K Drama review : പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ 'വാട്ട് ഹാപ്പൻസ് ടു മൈ ഫാമിലി' - കൊറിയൻ ഡ്രാമ റിവ്യു

Published : May 27, 2022, 07:56 PM ISTUpdated : May 27, 2022, 07:59 PM IST
K Drama review : പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ 'വാട്ട് ഹാപ്പൻസ് ടു മൈ ഫാമിലി' - കൊറിയൻ ഡ്രാമ റിവ്യു

Synopsis

ഏറെ ജനപ്രിയമായ കെ ഡ്രാമ ലോകത്തിലെ കാഴ്‍ചകളുടെ  നിരൂപണം ഇനി മുതല്‍ എല്ലാ വെള്ളിയാഴ്‍ചയും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ വായിക്കാം. പുതിയ സീരീസുകളിലേക്ക് കടക്കുന്നതിന് മുമ്പ് ജനപ്രിയതയിൽ മുന്നിൽ നിൽക്കുന്ന ചില പഴയ കഥകൾ നോക്കി വരാം. പി ആര്‍ വന്ദന എഴുതുന്നു.  

2014ൽ ആണ് 'വാട്ട് ഹാപ്പൻസ് ടു മൈ ഫാമിലി' പുറത്തിറങ്ങിയത്. കെബിഎസ്‍‌2വില്‍. പൊതുവെ കെ ഡ്രാമകൾക്ക് ചുരുക്കം എപ്പിസോഡുകളേ ഉണ്ടാവാറുള്ളൂ. 16,20 അങ്ങനെ. കൊല്ലങ്ങൾ നീണ്ടുനിൽക്കാറുള്ള കഥകളോ ട്വിസ്റ്റുകളോ അല്ല കൊറിയൻ പരമ്പരകൾക്കുള്ളത്. പക്ഷേ ഇപ്പറഞ്ഞ കഥ കുറച്ച് നീണ്ടതായിരുന്നു. 53 എപ്പിസോഡുണ്ടായിരുന്നു. പക്ഷേ ജനത്തിന് മുഷിഞ്ഞില്ല. നല്ല പ്രേക്ഷകപിന്തുണ കിട്ടി സീരീസിന്. അവിടത്തെ റേറ്റിങ് കണക്കുകളിൽ മുന്നിലായിരുന്നു  'വാട്ട് ഹാപ്പൻസ് ടു മൈ ഫാമിലി'. നിരൂപകർക്കും മുഷിഞ്ഞിരുന്നില്ല. അവിടത്തെ ജനപ്രിയ പുരസ്‍കാരങ്ങൾക്കെല്ലാം പരമ്പര പരിഗണിക്കപ്പെടുകയും നിരവധി അവാർഡുകൾ കിട്ടുകയുമൊക്കെ ചെയ്‍തു. നെറ്റ്ഫ്ലിക്സ് വഴി ആഗോള കാണികൾക്ക് മുന്നിലെത്തിയപ്പോഴും പരമ്പരക്ക് കാണികളുണ്ടായി. നല്ല പിന്തുണയാണ് സീരീസിന് ഇപ്പോഴും (K Drama review).

വർഷങ്ങളുടെ ഇടവേളക്കിപ്പുറവും 'വാട്ട് ഹാപ്പൻസ് ടു മൈ ഫാമിലി' കാണികളെ ആകർഷിക്കുന്നത് എന്തുകൊണ്ടാവും? ഉത്തരം ലളിതമാണ്. കുടുംബം എന്നതിന്റെ് സുഖവും ഉത്തരവാദിത്തവും പ്രശ്‍നങ്ങളുമൊക്കെ പറയുന്ന പരമ്പര കാണികളെ ഓരോരുത്തരേയും എന്തെങ്കിലുമൊക്കെ ഓർമപ്പെടുത്തും. എവിടെയെങ്കിലുമൊക്കെ നൊമ്പരപ്പെടുത്തും. ഇടക്കിടക്ക് ചിരിപ്പിക്കും. ആ വേദനയും ഓർമയും ചിരിയുമൊക്കെ എല്ലാവർക്കും ബാധകമാണ് എന്നതാണ് രസം. പരമ്പരയുടെ വിജയം ആ രസക്കൂട്ടാണ്.

