വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രം

ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് ബോളിവുഡ് ചിത്രങ്ങളേക്കാള്‍ ഇപ്പോള്‍ പ്രിയം തെന്നിന്ത്യന്‍ ചിത്രങ്ങളാണെന്ന് പറയാറുണ്ട്. ഒരു പരിധി വരെ അത് സത്യവുമാണ്. ബാഹുബലിയും കെജിഎഫും അടക്കമുള്ള ചിത്രങ്ങള്‍ വന്‍ വിജയം നേടിയതിന് ശേഷം കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകള്‍ ജനകീയമായതോടെ ഹിന്ദി സിനിമാപ്രേമികളിലേക്ക് കൂടുതല്‍ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ എത്തി. അവരത് സ്വീകരിക്കുകയും ആഘോഷിക്കുകയും ചെയ്തു. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലൂടെ ഒരു തെന്നിന്ത്യന്‍ ചിത്രം പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടുകയാണ്. വിജയ് സേതുപതിയെ നായകനാക്കി നിഥിലന്‍ സ്വാമിനാഥന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച മഹാരാജ എന്ന ചിത്രമാണ് അത്.

വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രമെന്ന പ്രാധാന്യത്തോട് ജൂണ്‍ 14 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ബോക്സ് ഓഫീസില്‍ മികച്ച വിജയം കണ്ടെത്തിയ ചിത്രം വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രവുമായി. ജൂലൈ 12 ന് നെറ്റ്ഫ്ലിക്സിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. നെറ്റ്ഫ്ലിക്സിലും കാര്യമായ സ്വീകാര്യത നേടുകയാണ് ചിത്രം.

ഒടിടി റിലീസിന്‍റെ പത്താം ദിനത്തിലേക്ക് എത്തുമ്പോള്‍ ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതാണ് ചിത്രം. റിലീസിന് പിന്നാലെ ലിസ്റ്റില്‍ ഒന്നാമതെത്തിയ ചിത്രം ഒരാഴ്ച പിന്നിടുമ്പോഴും അതേ സ്ഥാനത്ത് തുടരുകയാണ്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത്. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കാന്‍ അതും കാരണമായിട്ടുണ്ട്. വിജയ് സേതുപതിയുടെ കഥാപാത്രത്തിന്‍റെ പേരാണ് ചിത്രത്തിനും. രണ്ട് കാലങ്ങളിലായി നോണ്‍ ലീനിയര്‍ സ്വഭാവത്തിലാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയില്‍ നിതിലന്‍ സ്വാമിനാഥന്‍ കഥ പറയുന്നത്. സചന നമിദാസ്, മംമ്ത മോഹന്‍ദാസ്, നടരാജന്‍ സുബ്രഹ്‍മണ്യം, അഭിരാമി, ദിവ്യ ഭാരതി, സിങ്കംപുലി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ : 'ആരും കാണാതെ'; 'ഴ' സിനിമയിലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം