
തെലുങ്കില്‍ നിന്നുള്ള രണ്ട് പ്രധാനപ്പെട്ട അപ്കമിംഗ് ചിത്രങ്ങളായ കല്‍ക്കി 2, സ്പിരിറ്റ് എന്നിവയില്‍ നിന്നുള്ള ബോളിവുഡ് താരം ദീപിക പദുകോണിന്‍റെ പിന്മാറ്റം സിനിമാമേഖലയ്ക്ക് അകത്തും പുറത്തും ചര്‍ച്ചയായിരുന്നു. 8 മണിക്കൂര്‍ ജോലി സമയം അടക്കമുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് നിര്‍മ്മാതാക്കളുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയിലാണ് ഈ പിന്മാറ്റം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒരു തൊഴില്‍ മേഖല എന്ന നിലയില്‍ സിനിമാ മേഖലയിലെ തൊഴില്‍ സാഹചര്യങ്ങള്‍ ദീപികയുടെ പിന്മാറ്റത്തെത്തുടര്‍ന്ന് വീണ്ടും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്‍റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയുടെ പ്രൊഡ്യൂസേഴ്സ് റൗണ്ട് ടേബിള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.
ഓരോ ഭാഷാ സിനിമാ മേഖലകള്‍ക്കും ഓരോ പ്രവര്‍ത്തന രീതിയാണ് ഉള്ളതെന്നും ഒരാള്‍ പെട്ടെന്ന് വിചാരിച്ചാല്‍ മാറ്റാനാവുന്നതല്ല അതെന്നും ദുല്‍ഖര്‍ പറഞ്ഞു. മലയാളത്തില്‍ ഒരു സിനിമയുടെ ചിത്രീകരണം ആരംഭിച്ചാല്‍ അത് പൂര്‍ത്തിയാക്കുക എന്നത് മാത്രമായിരിക്കും അണിയറക്കാരുടെ ലക്ഷ്യം. മിക്കപ്പോഴും അതത് ദിവസത്തെ ചിത്രീകരണം എപ്പോള്‍ തീരും എന്നത് നമുക്ക് അറിയുന്നുണ്ടാവില്ല. ഒരു ദിവസം പാക്കപ്പ് വിളിക്കുമ്പോള്‍ എല്ലാവരും ആഹ്ലാദത്തോടെ കൈയടിക്കുന്നതിന് ഒരു കാരണം അത്രയും കഠിനമായ ജോലിയിലൂടെയാണ് അവര്‍ കടന്നുപോയിട്ടുണ്ടാവുക എന്നതാണ്. ആദ്യ തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ വൈകിട്ട് 6 മണിക്ക് ഷൂട്ടിംഗ് തീരും. വീട്ടില്‍ പോകാം. എനിക്ക് സന്തോഷം പകര്‍ന്ന പുതിയ അനുഭവമായിരുന്നു അത്. പക്ഷേ ഒരു മാസത്തെ ഡേറ്റ് എന്ന് പറഞ്ഞ് ആരംഭിച്ച ചിത്രം പൂര്‍ത്തിയാവാന്‍ 9 മാസങ്ങള്‍ എടുത്തു. തമിഴില്‍ ചെയ്യപ്പോള്‍ അവിടെ രണ്ടാമത്തെ ഞായറാഴ്ച അവധി ആയിരിക്കും. ചിത്രീകരണം ഉണ്ടാവില്ല, ദുല്‍ഖര്‍ പറഞ്ഞു.
ഞാന്‍ ആദ്യമായി ഒരു ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങിയപ്പോള്‍ ആളുകള്‍ക്ക് അധികം സമ്മര്‍ദ്ദം കൊടുത്ത് പണി എടുപ്പിക്കരുത് എന്നായിരുന്നു എന്‍റെ ആഗ്രഹം. പക്ഷേ ചിത്രീകരണം ആരംഭിച്ചപ്പോഴത്തെ യാഥാര്‍ഥ്യം മറ്റൊന്നായിരുന്നു. താരങ്ങളുടെ ഡേറ്റ്, ചില ലൊക്കേഷനുകളില്‍ വേഗത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കേണ്ടതിന്‍റെ ആവശ്യകതയൊക്കെ ഉണ്ടായിരുന്നു. അതിനാല്‍ത്തന്നെ അങ്ങനെ മാറ്റങ്ങളൊന്നും കൊണ്ടുവരാന്‍ സാധിച്ചില്ല, ദുല്‍ഖര്‍ പറയുന്നു. മറ്റൊരു തൊഴില്‍ മേഖലയെപ്പോലെ സിനിമയെ കാണരുതെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത തെലുങ്ക് താരം റാണ ദഗുബാട്ടിയുടെ അഭിപ്രായം. സിനിമ എന്നത് ഒരു ലൈഫ് സ്റ്റൈല്‍ ആണ്. അത് നിങ്ങള്‍ക്ക് വേണോ വേണ്ടയോ എന്നതാണ് ചോദ്യം. നിങ്ങള്‍ അതില്‍ ഉണ്ടെങ്കില്‍ അതിന്‍റെ രീതികള്‍ക്കൊപ്പം മുന്നോട്ട് പോയേ പറ്റൂ, റാണ ദഗുബാട്ടി പറഞ്ഞു.