കൊറിയൻ ഡ്രാമയുടെ ജനപ്രിയതയ്‍ക്ക് കാരണങ്ങള്‍ എന്തൊക്കെയാകും? പി ആര്‍ വന്ദന എഴുതുന്നു (K- Dramas).
കെ ഡ്രാമകളാണ് ഇപ്പോൾ ഓണ്‍ലൈൻ കാഴ്‍ചകളില്‍ താരം. കെ പോപ് ആണ് ഇപ്പോള്‍ കേമം. കൊവിഡാനന്തര കാലത്ത് യുവതലമുറയെ പരമ്പരയുടെ കാഴ്‍ചാച്ചരടിലേക്ക് കെട്ടിയിട്ട വിസ്‍മയമാണ് കൊറിയൻ ഡ്രാമകൾ. കൊറിയൻ ടെലിവിഷൻ ശൃംഖലകളിൽ നിന്ന് കൈപ്പറ്റിയതിന് പുറമെ സ്വന്തം നിർമിതികളുമായും നെറ്റ്ഫ്ലിക്സ് കാഴ്‍ചക്കാരെ ആകർഷിച്ചു. അവിടേക്ക്, നെറ്റ്ഫ്ലിക്സിലേക്ക് കൂട്ടമായെത്തുന്ന ചെറുപ്പക്കാരെ കണ്ട് കണ്ണുതള്ളിയിട്ടാണ് ആമസോൺ പ്രൈമും മറ്റുള്ളവരും കൂടുതൽ കെ ഡ്രാമകൾ ഉൾപെടുത്താൻ തുടങ്ങിയത്. ആപ്പിൾ ടിവി സ്വന്തമായി കെ പരമ്പരകൾ നിർമിക്കാൻ തുടങ്ങിയത്. ഇടവേളകളിൽ ചെറുപ്പക്കാരുടെ രസക്കൂട്ടായിരിക്കുന്നു കെ ഡ്രാമകൾ. അവരുടെ സ്ട്രസ്സ് ബസ്റ്റർ. അവരുടെ പോസിറ്റിവിറ്റി ഡ്രിങ്ക് (K- Dramas).
എന്തുകൊണ്ടാകും കെ ഡ്രാമകൾ ഇത്രമേൽ കാണികളെ ആകർഷിക്കുന്നത്? ആദ്യത്തെ കാരണം അനന്തമായി നീളുന്നില്ല. കഥാഗതിക്കും കഥാപുരോഗതിക്കും വ്യവസ്ഥയും വെള്ളിയാഴ്‍ചയുമുണ്ട്. പൊതുവെ 16 എപ്പിസോഡുകളാണ് ഉണ്ടാവുക. അല്ലെങ്കിൽ 18 അതുമല്ലെങ്കിൽ 21/22. നാൽപതിലധികം എപ്പിസോഡുകളുള്ള പരമ്പരകൾ വളരെ കുറവാണ്. അവയുടെ അണിയറക്കാർ അത്രമേൽ സൂക്ഷ്‍മമായിട്ടാകും അത് നിർമിച്ചിട്ടുണ്ടുമുണ്ടാവുക. ലാഗ് തോന്നാതിരിക്കാനും മുഷിയാതിരിക്കാനും.
രണ്ടാമത്തെ കാരണം കെ ഡ്രാമകൾ കണ്ടിരിക്കാൻ നല്ല രസമാണ്. നിർമാണത്തിൽ അത്രമേൽ കൃത്യതയും സൂക്ഷ്‍മതയും പാലിക്കുന്നുണ്ട്. ഫ്രെയിമുകളുടെ, സെറ്റുകളുടെ,വസ്ത്രങ്ങളുടെ, എഡിറ്റിങ്ങിന്റെ എല്ലാം ഭംഗിയും പെർഫെക്ഷനും കിറുകൃത്യമാണ്, സുന്ദരമാണ്.

മൂന്നാമത്തെ കാരണം വിഷയങ്ങളിലെ വൈവിധ്യവും സൂക്ഷ്‍തയും. പ്രണയം, പ്രണയത്തകർച്ച, കുടുംബബന്ധങ്ങൾ, സൗഹൃദങ്ങൾ, ബന്ധങ്ങളിലെ വിള്ളലുകൾ, തെറ്റിദ്ധാരണകൾ തുടങ്ങിയ പതിവുവിഷയങ്ങൾ മാത്രമല്ല പരമ്പരകളിൽ കാണുക. മറിച്ച് ജോലിസ്ഥലത്തെ സമ്മർദങ്ങൾ, കുറ്റാന്വേഷണം, ചരിത്രം, ഷോ ബിസിനസ് രംഗത്തെ മത്സരവും തമ്മിൽത്തല്ലും, വ്യക്തിത്വപ്രതിസന്ധി, ഡിപ്രഷൻ, തൊഴിലില്ലായ്‍മ, ഉന്നതവിദ്യാഭ്യാസം നേടാനുള്ള തടസ്സം തുടങ്ങിയവയെല്ലാം കെ ഡ്രാമയിൽ വിഷയമമാകുന്നു. ആർത്തവവിരാമവും ഗർഭവും ജോലിസമ്മർദവും സ്ത്രീകൾക്ക് മേൽ സമ്മദർമാകുന്നത് എത്ര പരമ്പരകളിലാണ് പറഞ്ഞുപോകുന്നത്? വിദ്യാർത്ഥികളുടെ മാനസികസമ്മർദങ്ങൾ എത്ര ശക്തമായാണ് പരമ്പരകൾ കൈകാര്യം ചെയ്യുന്നത്? ചരിത്രകഥകളുടെ പശ്ചാത്തലത്തിലുള്ള പരമ്പരകളിലും മാനവബന്ധങ്ങളുടെ സങ്കീർണതകൾ എത്ര ഫലപ്രദമായാണ് കെ ഡ്രാമകൾ പറയുന്നത്? ഇതിനൊപ്പമാണ് കൊറിയക്കാർക്ക് പ്രിയപ്പെട്ട പിശാചുക്കൾ അഥവാ സോംബികൾ പ്രമേയമാകുന്ന കഥകൾ. അതുപോലെ തന്നെ കൊറിയക്കാർക്ക് പ്രിയപ്പെട്ട ഒരു ആലോചനയാണ് ടൈം ട്രാവൽ. നൂറ്റാണ്ടുകളും കാലചക്രവും ഇടകലർന്ന് പോകുന്ന പരമ്പരകൾ കുറച്ചൊന്നുമല്ല.
