'മാലിക്കി'ന് ആമസോണ്‍ പ്രൈം നല്‍കിയ തുകയെത്ര? ട്വിറ്ററില്‍ ചര്‍ച്ച

By Web TeamFirst Published Jul 3, 2021, 3:58 PM IST
Highlights

ഈ മാസം 15ന് പ്രൈമില്‍

സിനിമകള്‍ നേടുന്ന സാമ്പത്തികവിജയം എക്കാലത്തും സിനിമാപ്രേമികളുടെ സജീവചര്‍ച്ചാവിഷയമാണ്. മലയാളത്തില്‍ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ 'പുലിമുരുകനോ'ടെയാണ് ബോക്സ് ഓഫീസ് കണക്കുകള്‍ നിര്‍മ്മാതാക്കള്‍ പോസ്റ്ററിലും അടിക്കാന്‍ തുടങ്ങിയത്. എന്നാല്‍ കൊവിഡ് അനന്തര കാലത്ത് മറ്റൊരു പ്രധാന വരുമാന മാര്‍ഗ്ഗം കൂടി സിനിമകള്‍ക്കു മുന്നില്‍ തുറന്നുകിട്ടിയിരിക്കുകയാണ്. ഒടിടി റിലീസ് ആണ് അത്. തിയറ്ററുകളില്‍ കളിച്ച സിനിമകള്‍ക്കു പുറമെ ഡയറക്റ്റ് ഒടിടി റിലീസ് ആയും ചിത്രങ്ങള്‍ ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോമുകളിലൂടെ ഇന്ന് റിലീസ് ചെയ്യപ്പെടുന്നു. ആയതിനാല്‍ ഒടിടി വില്‍പ്പനയിലൂടെ സിനിമകള്‍ക്കു ലഭിക്കുന്ന തുകയും ഇന്ന് സിനിമാപ്രേമികള്‍ക്കിടയിലെ സജീവ ചര്‍ച്ചയാണ്. മഹേഷ് നാരായണന്‍റെ ഫഹദ് ഫാസില്‍ ചിത്രം 'മാലിക്' ആണ് ഒടിടി വില്‍പ്പന സംബന്ധിച്ച കണക്കുകളില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറയുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്റര്‍ റിലീസ് മാറ്റിവെക്കേണ്ടിവന്ന മാലിക് ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വഴിയാണ് എത്തുന്നത്. ഈ മാസം 15നാണ് റിലീസ്. 14 കോടി രൂപയ്ക്കാണ് മാലിക്കിന്‍റെ ഒടിടി വില്‍പ്പന നടന്നിരിക്കുന്നതെന്ന് ലെറ്റ്സ് ഒടിടി എന്ന വെബ് സൈറ്റ് ആണ് ഈ കണക്ക് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. നേരത്തെ ദൃശ്യം 2ന് ആമസോണ്‍ 30 കോടിയാണ് നല്‍കിയതെന്നും ഇതേ സൈറ്റ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. അതേസമയം മാലിക്കിന് ലഭിച്ചിരിക്കുന്നത് 22 കോടിയാണെന്നും ചില ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. 

direct-to-digital rights bagged by Amazon Prime for 14 crores. pic.twitter.com/ND5ya6GfC2

— LetsOTT GLOBAL (@LetsOTT)

ആന്‍റോ ജോസഫ് ആണ് മാലിക്കിന്‍റെ നിര്‍മ്മാതാവ്. തിരക്കഥ, സംവിധാനം, എഡിറ്റിംഗ് മഹേഷ് നാരായണന്‍. ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ടി ഫഹദ് 15 കിലോ ശരീരഭാരം കുറച്ചിരുന്നു. 2019 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. ലാര്‍ജ് കാന്‍വാസില്‍ ഒരുക്കിയ ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാനായിരുന്നു അണിയറക്കാരുടെ ആഗ്രഹം. മെയ് 13 എന്ന റിലീസ് തീയതിയും പ്ലാന്‍ ചെയ്‍തിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാംതരംഗം ഭീഷണി ഉയര്‍ത്തിയതോടെ തിയറ്റര്‍ റിലീസ് സാധ്യത മങ്ങുകയായിരുന്നു. അതേസമയം ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ക്ക് ഒടിടി മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍റ് ഉണ്ട്. 'കുമ്പളങ്ങി നൈറ്റ്സ്' ആമസോണ്‍ പ്രൈമിലൂടെ മലയാളികളല്ലാത്ത പ്രേക്ഷകരിലേക്കും കാര്യമായി എത്തിയിരുന്നു. മഹേഷ് നാരായണന്‍റെ തന്നെ സംവിധാനത്തിലെത്തിയ സി യു സൂണ്‍, ദിലീഷ് പോത്തന്‍റെ ജോജി എന്നിവയും ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണിലൂടെയാണ് എത്തിയത്. ഫഹദ് തന്നെ നായകനായ ഇരുള്‍ എന്ന ചിത്രം നെറ്റ്ഫ്ളിക്സ് റിലീസും ആയിരുന്നു. 

click me!