
ആടുജീവിതത്തോളം മലയാളികള്‍ കാത്തിരുന്ന ഒരു സിനിമ അപൂര്‍വ്വമാണ്. ബെന്യാമിന്‍റെ അത്രയധികം ജനപ്രീതി നേടിയ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം എന്നതാണ് അതിന് പ്രധാന കാരണം. സംവിധാനം ചെയ്യുന്നത് ബ്ലെസി ആണെന്നതും പൃഥ്വിരാജിന്‍റെ ബോഡി ട്രാന്‍സ്ഫോര്‍മേഷനും തിയറ്ററുകളിലെത്തിക്കാനെടുത്ത കാലദൈര്‍ഘ്യവുമൊക്കെ ഈ ചിത്രത്തെക്കുറിച്ച് പ്രേക്ഷകരില്‍ താല്‍പര്യം ഉയര്‍ത്തിയ ഘടകമാണ്. എന്നാല്‍ ബ്ലെസിയെക്കൂടാതെ മറ്റ് രണ്ട് സംവിധായകരും ആടുജീവിതം സിനിമയാക്കാന്‍ തന്നെ സമീപിച്ചിരുന്നുവെന്ന് ബെന്യാമിന്‍ പറഞ്ഞിരുന്നു. ലാല്‍ജോസും അടൂര്‍ ഗോപാലകൃഷ്ണനുമായിരുന്നു അത്. അറബിക്കഥ വന്നതുകൊണ്ട് ആടുജീവിതത്തില്‍ നിന്ന് ലാല്‍ജോസ് പിന്മാറുകയായിരുന്നുവെന്ന് ബെന്യാമിന്‍ അടുത്തിടെ ചില അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. എന്നാല്‍ വാസ്തവം അതല്ലെന്ന് പറയുന്നു ലാല്‍ജോസ്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ജോസിന്‍റെ പ്രതികരണം.
"ആടുജീവിതം ഞാന്‍ വേണ്ടെന്നുവെച്ച സിനിമയല്ല. ചില അഭിമുഖങ്ങളില്‍ ബെന്യാമിന്‍ അങ്ങനെ പറഞ്ഞതായി കണ്ടു. എന്നാല്‍ അത് അങ്ങനെയല്ല. ആടുജീവിതം വായിച്ച് ഞാന്‍ ബെഹ്റിനില്‍ പോയി ബെന്യാമിനെ കണ്ട് അത് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. പുള്ളിക്ക് സന്തോഷമാണെന്ന് പറഞ്ഞു. പുള്ളി സമ്മതിച്ചു. എല്‍ജെ ഫിലിംസ് എന്ന കമ്പനി ഞാന്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നത് ആ സിനിമ ചെയ്യാന്‍വേണ്ടിയാണ്. ഒരു വിദേശ നിര്‍മ്മാണ കമ്പനിയുമായുള്ള സഹകരണമാണ് ആലോചിച്ചത്. പ്രീ പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനും എല്‍ജെ ഫിലിംസ് ഇന്ത്യയില്‍ ചെയ്യും. ഒരു ബ്രിട്ടീഷ് കമ്പനി ഷൂട്ട് ചെയ്യണം എന്നുമായിരുന്നു ആലോചന. അതിന് കുറച്ചധികം സമയം എടുക്കുമായിരുന്നു. നായകനാക്കാന്‍ ഞാന്‍ വിചാരിച്ചത് പുതിയ ആളെ ആയിരുന്നു. മരുഭൂമിയുടെ നാല് ഋതുഭേദങ്ങളിലായി ഒരു വര്‍ഷം കൊണ്ട് ചിത്രീകരിക്കണമെന്നാണ് വിചാരിച്ചിരുന്നത്. നായകന്‍റെ ശരീരത്തിനുണ്ടാവുന്ന മാറ്റം യഥാതഥമായി ചെയ്യണമെന്നും ആലോചിച്ചു. ഒരു പ്രധാന താരത്തേക്കാള്‍ ഒരു പുതിയ താരമായിരിക്കും അതിന് പറ്റുക എന്നും തോന്നി. ദില്ലി സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഒരാളെ ഞാന്‍ അതിനുവേണ്ടി കണ്ടും വച്ചിരുന്നു. പക്ഷേ കരാറോ അഡ്വാന്‍സ് നല്‍കലോ ഒന്നും ആയിട്ടുണ്ടായിരുന്നില്ല."
"ആടുജീവിതം ഞാന്‍ സിനിമയാക്കുന്നുവെന്ന് ആ സമയത്ത് വാര്‍ത്ത വന്നിരുന്നു. അപ്പോഴാണ് ബ്ലെസി എന്നെ വിളിക്കുന്നത്. ബ്ലെസി അതിനകം എഴുതിയിരുന്ന ഒരു സബ്ജക്റ്റിന് ആടുജീവിതവുമായി സാമ്യമുണ്ടായിരുന്നു. ഒരുപാട് മുന്നോട്ട് പോയോ അല്ലെങ്കില്‍ എനിക്ക് തരാമോ എന്ന് ബ്ലെസി ചോദിച്ചു. അല്ലെങ്കില്‍ ഒരു വര്‍ഷമെടുത്ത് എഴുതിയ ഒരു സാധനം പൂര്‍ണ്ണമായും എനിക്ക് ഉപേക്ഷിക്കേണ്ടിവരുമെന്ന് പറഞ്ഞു. ബ്ലെസി ചെയ്യുന്നത് ബെന്യാമിന് കൂടുതല്‍ സന്തോഷമായിരിക്കുമെന്ന് തോന്നിയപ്പോള്‍ ഞാന്‍ അത് വിട്ടുകൊടുത്തതാണ്. ബെന്യാമിന് പഴയ കാര്യങ്ങളില്‍ ഓര്‍മ്മപ്പിശക് സംഭവിച്ചതായിരിക്കാമെന്ന് പറയുന്നു ലാല്‍ജോസ്. 14 വര്‍ഷം മുന്‍പ് നടന്ന കാര്യമാണ്. ആളുകള്‍ക്ക് കുറേ കാര്യങ്ങളൊക്കെ വിട്ടുപോകുമല്ലോ."
"ഒരു അന്തര്‍ദേശീയ സിനിമ ആയിത്തന്നെയാണ് ഞാന്‍ ആലോചിച്ചിരുന്നത്. അതുകൊണ്ടുതന്നെ നായകന് പരിചിതമായ ഒരു മുഖം എന്നതില്‍ പ്രസക്തി ഇല്ലായിരുന്നു. ഇപ്പോഴത്തെ ആടുജീവിതം പോലെ ആയിരുന്നില്ല ഞാന്‍ പ്ലാന്‍ ചെയ്തിരുന്നത്. വലിയ താരങ്ങളില്ലാത്ത ഒരു വലിയ സിനിമയായിരുന്നു അത്. പക്ഷേ ബ്ലെസി ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായി. കാരണം ബ്ലെസിക്ക് സ്വയം എഴുതാന്‍ പറ്റും. ഞാന്‍ നേരിട്ടിരുന്ന ഒരു പ്രതിസന്ധി തിരക്കഥയ്ക്കായി ബെന്യാമിനെത്തന്നെ ആശ്രയിക്കണം എന്നതായിരുന്നു. പിന്നെ ബ്ലെസി എന്‍റെ സീനിയര്‍ ആണ്. ആ തീരുമാനം നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം 14 വര്‍ഷമൊന്നും ഒരു സിനിമയ്ക്ക് വേണ്ടി ചെലവഴിക്കാന്‍ എനിക്ക് പറ്റില്ല."
"അറബിക്കഥ ചെയ്തതുകൊണ്ടാണ് ഞാന്‍ പിന്മാറിയതെന്ന് ബെന്യാമിന്‍ പറഞ്ഞിരുന്നു. അത് ശരിയല്ല. അറബിക്കഥയും ആടുജീവിതവും തമ്മില്‍ യാതൊരു ബന്ധവുമില്ലല്ലോ. അറബിക്കഥ 2006 ല്‍ വന്ന സിനിമയാണ്. അതിന് ശേഷമാണ് ആടുജീവിതം നോവല്‍ തന്നെ ഇറങ്ങുന്നത്. അത് പുള്ളി ഒരു ഓര്‍മ്മപ്പിശകില്‍ പറഞ്ഞതാവും", ലാല്‍ജോസ് പറഞ്ഞവസാനിപ്പിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