
ബോളിവുഡ് നിര്‍മ്മാതാക്കള്‍ ഒരു കാലത്ത് ഏറ്റവുമധികം മിനിമം ഗ്യാരന്‍റി കല്‍പ്പിച്ചിരുന്ന താരമായിരുന്നു അക്ഷയ് കുമാര്‍. ബോളിവുഡില്‍ ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങളുടെ ഉടമയെന്ന് ഇന്‍റസ്ട്രിയില്‍ അദ്ദേഹം വാഴ്ത്തപ്പെട്ടിരുന്നു. എന്നാല്‍ കൊവിഡ് കാലം അത് ആകെ മാറ്റിമറിച്ചു. ബോളിവുഡ് ആകെ തകര്‍ച്ച നേരിട്ട കൊവിഡ് സമയത്ത് ഏറ്റവും തകര്‍ച്ച നേരിട്ടത് അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ ആയിരുന്നു. ഷാരൂഖ് അടക്കമുള്ള ചിലര്‍ വന്‍ വിജയങ്ങളുമായി തിരിച്ചുവന്നപ്പോഴും അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നെന്ന നിലയില്‍ പരാജയപ്പെടുകയാണ്. എന്താണ് ഇതിന് കാരണം?
ബോളിവുഡില്‍ ഒരു വര്‍ഷം ഏറ്റവുമധികം ചിത്രങ്ങള്‍ ചെയ്യുന്ന താരം അദ്ദേഹമാണ്. അക്ഷയ് കുമാര്‍ എക്കാലവും ഈ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും ഇന്ന് കാര്യങ്ങള്‍ മാറിയിരിക്കുന്നെന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പറയുന്നു. "ഇന്ന് സിനിമകള്‍ ലാര്‍ജര്‍ ദാന്‍ ലൈഫ് ആയിരിക്കണം. തുടര്‍ പരാജയങ്ങള്‍ ഉണ്ടാവുമ്പോള്‍ ഭൂരിഭാഗവും ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു സിനിമയിലൂടെ തിരിച്ചുവരികയാണ് വേണ്ടത്. അത്തരം പരാജയങ്ങള്‍ ഉണ്ടായപ്പോഴാണ് ഷാരൂഖ് ഖാന്‍ ഒരു ഇടവേള എടുത്തത്. എന്നാല്‍ തിരിച്ചുവരവില്‍ പഠാനും ജവാനും അദ്ദേഹം നല്‍കി. ഇന്നത്തെ കാലത്ത് വലിയ വിജയം ഉണ്ടാവണമെങ്കില്‍ സിംഗിള്‍ സ്ക്രീനുകള്‍ക്കൊപ്പം രണ്ടാം നിര, മൂന്നാം നിര തിയറ്ററുകളിലും ചിത്രം ഓടണം. ഒരു പാന്‍ ഇന്ത്യന്‍ സ്വീകാര്യതയും നേടണം", തരണ്‍ ആദര്‍ശ് ബോളിവുഡ് ഹംഗാമയോട് പറയുന്നു.
"ഒരു വര്‍ഷം ഇത്രയധികം റിലീസുകള്‍ എന്നത് ജനപ്രീതി കുറയ്ക്കുന്ന ഘടകമാണ്. പോരാത്തതിന് നിരവധി പരസ്യചിത്രങ്ങളിലൂടെയും ജനം അക്ഷയ് കുമാറിനെ കണ്ടുകൊണ്ടിരിക്കുന്നുണ്ട്", വിതരണക്കാരനായ രാജ് ബെന്‍സാല്‍ പറയുന്നു. ഷാരൂഖ് ഖാന്‍ എടുത്തതുപോലെ ഒരു ഇടവേളയാണ് അക്ഷയ് കുമാര്‍ എടുക്കേണ്ടതെന്ന് മറ്റൊരു ട്രേഡ് അനലിസ്റ്റ് ആയ അതുല്‍ മോഹന്‍ പറയുന്നു. "ആ ഇടവേളയില്‍ ഒരു വന്‍ തിരിച്ചുവരവ് എങ്ങനെ സാധ്യമാക്കാം എന്നതാണ് അക്ഷയ് കുമാര്‍ ആലോചിക്കേണ്ടത്. ഒരു ചിത്രം വിജയിച്ചാല്‍ പോലും അദ്ദേഹം ഗെയിമിലേക്ക് തിരിച്ചെത്തും", അതുല്‍ മോഹന്‍ പറയുന്നു. ബോളിവുഡ് ഹംഗാമയോടാണ് എല്ലാവരുടെയും പ്രതികരണം.
അതേസമയം ഈ വര്‍ഷം രണ്ട് ചിത്രങ്ങള്‍ കൂടി അക്ഷയ് കുമാറിന്‍റേതായി വരാനുണ്ട്. ഖേല്‍ ഖേല്‍ മേം, സ്കൈ ഫോഴ്സ് എന്നിവയാണ് അവ. അദ്ദേഹത്തിന്‍റെ ഏറ്റവും ഒടുവിലത്തെ റിലീസ് സര്‍ഫിറയുടെ ഓപണിംഗ് വെറും 2.50 കോടി ആയിരുന്നു. അടുത്തിടെ ഇറങ്ങിയവയില്‍ 3 കോടിക്ക് താഴെ ഓപണിംഗ് നേടുന്ന നാലാമത്തെ അക്ഷയ് കുമാര്‍ ചിത്രമാണ് സര്‍ഫിറ.
https://www.youtube.com/watch?v=Ko18SgceYX8