ചാ കുടുംബം ആണ് പരമ്പരയുടെ കേന്ദ്രം. ഇളയ മകനെ പ്രസവിച്ചതിന് പിന്നാലെ മരിച്ച ഭാര്യയുടെ ഓർമകളുമായി ജീവിക്കുന്ന ആളാണ്  അച്ഛൻ ചാ.  Cha Soon-bong. മൂന്ന് മക്കൾ. മൂത്ത മകൾ  Kang-shim ഒരു വലിയ കമ്പനിയുടെ ചെയർമാന്റേoയും പിന്നെ എംഡിയുടേയും സെക്രട്ടറിയാണ്. ജോലിയിൽ മിടുമിടുക്കി, ഒരു പ്രണയം തകർന്ന വേദന മാറിയിട്ടില്ലാത്തതിനാൽ കല്യാണം വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നു രണ്ടാമത്തെ മകൻ  Cha Kang-jae ഓങ്കോളജിസ്റ്റാണ്. രോഗികളുടെ പ്രിയപ്പെട്ട ഡോക്ടർ. കണിശക്കാരൻ. ഇളയവൻ Cha Dal-bong ഒരിത്തിരി തരികിട പണിയുമായി നടന്ന് ഇടക്കിടെ ഓരോന്ന് ഒപ്പിക്കും. അച്ഛൻ ചായുടെ സഹോദരിയും അവരുടെ മകളും മരുമകനും ഇവർക്കൊപ്പം തന്നെയാണ് താമസം. സഹോദരന്റെു മക്കളെ അമ്മയുടെ സ്ഥാനത്ത് നിന്ന് വളർത്തിയതും വലുതാക്കിയതുമൊക്കെ അമ്മായിയാണ്. ഈ കുടുംബത്തിലേക്ക് ഓരോ ഘട്ടത്തിലായി പലരും വന്നു ചേരുന്നു. അപ്പോഴുണ്ടാകുന്ന ചെറിയ വഴക്ക്, പിന്നെ പിണക്കം മാറൽ ഇതെല്ലാമാണ് സീരീസിന്റെ ഓരോ എപ്പിസോഡായി നമ്മുടെ മുന്നിലെത്തുന്നത്. മക്കൾ സ്വന്തം കാര്യം മാത്രം നോക്കി ഓടുന്നതിൽ അച്ഛൻ ദുഖിതനാണ്. മകൾ കല്യാണം കഴിക്കുന്നില്ല, ഡോക്ടർ മകൻ കുടുംബത്തോട് മുഖം തിരിച്ചാണ് നടപ്പ്, ഇളയവന് സ്ഥിരമായി ജോലി കിട്ടിയില്ല. അച്ഛൻ ചാക്ക് ഇതൊക്കെ തലവേദനയാണ്. അതിന്നിടയിൽ തനിക്ക് ഗുരുതര രോഗമാണെന്ന് തിരിച്ചറിയുന്ന അദ്ദേഹം മക്കളെ നേർവഴിക്ക് നടത്താനും ഒന്നിച്ചുനിർത്താനും ചില വേലകളൊപ്പിക്കുന്നു. സീരീസ് അങ്ങനെയാണ് തുടരുന്നത്.

പറഞ്ഞുവെച്ച കഥാചുരുക്കത്തിൽ പുതുമയില്ല. കുടുംബത്ത് നടക്കുന്ന വഴക്കുകൾക്ക് എവിടെയാണ് പുതുമ? എല്ലാ കുടുംബങ്ങളിലും ഇത്തരം വഴക്കുകൾ ഇങ്ങനെയൊക്കെ തന്നെയല്ലേ? അതെ എന്ന ഉത്തരത്തിലാണ് സീരീസ് നല്ല അനുഭവമാകുന്നത്. പ്രണയനഷ്ടത്തിന്റെ വേദന മാറാത്ത മകൾ ചായുടെ ജീവിതത്തിലേക്ക് ബോസ് എത്തുമ്പോൾ അച്ഛൻ ചാക്ക് ആകെ കൺഫ്യൂഷൻ ആണ്. പറ്റിയ ആളാണോ അല്ലയോ, വലിയ കാശുകാരൻ തന്റെൂ വീട്ടുകാരുമായി യോജിച്ചു പോവുമോ അങ്ങനെയൊക്കെ. മകളും ബോസും തമ്മിലുള്ള പ്രണയവും വഴക്കും ഒക്കെയാണ് സീരീസിലെ തമാശ കൊണ്ടുവരുന്നത്. ബോസിന്റെ് അച്ഛൻ രണ്ടാമത് കല്യാണം കഴിക്കുന്ന സ്ത്രീയും അവരുടെ മകനും പിന്നെ ബോസും ഒക്കെ തമ്മിലുള്ള ബന്ധം ഉരുത്തിരിഞ്ഞു വരുന്നതും നല്ല രസമാണ്. മനുഷ്യരെ മനസ്സിലാക്കുന്നതും ഓരോരുത്തർക്കും അവരുടെ ഇടം കൊടുക്കുന്നതും ബന്ധങ്ങളെ എത്ര ഊഷ്‍മളമാക്കും എന്ന് മനസ്സിലാകും.

കാശും സമ്പത്തും ഇല്ലാത്തതിന്റെ പേരിൽ ഇട്ടിട്ടുപോയ ആദ്യപ്രണയത്തിന്റെ വേദന കൊണ്ടുനടക്കുന്ന ഡോക്ടർ ചാക്ക് തന്റെ  ദരിദ്രചുറ്റുപാട് എപ്പോഴും വേദനയാണ്. അതിന്റെ ദേഷ്യം അച്ഛനോടുണ്ട്. മറുവശത്ത് ചെറിയ വരുമാനത്തിലും തന്നെ പഠിപ്പിച്ച അച്ഛനോടുള്ള കടപ്പാടും.ഈ വടംവലിയിൽ ജോലിയിൽ മാത്രമാണ് മൂപ്പർക്ക് ശ്രദ്ധ. ഡോക്ടർ ചായിലെ പ്രതിഭ മനസ്സിലാക്കി ആശുപത്രി ഡയറക്ടർ മരുമകനാക്കുന്നു ഭാര്യയോട് സത്യസന്ധന പാലിക്കുന്നുണ്ടെങ്കിലും സ്നേഹം അവരോട് തോന്നിത്തുടങ്ങുന്നത് പതുക്കെയാണ്. ഇടക്കിടെയുള്ള പൊട്ടിത്തെറികളും വഴക്കും മാറ്റിവെച്ച് അമ്മായിഅപ്പനും അമ്മായി അമ്മയും പ്രണയം വീണ്ടെടുക്കുന്നതും ഡോക്ടർ ചാക്കൊപ്പം സീരീസിലെത്തുന്ന തമാശക്കാഴ്‍ചയാണ്.

ഇളയ മകൻ ആളു ചില ചില്ലറ കുഴപ്പങ്ങളൊക്കെ ഉണ്ടാക്കുമെങ്കിലും ആളു പാവമാണ്. അച്ഛൻ ദൈവമാണ്. കാര്യങ്ങളും വ്യക്തികളും ഒക്കെ പുള്ളിക്ക് മനസ്സിലാകും. പക്ഷേ എന്തോ ഒരിത് എപ്പോഴും പിന്നോട്ട് വലിക്കും. അവന് തുണയും പിന്തുണയുമാകുന്നത്  സ്നേഹത്തിന്റെ തണലായെത്തുന്ന കൂട്ടുകാരിയാണ്. ജീവിതത്തിൽ ബേബി ചാ അടുക്കും ചിട്ടയും കൈവരിക്കുന്ന ഭാഗം ഹൃദയസ്‍പർശിയാണ്

കസിൻസ് തമ്മിലുള്ള കുശുമ്പ് പറച്ചിലും സഹോദരങ്ങൾ തമ്മിലുള്ള വഴക്കും വക്കാണവും പിന്നെ ലോഹ്യം കൂടലും. ഭാര്യയും ഭർത്താവും തമ്മിലുള്ള സൗന്ദര്യപ്പിണക്കവും പ്രണയം വീണ്ടെടുക്കലും അച്ഛനും മക്കളും തമ്മിലുള്ള ബന്ധവും ഒരു കൂട്ട് ജീവിതത്തിൽ വരുമ്പോഴുണ്ടാകുന്ന ബലവും... നമുക്കോരോരുത്തർക്കും ഇടക്കിടെ നമ്മളെ തന്നെ പല സന്ദർഭങ്ങളിലും ഓർമ വരും. അതു കൊണ്ടാണ് പരമ്പര കാലങ്ങൾ കഴിയുമ്പോഴും ഹൃദയത്തിൽ തൊടുന്നത്.

Yoo Dong-geun, Kim Hyun-joo, Yoon Park), Park Hyung-sik എന്നിവരാണ് അച്ഛനും മക്കളുമാകുന്നത്. Yang Hee-kyung, Kim Sang-kyung , Nam Ji-hyun, Seo Kang-joon, Na Young-hee, Kim Yong-gun, Son Dam-bi, Kim Il-woo, Kyeon Mi-ri തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ.  

നമ്മുടെ ജീവിതത്തിലെ ചില ഏടുകളും വ്യക്തിബന്ധങ്ങളുമൊക്കെ ഓർമയിൽ വന്ന് നമ്മളെ ചിരിപ്പിക്കും, സന്തോഷിപ്പിക്കും,ഒരിത്തിരി സ്നേഹക്കണ്ണീർ വരുത്തും... വാട്ട് ഹാപ്പൻസ് ടു മൈ ഫാമിലി  നമ്മളോട് ചെയ്യുന്നത് അതാണ്.

Read More : കെ ഡ്രാമകൾ ഇത്രമേൽ കാണികളെ ആകർഷിക്കുന്നത് എന്തുകൊണ്ടാവും?

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