അടുത്ത ഘടകം അഭിനേതാക്കളാണ്. ഒരു നോട്ടം കൊണ്ടും ഒരു നെടുവീർപ്പു കൊണ്ടും ഒക്കെ കാണികളുടെ മനസ്സിൽ നെരിപ്പോട് തീർക്കുന്നവരാണ് താരങ്ങൾ. പ്രണയരംഗങ്ങളിലും അങ്ങനെ തന്നെ. കണ്ടിരിക്കുന്നവരുടെ നെഞ്ചിൽ ഹിമമഴ പെയ്യിക്കും. ലൗഡ് അല്ല അഭിനയം. മനസ്സിൽത്തട്ടിയാണ്. പിന്നെ കാണാൻ നല്ല സുന്ദരൻമാരും സുന്ദരിമാരും. തമാശയുള്ളത് ഒരു വ്യത്യസ്‍തതയിലാണ്. പരമ്പരകളിൽ പൊതുവെ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്നത് നായകൻമാരുടെ ലുക്ക് ആണ്, നായികമാരുടേതല്ല എന്നതാണ്.

പ്രണയവും സൗഹൃദവും ആവിഷ്‍കരിക്കുന്ന രീതി കെഡ്രാമകളിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്ന ഒന്നാണ്. വാക്കുകളിലൂടെയും മനസ്സിലാക്കലുകളിലൂടെയുമാണ് പ്രണയവും ബന്ധങ്ങളും വലുതാകുന്നതും വളരുന്നതും. ശാരീരികമല്ല പ്രകടനങ്ങൾ. ഒരു കൈ പിടിക്കുന്നതിലും ഒരു ചുംബനത്തിലും പ്രണയം അതിന്റെീ തീവ്രതയും മധുരവും പ്രേക്ഷകരിലേക്കെത്തിക്കുന്നു. കാൽപനികതയുടെ സൗന്ദര്യമാണ് കെ ഡ്രാമകളിലെ പ്രണയങ്ങൾക്ക്. ബന്ധങ്ങളുടെ ശക്തിയും ബന്ധങ്ങളിലെ പ്രശ്‍നങ്ങളും പറഞ്ഞുപോകുന്നതും അതേ പോലെയാണ്, ഹൃദയത്തിന്റെ ഭാഷയിൽ. തെറ്റിപ്പോകുന്നവരേയും നമുക്ക് മനസ്സിലാകും. അതാണ് പ്രമേയാവതരണത്തിന്റെ മെച്ചം.
പിന്നെ ഒരു പ്രധാന ഘടകം സംഗീതമാണ്. പാട്ടായാലും പശ്ചാത്തലസംഗീതമായാലും കെ ഡ്രാമകളിലെ ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ്. പ്രമേയത്തോടും രംഗത്തോടും ഇഴചേർന്നു പോകുന്നതാണ് രണ്ടും. ഭാഷയറിയില്ലെങ്കിലും പാട്ടിന്റെ ഭാവം പ്രേക്ഷകരുടെ ഹൃദയത്തിലെത്തും. പല സീരീസുകളുടേയും പാട്ടുകളും സംഗീതവും പ്രത്യേകമായി വിപണിയിലെത്താറുണ്ട് എന്നതും നന്നായി വിറ്റുപോകാറുണ്ട് എന്നതും ഓർക്കണം.
പഴയ കെ ഡ്രാമകളും പുതുതായി എത്തുന്ന കെ ഡ്രാമകളും രണ്ടിനുമുണ്ട് കാഴ്‍ചക്കാർ. ഒരു രാജ്യവും അതിന്റെ ഭാഷയും ഭൂമിശാസ്ത്രപരമായ അതിരുകൾ ഇത്ര കണ്ട് മായ്ച്ച് വിനോദലോകത്ത് പുതിയ ഭൂപടം തീർക്കുന്നത് പുതുമയാണ്. നല്ലതാണ്. അപ്രമാദിത്തം ചോദ്യം ചെയ്യപ്പെടുന്ന ഹോളിവുഡ് സിനിമാലോകവും ഉഷാറാകും.
