമ ചോദിക്കുന്നു': തഗ് ലൈഫ് പരാജയപ്പെട്ടതില്‍ പ്രേക്ഷകരോട് ക്ഷമ ചോദിച്ച് മണിരത്നം

Published : Jun 24, 2025, 01:19 PM IST
mani ratnam opens up thug life failure

Synopsis

പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതില്‍ 'തഗ് ലൈഫി'ന്റെ പരാജയത്തിന് മണിരത്നം ക്ഷമാപണം നടത്തി. കമൽ ഹാസൻ, സിലമ്പരസന്‍ തുടങ്ങിയവർ അഭിനയിച്ച ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയമായിരുന്നു.

കൊച്ചി: പ്രശസ്ത സംവിധായകൻ മണിരത്‌നത്തിന്റെ ഏറ്റവും പുതിയ ചിത്രം 'തഗ് ലൈഫ്' പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതില്‍ ആരാധകരോട് ക്ഷമാപണം നടത്തി. കമൽ ഹാസൻ, സിലമ്പരസന്‍, തൃഷ, അശോക് സെൽവൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'തഗ് ലൈഫ്' റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് മണിരത്‌നം ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നു സംസാരിച്ചത്.

"ഞങ്ങൾ പ്രേക്ഷകർക്ക് വേറിട്ട ഒരു അനുഭവം നൽകാൻ ശ്രമിച്ചു. പക്ഷേ, അവർ പ്രതീക്ഷിച്ചത് ഞങ്ങൾ നൽകിയതിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു" മണിരത്‌നം പറഞ്ഞു. "ഞങ്ങൾക്ക് പിഴച്ചു, അതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു" അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് പതിറ്റാണ്ടിന് ശേഷം കമല്‍ഹാസന്‍ മണിരത്നം ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെ വന്ന 'തഗ് ലൈഫ്' ഹൈപ്പിന് അനുസരിച്ച് പ്രകടനം നടത്താതിരുന്നത് ആരാധകർക്കിടയിൽ നിരാശ സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ റിലീസിന് മുമ്പ് കമൽ ഹാസനും മണിരത്‌നവും തമ്മിലുള്ള സഹകരണം വലിയ ചർച്ചയായിരുന്നു. എന്നാൽ, ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാതിരിക്കുക മാത്രമല്ല ബോക്സോഫീസില്‍ വന്‍ പരാജയവുമായി.

എന്തായാലും മണിരത്നത്തിന്‍റെ മാപ്പ് പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. "മണിരത്‌നം എപ്പോഴും ഞങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്, പക്ഷേ 'തഗ് ലൈഫ്' അദ്ദേഹത്തിന്‍റെ മികവിനെ അടയാളപ്പെടുത്തിയല്ല, അത് അദ്ദേഹം തന്നെ മനസിലാക്കിയത് നല്ലതാണ്" ഒരു ആരാധകൻ എക്സിൽ കുറിച്ചു. മറ്റൊരു ആരാധകൻ കൂട്ടിച്ചേർത്തു "മണിരത്‌നം ക്ഷമാപണം നടത്തിയത് അദ്ദേഹത്തിന് പ്രേക്ഷകരോടുള്ള ആദരവ് കാണിക്കുന്നു, അത് അദ്ദേഹത്തിന്റെ വിനയത്തെ കാണിക്കുന്നു. അടുത്ത ചിത്രത്തിൽ അദ്ദേഹം തിരിച്ചുവരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്." ഒരു പ്രേക്ഷകന്‍ കുറിച്ചു.

200 കോടിക്ക് അടുത്ത് ചിലവിട്ട് എടുത്ത തഗ് ലൈഫ് ബോക്സോഫീസില്‍ 50 കോടി പോലും കടന്നില്ലെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. ഈ വര്‍ഷത്തെ കോളിവുഡ‍ിലെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളില്‍ ഒന്നായി ഇത് മാറി.

 

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു